സുനില്‍ ഗംഗോപാധ്യായ അന്തരിച്ചു

October 23, 2012 ദേശീയം

കൊല്‍ക്കത്ത: കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനും ബംഗാള്‍ സാഹിത്യത്തിലെ പ്രമുഖനുമായ  സുനില്‍ ഗംഗോപാധ്യായ (78) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പുലര്‍ച്ചെ 2.5ഓടെ കൊല്‍ക്കത്തയിലെ വീട്ടില്‍വെച്ചായിരുന്നു  മരണം. ബോസ്റ്റണില്‍ നിന്നും അദ്ദേഹത്തിന്റെ മകന്‍ എത്തിയ ശേഷം  സംസ്‌കാര ചടങ്ങുകള്‍ നടക്കും.

1934ല്‍ സെപ്റ്റംബര്‍ ഏഴിന് ഇന്നത്തെ ബംഗ്ലാദേശിലെ ഫരീദ്പൂറിലാണ് അദ്ദേഹത്തിന്റെ ജനനം. സുരേന്ദ്രനാഥ് കോളേജ്, ദംദം മോട്ടിലാല്‍ കോളേജ്, സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം, ബിരുദം എന്നിവ പൂര്‍ത്തിയാക്കിയ അദ്ദേഹം 1954ല്‍ കല്‍ക്കട്ട യൂണിവേഴ്സ്റ്റിയില്‍ നിന്നും ബംഗാളിയില്‍ ബിരുദാനന്തര ബിരുദം നേടി.

1953ല്‍ കൃതിബാസ് എന്ന മാഗസിന്‍ ആരംഭിച്ചു. പിന്നീട് കൊല്‍ക്കത്തയിലെ പ്രമുഖ പ്രസാധകരായ ആനന്ദബസാര്‍ ഗ്രൂപ്പിനു വേണ്ടി എഴുതിത്തുടങ്ങി. നിരവധി വര്‍ഷങ്ങളോളം ഇദ്ദേഹം ആനന്ദ ബസാറിനു വേണ്ടി എഴുത്ത് തുടര്‍ന്നു.

ചെറുകഥ, നോവല്‍, തിരക്കഥ, നിരൂപണം, യാത്രാ വിവരണം, കവിത എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ സാന്നിധ്യമറിയിച്ച അദ്ദേഹം ഇരുനൂറിലേറെ കൃതികള്‍ രചിച്ചു. നികിലേഷ്, നീര എന്നീ കഥാപാത്രങ്ങളെ കേന്ദ്രമാക്കി അദ്ദേഹം രചിച്ച കവിത ഏറെ പ്രശസ്തമായിരുന്നു.

സീ സമയ് എന്ന അദ്ദേഹത്തിന്റെ കൃതിക്ക് 1985ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. നില്‍ ലോഹിത്, സന്താന്‍ പതക്, നില്‍ ഉപാദ്ധ്യായ എന്നീ പേരുകളില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ പ്രദം അലോ, പര്‍ഭോ പാസ്ചിം എന്നിവയാണ്. 1982ല്‍ അദ്ദേഹം ബെങ്കിം പുരസ്‌കാരം കരസ്ഥമാക്കി. കൂടാതെ 1972ലും 1989ലും ആനന്ദ പുരസ്‌കാര്‍ അവാര്‍ഡും സ്വന്തമാക്കി. ഭാര്യ: സ്വാതി ഗംഗോപാധ്യായ, മകന്‍ സൗവിക്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം