കൊച്ചി മെട്രോ: മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും

October 24, 2012 പ്രധാന വാര്‍ത്തകള്‍

* നിര്‍മാണ ചുമതല ഡി.എം.ആര്‍.സിക്ക് തന്നെ

* തിരുവനന്തപുരം മോണോ റെയിലും ഡി.എം.ആര്‍.സിയ്ക്ക് നല്‍കിയേക്കും

തിരുവനന്തപുരം:  കൊച്ചി മെട്രോ പദ്ധതിയുടെ നിര്‍മാണ ചുമതല ഡി.എം.ആര്‍.സിക്ക് തന്നെയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  ഇ. ശ്രീധരനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഇ. ശ്രീധരന്റെ മേല്‍നോട്ടത്തില്‍ തന്നെയാവും പദ്ധതി പൂര്‍ത്തിയാക്കുക. കരാറായാല്‍ മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട്,  തിരുവനന്തപുരം മോണോ റെയില്‍ പദ്ധതിയുടെ നിര്‍മാണച്ചുമതലയും ഡി.എം.ആര്‍.സിയ്ക്ക് തന്നെയായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഡി.എം.ആര്‍.സിക്ക് തന്നെ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്ര നഗരവികസന മന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തുന്നതിന് മുഖ്യമന്ത്രി അടുത്ത ദിവസം ഡല്‍ഹിയിലേക്ക് പോകും. ആവശ്യമെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതുമായും ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍