ദക്ഷിണമൂകാംബികയില്‍ വിദ്യാരംഭത്തിന് വന്‍തിരക്ക്

October 24, 2012 കേരളം,ക്ഷേത്രവിശേഷങ്ങള്‍

കോട്ടയം: വിജയദശമി ദിനമായ ഇന്ന് സരസ്വതി ക്ഷേത്രങ്ങളിലും കളരികളിലും വിവിധ സ്ഥാപനങ്ങളിലും പൂജയെടുപ്പും വിദ്യാരംഭവും നടത്തി. ദക്ഷിണമൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തില്‍ വിദ്യാരംഭത്തിന് വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ദക്ഷിണമൂകാംബിയില്‍ നവരാത്രി കാലത്തെ അതിവിശിഷ്ടമായ ചടങ്ങായ വിദ്യാരംഭം പുലര്‍ച്ചെ നാലിന് ആരംഭിച്ചു. തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും മറ്റ് ആചാര്യന്‍മാരുടേയും മുഖ്യകാര്‍മികത്വത്തില്‍ രാവിലെ പൂജയെടുപ്പു നടന്നു. തുടര്‍ന്ന് സരസ്വതി മണ്ഡപത്തില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിച്ചു. പ്രത്യേകം തയാറാക്കിയ അക്ഷരത്തറയില്‍ ആചാര്യന്‍മാര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു. കുമാരനല്ലൂര്‍, മള്ളിയൂര്‍ ,സൂര്യകാലടി, കോട്ടയം, പളളിപ്പുറത്തു കാവിനു സമീപം കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ജന്മഗൃഹം എന്നിവിടങ്ങളിലും വിദ്യാരംഭം നടത്തി. ജില്ലയിലെ വിവിധ ആശാന്‍ കളരികളിലും വിവിധ സ്ഥാപനങ്ങളിലും ആദ്യാക്ഷരം കുറിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്നു.

ദക്ഷിണമൂകാംബിയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്നു സമാപനം കുറിക്കുമ്പോള്‍ നിരവധി കലാപരിപാടികളാണ് ഇന്നു നടക്കുന്നത്. ഐഡിയസ്റാര്‍ സിംഗര്‍ ഫെയിം സന്നിധാനന്ദന്‍ നയിക്കുന്ന ഗാനമേള ഇന്നു വൈകുന്നേരം ആറിനു നടക്കും. കലാമണ്ഡപത്തില്‍ രാവിലെ സംഗീതാര്‍ച്ചന ആരംഭിച്ചു. ഉച്ചയോടെ മൃദംഗ ലയവിന്യാസം, ഓര്‍ഗണ്‍ കച്ചേരി, വീണ കച്ചേരി, മുഖര്‍ശംഖ്, എന്നിവ നടക്കും. രാത്രി ഏഴിനു ശേഷം നൃത്തനൃത്ത്യങ്ങള്‍ ആരംഭിക്കും. ഇന്ന് അര്‍ധരാത്രി വരെ കലാപരിപാടികള്‍ തുടരും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം