ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് മറഡോണ കണ്ണൂരിലെത്തി

October 24, 2012 കായികം,പ്രധാന വാര്‍ത്തകള്‍

കണ്ണൂര്‍: പതിനായിരങ്ങള്‍ക്ക് ആവേശവും ആഘോഷവുമായി ഡീഗോ മറഡോണ രംഗത്തെത്തി. കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെത്തിയ ഫുട്ബോള്‍താരത്തെ ഒരു നോക്കുകാണാനായി ഒഴുകിയെത്തിയ പതിനായിരങ്ങളായിരുന്നു. പാടിയും കാല്‍പ്പന്തില്‍ തന്റെ മാന്ത്രികത പുറത്തെടുത്തും ആരാധകര്‍ക്ക് അദ്ദേഹം ആവേശം പകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ച 5.40ന് ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. അവിടെനിന്ന് അദ്ദേഹം പ്രത്യേക ഹെലികോപ്റ്ററില്‍ രാവിലെ 8.35ന് കണ്ണൂരിലെത്തി. ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ ജുവലറിയുടെയും ഹെലിടാക്‌സി സര്‍വീസിന്റെയും ഉദ്ഘാടനത്തിനാണു മറഡോണ കണ്ണൂരില്‍ എത്തിയത്.

രാവിലെ പതിനൊന്നരയോടെയാണ് ഡീഗോ കണ്ണൂര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ആരാധകരുടെ മുന്നിലെത്തിയത്.  ആരാധകരെ അഭിവാദ്യം ചെയ്തും സ്പാനിഷ് ഗാനം പാടിയും നൃത്തം വെച്ചും മറഡോണ കേരളത്തിലെ ഫുട്‌ബോള്‍ സ്‌നേഹികളുടെ മനം കവര്‍ന്നു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐഎം വിജയനുമൊപ്പം മറഡോണ അല്‍പ്പസമയം പന്തുതട്ടി. തുടര്‍ന്ന് കേക്ക് മുറിച്ചുകൊണ്ടുള്ള മറഡോണയുടെ പിറന്നാള്‍ ആഘോഷവും നിറഞ്ഞുകവിഞ്ഞ ആരാധകര്‍ക്കു മുന്നില്‍ നടന്നു. ഇതിനിടയില്‍ ഞാന്‍ കേരളത്തെ സ്‌നേഹിക്കുന്നുവെന്ന് ഫുട്‌ബോള്‍ ദൈവം ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ ആരാധകര്‍ ഹര്‍ഷാരവത്തോടെയാണ് ആ വാക്കുകളെ എതിരേറ്റത്.

മറഡോണയെ കാണാന്‍ വിപുലമായ സൗകര്യങ്ങളാണു സംഘാടകര്‍ ഒരുക്കിയിട്ടുണ്ടായിരുന്നത്. നേരില്‍ കാണാനാകാത്തവര്‍ക്കായി തത്സമയ സംപ്രേഷണവുമായി നഗരത്തിലെ 15 കേന്ദ്രങ്ങളില്‍ എല്‍.ഇ.ഡി. ടിവി സ്ഥാപിച്ചിരുന്നു. ഉദ്ഘാടനച്ചടങ്ങിനു ശേഷം ഹെലികോപ്റ്ററില്‍ കോഴിക്കോട്ടെത്തി വിമാനമാര്‍ഗം ദുബായിലേക്കു പോകും. മറഡോണയെ സര്‍ക്കാരിന്റെ അതിഥിയായി സംസ്ഥാന മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ കാണാന്‍ സംസ്ഥാന മന്ത്രിമാരുടെ വന്‍പട തന്നെ കണ്ണൂരിലെത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം