ഇറ്റാലിയന്‍ നാവികരെ അറസ്റ്റു ചെയ്തതില്‍ ഫെരാരി പ്രതിഷേധിക്കും

October 25, 2012 ദേശീയം

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ അറസ്റ്റു ചെയ്തതില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ ഇറ്റാലിയന്‍ കമ്പനി ഫെരാരി പ്രതിഷേധിക്കും. ഇറ്റാലിയന്‍ നാവികസേനയുടെ പതാക പതിച്ച കാറുകള്‍ മത്സരത്തിനുപയോഗിച്ചായിരിക്കും കമ്പനിയുടെ പ്രതിഷേധം.  നാവികരെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണ് ഫെരാരിയുടെ ആവശ്യം. 16 റൗണ്ട് പിന്നിട്ട ഫോര്‍മുല വണ്ണിന്റെ ഈ സീസണില്‍ ആദ്യമായിട്ടാണ് ഒരു ടീം നയതന്ത്രപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് പ്രതിഷേധത്തിനിറങ്ങുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമായ നാവികസേനയോടുള്ള ആദരസൂചകമായാണ് നടപടിയെന്ന് ഫെരാരിയുടെ വെബ് സൈറ്റില്‍ പറയുന്നു. രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള ഇന്ത്യയുടെ ഉറച്ച നിലപാടിനിടെയാണ് ഇറ്റലിയില്‍ നിന്നുമുള്ള വേറിട്ട പ്രതിഷേധം.

വെള്ളിയാഴ്ച്ച നടക്കുന്ന പരിശീലന മത്സരത്തിലും ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന യോഗ്യതാ, ഫൈനല്‍ മത്സരങ്ങളിലും നാവികസേനയുടെ പതാകയേന്തിയായിട്ടായിരിക്കും ഫെരാരി താരങ്ങള്‍ ഇറങ്ങുക. സീസണില്‍ മികച്ച പോയിന്റെ നേടിയ റെഡ് ബുള്‍ താരം സെബാസ്റ്റിയന്‍ വെറ്റലിന്റെ മുഖ്യ എതിരാളി ഫെരാരിയുടെ ഫെര്‍ണാണ്ടോ അലന്‍സോയാണ്. ഇരുവരും തമ്മിലുള്ള മത്സരം ഗ്രാന്‍ഡ് പ്രിക്‌സില്‍ ഏറ്റവും ശ്രദ്ധേയമെന്നത് കൊണ്ട് തന്നെ പ്രതിഷേധത്തിന് മികച്ച മാധ്യമ ശ്രദ്ധ ലഭിക്കുമെന്നാണ് കമ്പനി കരുതുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം