സൗഹൃദഫുട്‌ബോള്‍ മത്സരം:ഖനിയില്‍ കുടുങ്ങിയവര്‍ രക്ഷിച്ചവരോട് തോറ്റു

October 26, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

സാന്റിയാഗോ: ചിലിയിലെ ഖനിയില്‍ നിന്ന് രക്ഷപ്പെട്ടവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും തമ്മില്‍ നടന്ന സൗഹൃദഫുട്‌ബോള്‍ മത്സരത്തില്‍ രക്ഷപ്പെട്ടവര്‍ തോറ്റു. സാന്റിയാഗോ നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്.  ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറയും മത്സരത്തില്‍ പങ്കെടുത്തു. രക്ഷാപ്രവര്‍ത്തകരുടെ ടീമിലെ സെന്റര്‍ ഫോര്‍വേഡായിരുന്നു അദ്ദേഹം. രണ്ടു ടീമിലും തിനാറംഗങ്ങളുണ്ടായിരുന്നു.
40 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ മൂന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ വിജയിച്ചത്. മത്സരത്തില്‍ തോറ്റവരോട് ‘നിങ്ങള്‍ ഖനിയിലേക്ക് മടങ്ങിപ്പോകുന്നതാണ് നല്ലതെന്ന്’ പിനേറ ഫലിതം പറഞ്ഞു. തുടര്‍ന്ന് ഇരുടീമുകള്‍ക്കും പ്രസിഡന്റ് മെഡലുകള്‍ വിതരണം ചെയ്തു. മത്സരം കാണാന്‍ ഖനിത്തൊഴിലാളികളുടെ ബന്ധുക്കളുമെത്തിയിരുന്നു.
ചിലിയിലെ സാന്‍ജോസ് ഖനിയില്‍ കുടുങ്ങിയ 33 പേരെയും 22 മണിക്കൂറിലേറെ നീണ്ട അതി സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് പുറത്തെത്തിച്ചത്. അറ്റക്കാമ മരുഭൂമിക്കു താഴെ മണ്ണിനടിയില്‍ 2,041 അടി ആഴത്തില്‍ മരണത്തെ ചെറുത്തു തോല്പിച്ച് പത്താഴ്ചയാണ് ഇവര്‍ പിടിച്ചു നിന്നത്.
ആഗസ്ത് അഞ്ചിനാണ് സാന്‍ ജോസ് ചെമ്പു സ്വര്‍ണ ഖനിയിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് തൊഴിലാളികള്‍ അകത്തു കുടുങ്ങിപ്പോയത്. ഉള്ളിലെ സുരക്ഷാ അറയില്‍ അവരെല്ലാവരും ജീവനോടെയുണ്ടെന്നു മനസ്സിലായത് പതിനേഴു ദിവസത്തിനു ശേഷം.
സമ്പത്തിലോ സാങ്കേതിക പുരോഗതിയിലോ എണ്ണംപറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലിടമില്ലെങ്കിലും എന്തു വിലകൊടുത്തും അവരെ രക്ഷിച്ചെടുക്കാന്‍ തന്നെ ചിലി ഭരണകൂടം തീരുമാനിച്ചു. ആ ഭഗീരഥ യത്‌നമാണ് വിജയത്തിലെത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍