ഹാസ്യനടന്‍ ജസ്പാല്‍ ഭട്ടി വാഹനാപകടത്തില്‍ മരിച്ചു

October 26, 2012 ദേശീയം

ചണ്ഡീഗഢ്:  പ്രശസ്ത ഹാസ്യനടനും സംവിധായകനുമായ ജസ്പാല്‍ ഭട്ടി (57) വാഹനാപകടത്തില്‍ മരിച്ചു. മകനടക്കം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു.

പഞ്ചാബിലെ ഷാകോട്ടില്‍ പുലര്‍ച്ചെ 2.30-നാണ്  അപകടമുണ്ടായത്. അദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ടാണ് അപകടം. തന്റെ പുതിയ ചിത്രത്തിന്‍റെ  പ്രചാരണാര്‍ഥമുള്ള പരിപാടിക്കായി ഭട്ടിന്‍ഡയില്‍നിന്ന് ജലന്ധറിലേക്ക് പോവുകയായിരുന്നു ഭട്ടി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ജലന്ധറിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാറോടിച്ച മകന്‍ ജസ്‌രാജ്, ‘പവര്‍കട്ടി’ലെ നായിക സുറിലീ ഗൗതം, ചിത്രത്തിന്റെ പ്രമോട്ടര്‍ നവനീത് ജോഷി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ദൂരദര്‍ശനിലൂടെ പ്രസിദ്ധമായ  ‘ഉള്‍ട്ടാ പുള്‍ട്ടാ’, ‘ഫേ്‌ളാപ്പ്‌ഷോ’ എന്നീ പരിപാടികളിലൂടെ കുടുംബസദസ്സുകളുടെ പ്രിയങ്കരനായി മാറിയ ഭട്ടി പിന്നീട് ഒട്ടേറെ പഞ്ചാബി ചിത്രങ്ങള്‍ സംവിധാനംചെയ്തു. ബോളിവുഡ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സവിതയാണ് ഭട്ടിയുടെ ഭാര്യ. ജസ്‌രാജിനെക്കൂടാതെ റാബിയ എന്ന മകളുമുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം