‘സബ് തജ് ഹരി ഭജ്’

October 28, 2012 സനാതനം

സവ്യസാചി

ജൂനഗഡിലെ സമ്പന്നനായ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു ഭക്തകവിയായ നരസിംഹമേത്ത ഭൂജാതനായത്. ഭഗവത്ഭക്തിയും ദാനശീലവും അദ്ദേഹത്തില്‍ സഹചമായിരുന്നു. പ്രപഞ്ചത്തിലെ ഓരോ അണുവിലും ഈശ്വര ചൈതന്യം ദര്‍ശിച്ച മേത്ത ജാതികള്‍ക്കതീതമായി ചിന്തിച്ചു. ‘ സബ് തജ് ഹരി ഭജ്’ അല്ലെങ്കില്‍ എല്ലാം ത്യജിക്കൂ ഹരിയെ ഭജിക്കൂ. എന്നായിരുന്നു മേത്ത ഉപദേശിക്കാറ്. എന്നാല്‍ മേത്തയുടെ ഇത്തരം കാഴ്ചപ്പാടുകളോട് അതൃപ്തിയുണ്ടായിരുന്ന പലരും അക്കാലത്ത് ജീവിച്ചിരുന്നു. ഹ്രസ്വദൃഷ്ടികളും യാഥാസ്ഥികരുമായിരുന്നു അവര്‍. ഇവയെ ഗൗനിക്കാതെ തന്റെ ചിന്താപദ്ധതിയിലൂടെ മുന്നേറിയിരുന്ന മേത്തയെ ബന്ധുക്കളും സുഹൃത്തുക്കളും കൈയൊഴിയുകയും ചെയ്തു.

അങ്ങനെയിരിക്കെ തന്റെ മകളുടെ വിവാഹക്കാര്യത്തില്‍ ഇത്തരക്കാരുടെ നിസ്സഹകരണം പ്രശ്‌നങ്ങളെ സൃഷ്ടിച്ചു. ഇതില്‍ മേത്തയുടെ ഭാര്യ മേനകാഭായി കുണ്ഠിതപ്പെട്ടുവെങ്കിലും അദ്ദേഹം നിശ്ചിന്തനായി നിലകൊണ്ടു.

വേദന കടിച്ചമര്‍ത്താനാവാതെ മേനകാഭായി ഒരു ദിവസം തന്റെ വ്യഥയുടെ കെട്ടഴിച്ചു. ‘പ്രാണനാഥാ എത്രകാലമാണ് നമ്മുടെ മകളെ ഇവിടെ ഇങ്ങനെ നിര്‍ത്തുക. ഈശ്വരനൊഴികെ കടുംബത്തെക്കുറിച്ചെന്തേ അങ്ങ് ചിന്തിക്കാത്തത്. നമ്മുടെ സമ്പത്ത് മുഴുവന്‍ അങ്ങ് ദാനം ചെയ്തു. പണമില്ലെങ്കില്‍ മകളെ എങ്ങനെ വധുവിന്റെ ഗൃഹത്തിലേക്ക് സുമംഗലിയായി അയക്കും.’. ധര്‍മ്മപത്‌നിയുടെ വികാരപ്രകടനത്തെ പുഞ്ചിരിയാല്‍ അടക്കിക്കൊണ്ട് നരസിംഹമേത്ത ഇങ്ങനെ പറഞ്ഞു. പ്രിയേ ഭവതി വ്യാകുലപ്പെടുന്നതെന്തിന്? ദ്വാരാകാധീശനെ സമ്പൂര്‍ണ്ണ സമര്‍പ്പണം ചെയ്യുക. ഇന്നലെ രാത്രി എനിക്ക് ഭഗവാന്റെ സ്വപ്‌ന ദര്‍ശനം ഉണ്ടായി. ആ കരുണാമൂര്‍ത്തി ഇപ്രകാരം അരുളിചെയ്തു. ‘മകളുടെ വിവാഹകാര്യത്തില്‍ ആശങ്കിക്കരുത്. മഹാലക്ഷ്മിതന്നെയായ അവളുടെ വിവാഹകാര്യം ഞാന്‍ തന്നെ ശരിയാക്കുന്നതാണ്. നിനക്ക് പണം ആവശ്യമുണ്ടെന്ന് കാണിച്ച് ദ്വാരകാപുരിയിലെ സേട്ട് സമല്‍ദാസിന് ഒരു ശീട്ട് കൊടുത്തയക്കൂ. നിനക്ക് വേണ്ടത്ര പണം ലഭിക്കുന്നതാണ്. ഭവതീ ഇനി എന്തിനാണ് കല്ല്യാണക്കാര്യത്തില്‍ പ്രയാസപ്പെടുന്നത്’

ഇതുകേട്ട് മേനകാഭായി അതീവ സന്തുഷ്ടയാവുകയും ഭര്‍ത്താവിനെ വേദനിപ്പിച്ചതില്‍ പശ്ചാത്തപിക്കുകയും ചെയ്തു. നരസിംഹമേത്ത ശീട്ട് എഴുതിത്തുടങ്ങി. ഈ സമയം മേനകാഭായി വിശ്വസ്തനായ ഒരാളെ തെരഞ്ഞെടുക്കുകയായിരുന്നു. അവസാനം അവരുടെ കാലികളെ മേയ്ക്കുന്ന ആളെ കച്ചീട്ട് ഏല്‍പ്പിച്ച് ദ്വാരകയിലെ സേട്ടിനു സമീപം പറഞ്ഞയച്ചു.

ഇതേസമയം തന്നെ ദ്വാരകയിലേക്കുള്ള തീര്‍ത്ഥയാത്രികരായി നാലഞ്ചുപേര്‍ കാലിമേയ്ക്കുന്നവന്റെ വീട്ടില്‍ താമസിച്ചിരുന്നു. അവരുടെ പക്കല്‍ ആവശ്യത്തിലധികം ഉണ്ടായിരുന്ന ആയിരത്തിയഞ്ഞൂറുരൂപ കള്ളന്മാരെ ഭയന്ന് കൊണ്ടുപോകാതിരിക്കാനുള്ള വഴികള്‍ ആരംഭിക്കുകയായിരുന്നു.

ഈ സമയത്താണ് കച്ചീട്ടിനെക്കുറിച്ച് കാലിമേയ്ക്കുന്നവരില്‍ നിന്ന് അവര്‍ അറിഞ്ഞത്. ഇതു തങ്ങളുടെ സൗഭാഗ്യമാണെന്ന് കരുതി നരസിംഹമേത്തായ്ക്ക് പണം കൊടുത്ത് കശ്ചീട്ടുവാങ്ങുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അവര്‍ നരസിംഹമേത്തയുടെ അടുത്തെത്തി കാര്യം പറഞ്ഞു. വളരെ സന്തോഷത്തോടെ യാത്രികരുടെ പേരില്‍ കശ്ചീട്ട് എഴുതിക്കൊടുക്കുകയും രൊക്കംസംഖ്യ കൈപ്പറ്റുകയും ചെയ്തു. വൈകാതെ തന്നെ നരസിംഹമേത്തയുടെ മകളുടെ വിവാഹം നടന്നു.

ദ്വാരകയിലെത്തിയ തീര്‍ത്ഥാടകര്‍ സേട്ട് സമല്‍ദാസിനെ അന്വേഷിച്ചു. അങ്ങനെ ഒരാള്‍ ആ പ്രദേശത്ത് താമസിക്കുന്നതായി അറിവില്ലെന്ന് തദ്ദേശവാസികളില്‍നിന്ന് അറിവ് ലഭിക്കുകയാല്‍ തീര്‍ത്ഥാടകര്‍ വിഷമത്തിലായി.

പിന്നീട് നടന്ന സംഭവം വളരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. താന്‍ സമല്‍ദാസാണെന്ന് സ്വയം പരിചയപ്പെടുത്തി ഒരാള്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.

ഉടന്‍തന്നെ ആയിരത്തിയഞ്ഞൂറുരൂപയുടെ കശ്ചീട്ട് അവര്‍ കാണിച്ചു അപ്പോള്‍ സമല്‍ദാസ് പറഞ്ഞു’ ഞാന്‍ രണ്ടായിരം രൂപ കൊണ്ടുവന്നിട്ടുണ്ട്. ആ തുകയ്ക്കുള്ള കച്ചീട്ട് സ്വീകരിക്കും.’ ‘ സേട്ട്ജി, അത് ബുദ്ധിമുട്ടാണ് കൂടുതല്‍ സംഖ്യ എങ്ങനെയാണ് ഞാന്‍ സ്വീകരിക്കുക’

‘ അക്കാര്യമല്ലാം ഞാന്‍ ശരിയാക്കാം. നിങ്ങള്‍ കശ്ചീട്ട് തന്ന് പണം സ്വീകരിക്കൂ’. സേട്ട് ജി സ്‌നേഹപൂര്‍വ്വം പറഞ്ഞു. ‘ ഞങ്ങളുടെ കൈയ്യില്‍ പേനയില്ലാതെ എങ്ങനെ ഒപ്പുവയ്ക്കും. ? ‘ തീര്‍ത്ഥാടകര്‍ ചോദിച്ചു. ‘ അത് കാര്യമാക്കേണ്ട ഉത്തമവിശ്വാസത്തിലാണ് ഞാന്‍ ഇടപാടുകള്‍ നടത്താറുള്ളത്.’ സേട്ട് മറുപടി പറഞ്ഞു. അങ്ങനെ അവര്‍ സംഖ്യ സ്വീകരിച്ച സന്തോഷത്തോടെ തിരിച്ചുപോയി.

സേട്ട് സമല്‍ദാസിന്റെ രൂപത്തില്‍ സാക്ഷാല്‍ ഭഗവാന്‍ തന്നെയായിരുന്നു മുമ്പില്‍ പ്രത്യക്ഷമായതെന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം