എന്‍ഡോസള്‍ഫാന്‍ നിരോധനം: കേന്ദ്രനിലപാടിനെതിരെ വി.എസും സുധീരനും

October 26, 2010 കേരളം

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേന്ദ്രസഹമന്ത്രി കെ.വി. തോമസിന്റെ നിലപാട് മോശമായിപ്പോയെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത കേരളാ എം.പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കണക്കില്ലാത്തത്ര നാശനഷ്ടങ്ങള്‍ക്കും നിരവധി പേരുടെ മരണത്തിനും കാരണമായ എന്‍ഡോസള്‍ഫാന് അനുകൂലമായ കെ.വി. തോമസിന്റേയും കേന്ദ്രത്തിന്റേയും നിലപാട് തിരുത്താന്‍ എം.പിമാര്‍ തയ്യാറാകണമെന്നും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞ നടപടി പുനസ്ഥാപിക്കണമെന്നും വി.എസ്. പറഞ്ഞു.  ലോട്ടറികളെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാന്‍ എംപിമാര്‍ ഇടപെടണം. കേരളത്തിന് ഐ.ഐ.ടി. അനുവദിക്കാന്‍ എം.പിമാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതങ്ങളുടെ ജീവിക്കുന്ന ഇരകള്‍ ഉള്ള ഒരു രാജ്യമായിട്ടുപോലും കേന്ദ്രസര്‍ക്കാരും കേന്ദ്രസഹമന്ത്രി കെ.വി. തോമസും എടുത്ത നിലപാടിനോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പ്രതികരിച്ചു. എന്‍ഡോസള്‍ഫാനെതിരായ ഏറ്റവും വലിയ സാക്ഷികള്‍ ദുരിതം അനുഭവിച്ച ജനങ്ങളാണ്. പല സംഘടനകളും നടത്തിയ പഠനങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായി പറഞ്ഞിട്ടുണ്ട്.
76 ഓളം രാജ്യങ്ങള്‍ ഇതിനകം നിരോധിച്ചുകഴിഞ്ഞ ഒരു കീടനാശിനി നിരോധിക്കുന്നതിന് എതിരെ കേന്ദ്രം നിലപാടെടുത്തത് ശരിയായില്ലെന്നും സുധീരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ എന്ന കാര്യം വിശദമായ പഠനത്തിന് ശേഷമേ തീരുമാനിക്കൂവെന്ന് കഴിഞ്ഞദിവസം കെ.വി. തോമസ് പറഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം