ഭൂവിനിയോഗ ബില്ലിനെക്കുറിച്ച് റവന്യൂവകുപ്പിന് അറിയില്ലെന്ന് അടൂര്‍ പ്രകാശ്

October 29, 2012 കേരളം

പത്തനംതിട്ട: നിയമവകുപ്പ് കൊണ്ടുവന്ന ഭൂവിനിയോഗ ബില്ലിനെക്കുറിച്ച് റവന്യൂവകുപ്പിന് അറിയില്ലെന്ന് വകുപ്പുമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമി സംബന്ധമായ ഒരു പുതിയ നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ റവന്യൂവകുപ്പാണ് മുന്‍കൈയെടുത്ത് നടത്തേണ്ടതെന്നും റവന്യൂവകുപ്പുമായി കൂടിയാലോചന ഉണ്ടാകേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഭൂവിനിയോഗ ബില്ലുമായി ബന്ധപ്പെട്ട് നിയമവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടികളെക്കുറിച്ച് പരിശോധിക്കും.

യുഡിഎഫിലും കോണ്‍ഗ്രസിലും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 2002 ലെ കേരള ഭൂവിനിയോഗ ബില്ല് വീണ്ടും അവതരിപ്പിക്കാനുള്ള നിയമവകുപ്പിന്റെ ശ്രമമാണ് വിവാദമായത്. അഭിപ്രായമറിയിക്കാനായി ബില്ലിന്റെ കരട് നിയമവകുപ്പ് മറ്റ് വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തതോടെയാണ് ഈ നീക്കം പുറത്തുവന്നത്. ഭൂവിനിയോഗ ഉത്തരവിനെയും തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെയും അട്ടിമറിക്കുന്നതാണ് ബില്ല്. നെല്‍വയലുകള്‍ ഉള്‍പ്പെടെയുള്ള കൃഷിഭൂമികള്‍ വ്യവസായങ്ങള്‍ക്കും വിനോദസഞ്ചാരത്തിനും അനുവദിക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്. വി.എം സുധീരനും ടി.എന്‍ പ്രതാപനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബില്ലിനെതിരേ രംഗത്ത് വന്നിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം