കൊച്ചി മെട്രോ: ഡിഎംആര്‍സിക്ക് പരിമിതിയുണ്ടെന്ന് കമല്‍നാഥ്

October 29, 2012 കേരളം

ന്യൂഡല്‍ഹി: ഡിഎംആര്‍സിക്ക് കൊച്ചി മെട്രോയുടെ നിര്‍മാണം ഏറ്റെടുക്കുന്നതില്‍ പരിമിതിയുണ്ടെന്ന് കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ് വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഡല്‍ഹി മെട്രോയുടെ മൂന്നാം ഘട്ടം പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഗുരുതരമായ പ്രശ്നങ്ങള്‍ കണ്ടെത്തിയ എയര്‍പോര്‍ട്ട് പാതയുടെയും മറ്റും അറ്റകുറ്റപ്പണികളും ഡിഎംആര്‍സിയാണ് നടത്തുന്നത്, അതിനാല്‍ ഡിഎംആര്‍സിക്ക് ഇപ്പോള്‍തന്നെ അധികജോലിഭാരമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാരിന്റെ ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ കഴിഞ്ഞ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഡിഎംആര്‍സി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡിഎംആര്‍സിയെ തന്നെ ചുമതലയേല്‍പിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം