കേന്ദ്ര മന്ത്രിമാരും ഷീലയും രാജി വയ്‌ക്കണം: ബിജെപി

October 26, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി അന്വേഷണം നീതിപൂര്‍വകമാകാന്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും രാജിവയ്‌ക്കണമെന്നു ബിജെപി വക്‌താവ്‌ നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. കേന്ദ്രവാര്‍ത്താവിതരണ മന്ത്രി അംബികാ സോണിയുടെ സമ്മതത്തോടെയാണ്‌ ഗെയിംസ്‌ സംപ്രേഷണാവകാശം ബ്രിട്ടനിലെ സിസ്‌ ലൈവ്‌ കമ്പനിക്കു നല്‍കിയതെന്ന പ്രസാര്‍ ഭാരതി സിഇഒ: ബി.എസ്‌. ലല്ലിയുടെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിലാണ്‌ രാജി ആവശ്യം.
ഗെയിംസ്‌ പദ്ധതികളുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരായ അംബികാ സോണി, എസ്‌. ജയ്‌പാല്‍ റെഡ്‌ഡി, എം.എസ്‌. ഗില്‍ എന്നിവരുടെ രാജിയാണ്‌ ബിജെപി ആവശ്യപ്പെടുന്നത്‌.ഗെയിംസ്‌ അഴിമതി വിവരങ്ങള്‍ ശേഖരിക്കാന്‍ ബിജെപി ജനറല്‍ സെക്രട്ടറി വിജയ്‌ ഗോയല്‍ ഇ-മെയില്‍ സംവിധാനം ആരംഭിച്ചു. cwgghotala@gmail.com വിലാസത്തിലേക്ക്‌ വിവരങ്ങള്‍ അയയ്‌ക്കണമെന്ന്‌ ഗോയല്‍ അഭ്യര്‍ഥിച്ചു. വിവരം നല്‍കുന്നവരുടെ വിലാസങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം