പുസ്തകങ്ങള്‍ ജീവിതത്തിന്റെ ഭാഗമല്ലാതായിത്തീരുന്ന അവസ്ഥ ഉണ്ടാകില്ല: എം.ടി

October 31, 2012 കേരളം

തിരുവനന്തപുരം: ദൃശ്യഭാഷയുടെ ഏത് കുത്തൊഴുക്കിലും പുസ്തകവായന മരിക്കില്ല എന്ന് എം.ടി വാസുദേവന്‍നായര്‍ അഭിപ്രായപ്പെട്ടു. വാക്കുകള്‍, അവക്ക് ഇടയിലുള്ള വെളുത്ത വിടവുകള്‍ ഇവ വായനക്കാരെ പുസ്തകത്തോട് അടുപ്പിക്കും. വിശ്വമലയാള മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിച്ച പുസ്തകമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് ഭാഷകളിലുള്ള നന്മകളെ എന്നും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്ന വായനക്കാരുടെ കൂട്ടമാണ് നമുക്ക് ഉള്ളതെന്നും ആ നന്‍മയാണ് പുസ്തകമേളകളെ വിജയിപ്പിക്കുന്നതെന്നും എം.ടി പറഞ്ഞു. പുസ്തകമേളകള്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുവാന്‍ സഹായിക്കുന്നുവെന്നത് സത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ 2012-ലെ പുസ്തകമേളാപുരസ്‌കാരങ്ങള്‍ സമ്മാനിക്കപ്പെട്ടു. കേന്ദ്രമന്ത്രി ഡോ.ശശിതരൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ”മറുപിറവി” എന്ന നോവലിന് പ്രശസ്ത എഴുത്തുകാരന്‍ സേതുവും ”തീക്കുപ്പായം” എന്ന കവിതക്ക് ബൃന്ദയും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യഅക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍  വിശ്വമലയാള മഹോത്സവത്തിന്റെ ഭാഗമാകാന്‍ എം.ടിയെ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു.പ്രൊഫ.തുമ്പമണ്‍ തോമസ് സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ അടുത്ത തലമുറക്കുള്ള സമ്മാനമാണ് തന്റെ നോവലെന്ന് പുരസ്‌കാര ജേതാവ് സേതു പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം