മലയാള സര്‍വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

November 1, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരൂര്‍: മലയാളത്തിന് സ്വന്തമായി സര്‍വകലാശാല നിലവില്‍വന്നു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാള സര്‍വകലാശാല ഉദ്ഘാടനം ചെയ്തു.  മലയാള ഭാഷയ്ക്ക്  ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുകയാണ് അടുത്തലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. എം.ടി വാസുദേവന്‍നായര്‍, ടി പത്മനാഭന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മലയാളം കേരളത്തില്‍ മാത്രം സംസാരിക്കുന്ന ഭാഷയെല്ലന്നും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുള്ള മലയാളികള്‍ ഉപയോഗിക്കുന്ന ഭാഷയെന്ന നിലയ്ക്ക് മലയാളത്തെ ആഗോള ഭാഷയായി കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കിയ നടപടിയുമായി മുന്നോട്ടുപോകും.  ഇതുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ സര്‍ക്കാര്‍ മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എം മാണി, ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍ കുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഇപ്പോള്‍ തിരൂര്‍ തുഞ്ചന്‍സ്മാരക കോളേജിലെ ഒഴിവുള്ള കെട്ടിടങ്ങളിലാണ് സര്‍വകലാശാലയുടെ താത്കാലികപ്രവര്‍ത്തനം തുടങ്ങാമെന്നാണ് ധാരണയായിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം