ജയദേവനും ഗീതാഗോവിന്ദവും

November 4, 2012 സനാതനം

സവ്യസാചി

‘ഗീതാഗോവിന്ദ’ കര്‍ത്താവായ ജയദേവകവിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ഏറെ ഉണ്ടാവില്ല. ഒറീസയിലെ പുരി എന്ന സ്ഥലത്ത് ക്രിസ്തുവര്‍ഷം പത്താം നൂറ്റാണ്ടിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. ബംഗാളിലെ ഒരു ഗ്രാമത്തില്‍ ജീവിച്ചിരുന്ന നാരായണ ശാസ്ത്രിയുടെയും കമലാഭായിയുടെയും മകനായാണ് ജയദേവന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മത്തെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്.

സദാസമയവും ഈശ്വരാരാധനയില്‍ മുഴുകിയിരുന്ന നാരായണശാസ്ത്രിക്ക് കുടുംബജീവിതത്തില്‍ ശ്രദ്ധിക്കാന്‍ സമയമില്ലായിരുന്നു. അതുകൊണ്ടുതന്നെ തന്റെ പിന്‍ഗാമിക്ക് ജന്മം നല്‍കാന്‍ അയാള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ശാസ്ത്രിയുടെ സഹധര്‍മ്മിണിയായ കമലാഭായിയാകട്ടെ തങ്ങളുടെ കുടുംബത്തില്‍ അനന്തരകര്‍മ്മങ്ങള്‍ നിറവേറ്റുവാന്‍ ഒരു സന്താനം ഉണ്ടാകാത്തതില്‍ ദുഃഖിതയായിരുന്നു. ഈ കാര്യം സാധിച്ചുകിട്ടാന്‍വേണ്ടി കമലാഭായി ശ്രീ ജഗന്നാഥനെ പ്രാര്‍ത്ഥിച്ചിരുന്നു.

ഒരുദിവസം ശാസ്ത്രിക്ക് ജഗന്നാഥന്‍ സ്വപ്‌നദര്‍ശനം നല്‍കി. ‘എന്റെ കുഞ്ഞേ, ഞാന്‍ നിങ്ങളുടെ ഭക്തിയില്‍ അതീവ സന്തുഷ്ടനാണ്. അതിനാല്‍ ഞാന്‍ നിന്റെ ഭാര്യയുടെ തീവ്രാഭിലാഷം സാധിച്ചുതരുന്നതാണ്’.

ശാസ്ത്രി ഞെട്ടി എഴുന്നേറ്റു. ദിവ്യദര്‍ശനത്തില്‍ അത്ഭുത പരതന്ത്രനായ അദ്ദേഹം പത്‌നിയെ വിളിച്ചു. ‘കമലേ.. കമലേ…’

അവള്‍ ഞെട്ടി എഴുന്നേറ്റു ചോദിച്ചു. എന്തേ വിളിച്ചത്?

‘കമലേ, ഞാന്‍ ശ്രീജഗന്നാഥനെ ഇപ്പോള്‍ സ്വപ്‌നം കണ്ടു നിന്റെ അഭിലാഷം സാധിച്ചുതരുമെന്നാണ് അവിടുന്ന് പറഞ്ഞത്. എന്താണ് നിന്റെ ആഗ്രഹം?’

‘എന്ത്? ഇത് സത്യമോ? എങ്കില്‍ ഞാന്‍ അനുഗ്രഹീതയാണ്. ഇതുവരെ സന്താനഭാഗ്യമില്ലാത്ത ഞാന്‍ എന്താണ് ആഗ്രഹിക്കുക. ഒരു മകനെ. നമ്മളെ ത്രിവിധങ്ങളായ ഋണങ്ങളില്‍നിന്ന് മുക്തരാക്കുവാന്‍ ഒരു മകന്‍. അതാണ് എന്റെ അഭിലാഷം’.

‘ഇതാണോ നിന്റെ ആഗ്രഹം? നീ ഒരു വിഢ്ഢി തന്നെ സര്‍വേശ്വരന്റെ പുണ്യപാദങ്ങളില്‍ ചേരുവാനുള്ള വരമാണ് നീ ചോദിക്കേണ്ടിയിരുന്നത്.’ ശാത്രിജി പറഞ്ഞു.

കമലാഭായിയ്ക്ക് വിഷമമായി. തന്റെ ഭര്‍ത്താവിന്റെ ഇങ്കിതത്തിന് വിരുദ്ധമായതാണല്ലോ താന്‍ ചോദിച്ചതെന്ന് കമലാഭായി വ്യസനത്തോടെ ഓര്‍ത്തു.

ഈ സംഭവം അവരുടെ ജീവിതത്തില്‍ വിടവുണ്ടാക്കി. ശാസ്ത്രി പൂജാദികാര്യങ്ങളിലും കമല അസ്വസ്ഥചിന്തകളിലും മുഴുകി.

കാലം കഴിയവേ ശ്രീ ജഗന്നാഥന്‍ ബ്രാഹ്മണവേഷത്തില്‍ വീണ്ടും സ്വപ്‌നദര്‍ശനം നല്‍കി. ‘എന്റെ കുട്ടീ, ഒരു കുഞ്ഞുപിറക്കണ്ട എന്ന നിന്റെ ധാരണ തെറ്റാണ്. നിനക്ക് നിന്റെ ത്രിവിധ കടങ്ങള്‍ വീട്ടണ്ടേ. ഈ ലോകത്തില്‍ അത്ഭുതപൂര്‍വ്വമാംവിധം എന്റെ ഭക്തി പ്രചരിപ്പിക്കുന്ന ഒരു മകന്‍ ഉണ്ടാകണമെന്നാണ് ആഗ്രഹം. അതുകൊണ്ട് നീ സന്തോഷിക്കുക’.

സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട വടുരൂപിയെ ശ്രീജഗന്നാഥനെന്ന് ശാസ്ത്രി തിരിച്ചറിഞ്ഞ് സന്തോഷിച്ചു. അതോടെ തന്റെ ജീവിതരീതിയില്‍ മാറ്റം വരുത്തുകയും താമസിയാതെ ഈ ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. ഈ കുഞ്ഞാണ് പിന്നീട് ഗീതാഗോവിന്ദത്തിന്റെ കര്‍ത്താവായിതീര്‍ന്ന ജയദേവന്‍ എന്ന് പറയേണ്ടതില്ലല്ലോ.

ശ്രീ വേദവ്യാസ മഹര്‍ഷിയുടെ പുനരവതാരമാണ് ജയദേവന്‍ എന്ന വിശ്വാസം നിലവിലുണ്ട്. വ്യാസഭഗവാന്‍ ഭാഗവതം എഴുതിയിട്ട് തൃപ്തനാകാതെ തീവ്രമായി ഭഗവത്ഭക്തി പ്രചരിപ്പിക്കുവാന്‍ ആഗ്രഹിച്ചിരുന്നതിനാലാണ് ജയദേവനായി മഹര്‍ഷി പുനരവതാരമെടുത്തതെന്ന് കരുതപ്പെടുന്നത്. പല കൈവഴികളിലായി ഒഴുകിയ ജയദേവന്റെ ഭഗവത്ഭക്തി ശ്രീകൃഷ്ണ സ്തുതിഗാനങ്ങളായി വിടര്‍ന്നു പരിലസിച്ചു. ഇതത്രേ ‘ ഗീതാഗോവിന്ദം’

ഈ കൃതിയുടെ രചന ഘട്ടത്തില്‍ രസകരമായ ഒരു സംഭവം ഉണ്ടായി. ‘ഗീതാഗോവിന്ദ’ ത്തിലെ ‘ചാരുശീലേ…’ എന്നാരംഭിക്കുന്നതും രാധയോട് അവളുടെ ശീതളമായ കാലുകള്‍ തന്റെ തലയില്‍വക്കുവാന്‍ ഭഗവാന്‍ ആവശ്യപ്പെടുന്നതുമായ വരികള്‍ എഴുതുവാന്‍ ഇടയായി. ഇതുവലിയൊരു ഈശ്വര നിന്ദയായിപോയി എന്ന് തോന്നുകയാല്‍ ജയദേവന്‍ വളരെ ദുഃഖിച്ചു. അതിനാല്‍ ആ വരികള്‍ വെട്ടിക്കളയുകയും തുടര്‍ന്ന് സ്‌നാനത്തിനു പുറപ്പെടുകയും ചെയ്തു.

കുളി ആരംഭിക്കുന്നതിനു മുമ്പുതന്നെ തിരിച്ചുവന്ന ഭര്‍ത്താവിനെകണ്ട് ഭാര്യ പത്മാവതി വിസ്മയിച്ചു. ജയദേവന്‍ പറഞ്ഞു. ‘എന്റെ ബുദ്ധിയില്‍ ഇപ്പോള്‍ ഒരു ചിന്താതരംഗം ഉണ്ടായി. കുറച്ചുകഴിയുമ്പോള്‍ അതു മറക്കുവാന്‍ ഇടയാകും. അതിനാല്‍ നീ കൈയെഴുത്തുപ്രതി ഉടന്‍ കൊണ്ടുവരൂ’. പത്മാവതി കൊണ്ടുവന്ന കൈയെഴുത്തുപ്രതിയില്‍ ഏതാനും വരികള്‍ എഴുതി അദ്ദേഹം വീണ്ടും കുളിക്കാന്‍പോയി. കുളി കഴിഞ്ഞു തിരിച്ചെത്തിയ ജയദേവന്‍ തന്റെ കൃതി വായിക്കുകയും ഒടുവിലത്തെ പേജ്കണ്ട് അത്ഭുതപ്പെടുകയും ചെയ്തു. ‘പത്മ, നീ ഇതില്‍ വല്ലതും എഴുതിയോ?’

‘അങ്ങ് എന്താണ് പറയുന്നത്. ഞാന്‍ അതില്‍ ഒന്നും ചെയ്തിട്ടില്ല. കുളിക്കാന്‍പോയ അങ്ങ് ഉടന്‍തന്നെ തിരിച്ചുവന്ന് അതില്‍ വീണ്ടും തിരുത്തലുകള്‍ നടത്തി കുളിക്കാന്‍പോയതായി ഓര്‍ക്കുന്നില്ലേ’.

‘ഞാനോ? എനിക്ക് നന്നായി ഓര്‍മ്മയുണ്ട് ഭഗവാന് അതൃപ്തികരമായ വരികള്‍ എഴുതിപൂര്‍ത്തിയാക്കാതെപോയത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ തികച്ചും വ്യത്യസ്തമായൊരു കവിതയാണ് കാണുന്നത്. ഇപ്പോള്‍ ഇതെങ്ങനെ സംഭവിച്ചു?’

‘അയ്യോ! അങ്ങ്തന്നെയല്ലേ തിരിച്ചുവന്ന് വെട്ടിതിരുത്തലുകള്‍ നടത്തിയത്. പത്മാവതി പറഞ്ഞു.’.

കുറച്ചുനേരം ചിന്താമഗ്നനായ ജയദേവന് കാര്യം മനസ്സിലായി. തന്റെ രൂപത്തില്‍ ഭഗവാന്‍തന്നെ വന്ന് ഈ കൃതി മുഴുമിപ്പിക്കുകയാണ് ഉണ്ടായത്. ‘പത്മാവതീ നീ ഭാഗ്യവതിയാണ്. നിനക്കാണല്ലോ ഭഗവാനെ നേരിട്ടുകാണാനുള്ള ഭാഗ്യം ഉണ്ടായത്. നിന്നെ ഭാര്യയായിക്കിട്ടയതില്‍ ഞാനും അനുഗ്രഹീതനാണ്.’

ഗീതാഗോവിന്ദം പത്തൊന്‍പൊതാം സര്‍ഗ്ഗത്തില്‍ ‘വദസി യതി കിഞ്ചിതപി…’ എന്നു തുടങ്ങുന്ന ഭാഗമാണ് ഭഗവാന്‍ നേരിട്ട് എഴുതിയതെന്ന് വിശ്വസിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം