ഡെങ്കിപ്പനി നിയന്ത്രണ-പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം: ഡി.എം.ഒ.

November 3, 2012 കേരളം

തിരുവനന്തപുരം: ഡെങ്കിപ്പനി നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും സഹകരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.പീതാംബരന്‍ അഭ്യര്‍ത്ഥിച്ചു.  ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി കൊതുകുകളുടെ എണ്ണം കുറയ്ക്കുന്നതാണ് കൊതുകുജന്യരോഗങ്ങള്‍ തടയുവാനുളള ഫലപ്രദമായ മാര്‍ഗ്ഗം.

ഫ്രിഡ്ജിന്റെ പുറകുവശത്തെ വെളളം ശേഖരിക്കുന്ന പാത്രം, എ.സി.മെഷീനടിയിലുളള പാത്രം, പൂച്ചട്ടിക്കടിയിലുളള പാത്രം എന്നിവ രണ്ട് ദിവസത്തിലൊരിക്കല്‍ വെളളം കളഞ്ഞ് വ്യത്തിയാക്കി വയ്ക്കണം.  ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങള്‍ വ്യത്തിയാക്കുകയും മഴവെളളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുകയും വേണം.  ഓടകള്‍ വെളളം കെട്ടിനില്‍ക്കാതെ ഒഴികിപ്പോകുന്നവിധത്തില്‍ സൂക്ഷിക്കണം.  വീടിന്റെ പരിസരത്ത് അലക്ഷ്യമായി ഇട്ടിരിക്കുന്ന കുപ്പികള്‍, പൊട്ടിയ പാത്രങ്ങള്‍ അടപ്പുകള്‍, ടയറുകള്‍, പ്‌ളാസ്റ്റിക് കവറുകള്‍, ചിരട്ട, കരിക്കിന്‍തൊണ്ട് മുതലായ വസ്തുക്കള്‍ മാറ്റേണ്ടതും വെളളം വീഴാത്ത വിധത്തില്‍ സൂക്ഷിക്കേണ്ടതുമാണ്.  വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ ഇവ ശരിയായി മൂടി സൂക്ഷിക്കണം.  ഈഡിസ്് കൊതുകളുടെ മുട്ട പാത്രങ്ങളുടെ വക്കുകളില്‍ പറ്റിപ്പിടിച്ചിരിക്കുമെന്നതിനാല്‍ വെളളം ശേഖരിക്കുന്ന പാത്രങ്ങള്‍ നന്നായി തേച്ച് കഴുകി ഉണക്കിയതിനുശേഷം മാത്രം വെളളം ശേഖരിക്കുക.  ഓവര്‍ഹെഡ് ടാങ്കുകളിലെ അടപ്പുകളിലെയും മൂടികളിലെയും ചെറിയ വിടവുകള്‍ പോലും ഒഴിവാക്കണം.

ഡെങ്കിപ്പനി നിയന്ത്രണയജ്ഞത്തിന്റെ ഭാഗമായി ഉറവിടനശീകരണത്തിനും ബോധവത്കരണത്തിനുമായി കോര്‍പ്പറേഷന്‍ പ്രദേശത്ത് ആശ, കുടുംബശ്രീ, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നവംബര്‍ 4ന് വീടുകള്‍ തോറും സന്ദര്‍ശിക്കുമെന്ന് ഡി.എം.ഒ. അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം