അഭേദാശ്രമത്തില്‍ ഭാഗവത നവാഹോത്സവം

November 3, 2012 ക്ഷേത്രവിശേഷങ്ങള്‍,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: അഭേദാശ്രമത്തില്‍ നവംബര്‍ 9 മുതല്‍ 18 വരെ ഭാഗവത നവാഹോത്സവം നടക്കും. ഭാഗവത ശ്രവണവും ഭാഗവത നാമജപവും ഭഗവത്ഗീത പഠനവും മനുഷ്യനെ അപൂര്‍ണ്ണതയില്‍നിന്നു പൂര്‍ണ്ണതയിലേക്കു നയിക്കുമെന്ന അഭേദാനന്ദ സന്ദേശം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാഗവത നവാഹോത്സവം സംഘടിപ്പിക്കുന്നത്. ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ഒന്‍പത് ആചാര്യന്മാര്‍ ഒരുമിച്ച് ഭാഗവതം ചെയ്യുമെന്നതാണ് ഈ യജ്ഞത്തിന്റെ സവിശേഷത.

9ന് രാവിലെ 9ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ഭദ്രദീപം തെളിയിച്ച് നവാഹോത്സവം ഉദ്ഘാടനം ചെയ്യും. അഭേദാശ്രമം മഠാധിപതി സ്വാമി സുഗുണാനന്ദ അദ്ധ്യക്ഷതവഹിക്കും. ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരി, നരഹരിപ്രിയ മാതാജി, പ്രൊഫസര്‍ ചെങ്കല്‍ സുധാകരന്‍, കെ. വിജയകുമാരന്‍ നായര്‍, എസ്. വിജയകുമാര്‍, സി. രവീന്ദ്രന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ആശ്രമം ജനറല്‍ സെക്രട്ടറി എന്‍.എസ്.കെ. നായര്‍ ആചാര്യവരണം നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് 1.45 മുതല്‍ വൈകുന്നേരം 6.15വരെ സമ്പൂര്‍ണ്ണ നാരായണീയ പാരായണവും തുടര്‍ന്ന് വിളംബര ഘോഷയാത്രയും നടക്കും. അഭേദാശ്രമം ശ്രീ ബാലകൃഷ്ണസ്വാമി സന്നിധിയില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പത്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള വീഥിയിലൂടെ യജ്ഞവേദിയില്‍ എത്തിച്ചേരും.

നവംബര്‍ 10 മുതല്‍ 17 വരെ രാവിലെ 6 മുതല്‍ രാത്രി 8 വരെ ഭാഗവത പാരായണവും പ്രഭാഷണവും നടക്കും. എല്ലാ ദിവസവും യജ്ഞവേദിയില്‍ വിഷ്ണു സഹസ്രനാമം, ലളിതാ സഹസ്രനാമം, ഭഗവദ്ഗീത പാരായണം എന്നിവ ഉണ്ടായിരിക്കും. യജ്ഞാചാര്യനു പുറമേ തട്ടയൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, പെരുമ്പള്ളി ഗണേശന്‍ നമ്പൂതിരി, കല്ലംപള്ളി വാമനന്‍ നമ്പൂതിരി, കുന്നത്തുമഠം പരമേശ്വര്‍ നമ്പൂതിരി, മേച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് മറ്റ് ആചാര്യന്മാര്‍. അശേഷാനന്ദ മഹാരാജ്, ഗുരുവായൂര്‍ അച്യുതന്‍കുട്ടി, എന്‍. ഗിരീഷ്‌കുമാര്‍, മുംബൈ ചന്ദ്രശേഖരന്‍, അടുക്കം മണികണ്ഠന്‍ നമ്പൂതിരി, പ്രൊഫ. ചെങ്കല്‍ സുധാകരന്‍, പ്രൊഫ. റ്റി ശാന്തകുമാരി, പെരുമ്പള്ളി ഗണേശന്‍ നമ്പൂതിരി, ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍ തുടങ്ങി 24 പണ്ഡിതശ്രേഷ്ഠന്മാര്‍ യജ്ഞാചാര്യനു പുറമേ പ്രഭാഷണങ്ങള്‍ നടത്തും.

15ന് രാവിലെ 9.30ന് ശ്രീകൃഷ്ണാവതാരം, 16ന് രാവിലെ 11ന് രുഗ്മിണീ സ്വയംവരം, 18ന് ഉച്ചയ്ക്ക് 12.30ന് ഭഗവാന്റെ ആറാട്ട,് കൃഷ്ണാവതാര പാരായണം. ഉച്ചയ്ക്ക് 1ന് യജ്ഞസമര്‍പ്പണത്തോടെ ചടങ്ങുകള്‍ സമാപിക്കും. ഈ മഹായജ്ഞത്തില്‍ സ്ത്രീ പുരുഷഭേദമന്യേ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍