ദളിത്-പിന്നോക്ക മുന്നണി അവകാശ പ്രഖ്യാപനം 6ന്

November 3, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: മുപ്പതോളം ദളിത്-പിന്നോക്ക സമുദായ സംഘടനകളുടെ സംയുക്ത വേദിയായ കേരള ദളിത്-പിന്നോക്ക മുന്നണിയുടെ അവകാശപ്രഖ്യാപന കണ്‍വെന്‍ഷന്‍ നവംബര്‍ 6ന് തിരുവനന്തപുരത്ത് നടക്കും. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ഘടനയില്‍ സമ്മര്‍ദ്ദശേഷിയുള്ളവര്‍ അധികാരവും വിഭവങ്ങളും പങ്കുവയ്ക്കുമ്പോള്‍ സമ്മര്‍ദ്ദശേഷിയില്ലാത്തവര്‍ക്കും അംഗബലം കുറഞ്ഞ ജനവിഭാഗങ്ങള്‍ക്കും രാഷ്ട്രീയ തുല്യതയും അവസര സമത്വവും സൃഷ്ടിച്ച് ജനാധിപത്യ സംവിധാനത്തില്‍ സാമൂദായിക സന്തുലിതാവസ്ഥയും സാമൂഹ്യ നീതിയും ഉറപ്പുവരുത്തുക എന്നതാണ് ദളിത്-പിന്നോക്ക മുന്നണിയുടെ ലക്ഷ്യം.

വി.ജെ.ടി ഹാളില്‍ രാവിലെ 10ന് മുന്നണി പ്രസിഡന്റ് വി. ദിനകരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ഗോകുലം ഗോപാലന്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ അവകാശപ്രഖ്യാപനം നടത്തും. ഖജാന്‍ജി വിഷ്ണുപുരം ചന്ദ്രശേഖരന്‍ മുഖ്യ പ്രഭാഷണവും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സി.കെ. ജാനു (ആദിവാസി ഗോത്രമഹാസഭ), ടി.യു. രാധാകൃഷ്ണന്‍ (വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി), ബി. സുബാഷ് ബോസ് (കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ), ഡോ. പാച്ചല്ലൂര്‍ അശോകന്‍ (കേരള ഗണക കണിശസഭ), പ്രൊഫ. ടി.ബി. വിജയകുമാര്‍ (അഖിലകേരള എഴുത്തച്ഛന്‍ സമാജം), എസ്. കുട്ടപ്പന്‍ ചെട്ടിയാര്‍ (വണിക വൈശ്യ സംഘം), ബി. ശശിധരന്‍ പിള്ള (കേരള ചെട്ടി മഹാസഭ)സ പി. രാമഭദ്രന്‍ (കേരള ദളിത് ഫെഡറേഷന്‍) എന്നിവര്‍ സംസാരിക്കും.

സാമൂഹ്യ വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ചരിത്രപരമായി പിന്നോക്കം നില്‍ക്കുന്ന ഭാരതത്തിലെ ദളിത് പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്് അംബേദ്ക്കര്‍ വിഭാവനം ചെയ്ത ഭരണഘടനയിലെ സാമൂദായിക സംവരണം ഭൂരിപക്ഷ സമുദായ ഐക്യത്തിന്റെ പേരില്‍ കേരളത്തില്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സംവരണത്തിന്റെ മാനദണ്ഡം സമുദായത്തില്‍നിന്നു സാമ്പത്തിക അടിത്തറയിലേക്ക് മാറ്റിയെടുക്കാനുള്ള ശ്രമത്തെ ചെറുക്കുകയും, സാമുദായിക സംവരണത്തെ അട്ടിമറിച്ചുകൊണ്ടുള്ള ഒരു ഐക്യത്തിനും കേരളത്തിലെ ദളിത്-പിന്നോക്ക വിഭാഗങ്ങളെ കിട്ടില്ലെന്നും പ്രഖ്യാപിക്കുന്നതാണ് അവകാശപ്രഖ്യാപന കണ്‍വെന്‍ഷനെന്ന് വി ദിനകരന്‍, പുന്നല ശ്രീകുമാര്‍, വിഷ്ണുപുരം ചന്ദ്രേശേഖരന്‍, ബി. സുബാഷ് ബോസ്, കുട്ടപ്പന്‍ ചെട്ടിയാര്‍, പാച്ചല്ലൂര്‍ അശോകന്‍, ബി. ശശിധരന്‍ പിള്ള, പി. രാമഭദ്രന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍