ചുഴലിക്കാറ്റില്‍പ്പെട്ട എണ്ണക്കപ്പല്‍ കൊണ്ടുപോകുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി

November 3, 2012 ദേശീയം

ചെന്നൈ: നീലം ചുഴലിക്കാറ്റില്‍പ്പെട്ട് ചെന്നൈ തീരത്ത് മണല്‍ത്തിട്ടയിലുറച്ച പ്രതിഭ-കാവേരി  എന്ന കപ്പല്‍ ചെന്നൈയ്ക്ക് പുറത്തേക്കു കൊണ്ടുപോകുന്നതു മദ്രാസ് ഹൈക്കോടതി വിലക്കി. ബോട്ട് മറിഞ്ഞ് മരിച്ച പുതുച്ചേരി സ്വദേശി ആനന്ദ് മോഹന്‍ദാസിന്റെ സഹോദരന്‍ ശങ്കരനാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറി, ഡിജിപി, ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്കു നോട്ടീസയയ്ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജിക്കാരന്റെ അഭിഭാഷകനോടു കേന്ദ്ര ഷിപ്പിങ് സെക്രട്ടറിക്കും മുംബൈ കേന്ദ്രമാക്കിയുള്ള പ്രതിഭ ഷിപ്പിങ് കമ്പനി ലിമിറ്റഡിനും നോട്ടീസ് അയയ്ക്കാനും നിര്‍ദേശിച്ചു. നോട്ടീസിന് ആറിനുള്ളില്‍ മറുപടി നല്‍കണം. ഹര്‍ജി ഏഴിനു വീണ്ടും കോടതി പരിഗണിക്കും.

കടലില്‍ വീണപ്പോള്‍ തന്‍റെ സഹോദരന് രക്ഷപ്പെടാന്‍ സാധിക്കാതിരുന്നത് ആരോഗ്യ സ്ഥിതി മോശമായതുകൊണ്ടാണെന്നും കപ്പല്‍ കമ്പനിക്കാരാണ് ഇതിന് കാരണക്കാരെന്നും ശങ്കരനാരായണന്‍ ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. ജീവനക്കാര്‍ക്ക് വേതനമോ മതിയായ ആഹാരമോ ചികില്‍സാ സൗകര്യമോ നല്‍കിയിരുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

അതിനിടെ കപ്പലില്‍നിന്നു കടലില്‍ വീണ് കാണാതായ ഒരാളുടെ മൃതദേഹംകൂടി കണ്ടെടുത്തു. ഇതോടെ കാണാതായ അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തി. മുംബൈ സ്വദേശി രാജ് രമേഷ്(24), ആരക്കോണം സ്വദേശി നിരഞ്ജന്‍ (23), കര്‍ണാടക ബല്‍ഗാം സ്വദേശി ജയദേവ് യാദവ് (24)  കാസര്‍കോട് പെര്‍ളത്തടുകയില്‍ കുഴിവേലില്‍ കെ.ജെ.ജോസഫിന്റെ മകന്‍ ജോമോന്‍ ജോസഫ് (23), കാസര്‍കോട് ഉദുമ പുതിയപുരയില്‍ പി.പി.ചന്ദ്രശേഖരന്‍ നായരുടെ മകന്‍ പി.കൃഷ്ണചന്ദ്രന്‍ (23) എന്നിവരാണ് മരിച്ചവര്‍.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം