ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു

November 3, 2012 പ്രധാന വാര്‍ത്തകള്‍

തൃശ്ശൂര്‍: അങ്കമാലി-കറുകുറ്റി റൂട്ടില്‍ ട്രാക്കിനടിയില്‍ ഗര്‍ത്തം രൂപപ്പെട്ടതിനെത്തുടര്‍ന്ന് നിറുത്തിവെച്ചിരുന്ന ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. അറ്റകുറ്റപ്പണിയ്ക്ക് ശേഷം  രാവിലെ എട്ടുമണിയോടെയാണ് ഈ പാതയിലൂടെ ആദ്യ ട്രെയിന്‍ കടത്തിവിട്ടത്. ട്രാക്കില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് ഈ റൂട്ടിലെ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഗര്‍ത്തത്തിനിടയാക്കിയ അടിപ്പാതയുടെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ട്രാക്കിനടിയില്‍ രൂപപ്പെട്ട ഗര്‍ത്തം പാറപ്പൊടിയിട്ട് നിറച്ച ശേഷം രാവിലെ എട്ടുമണിയോടെ ഗുഡ്‌സ് ട്രെയിന്‍ ഓടിച്ച് റയില്‍പാതയുടെ ക്ഷമത പരിശോധിച്ച ശേഷം എട്ടരയോടെയാണ് യാത്രാ ട്രെയിനുകള്‍ കടത്തിവിട്ടത്. റയില്‍വേ പാളത്തിനടിയില്‍ അടിപ്പാത നിര്‍മാണത്തിനായി തുരങ്കം പണിയുന്നതിനിടെ മണ്ണിടിഞ്ഞാണ് ഗര്‍ത്തം രൂപപ്പെട്ടത്. ട്രാക്കിലൂടെ 20 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്.

രാവിലെ 6.45ന് പുറപ്പെടുന്ന ഗുരുവായൂര്‍-എറണാകുളം, എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം- ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-എറണാകുളം , ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ റദ്ദാക്കി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ് , കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എന്നീ ട്രെയിനുകളാണ് ട്രാക്കിലെ പ്രശ്‌നങ്ങള്‍ പരിഗണിച്ച് റദ്ദാക്കിയത്. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കാനും തീരുമാനമായിരുന്നു. രാവിലെ ആറ് മണിക്ക് പുറപ്പെടേണ്ട ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് ഉച്ചയ്ക്ക് 1.15 നാവും പുറപ്പെടുക. ട്രാക്കിലെ അറ്റകുറ്റപ്പണി പരിഗണിച്ച് നേരത്തെ ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ റദ്ദാക്കലിലും സമയമാറ്റത്തിലും മറ്റും മാറ്റമില്ലെന്നും റയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക്  മംഗലാപുരം – നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് കടന്നു പോയി മിനിറ്റുകള്‍ക്കുള്ളിലാണു മണ്ണിടിഞ്ഞു ട്രാക്കില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍