‘സ്വാമി വിവേകാനന്ദനും കേരളവും’ പ്രകാശനം ചെയ്തു

November 4, 2012 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: രാജീവ് ഇരിങ്ങാലക്കുട രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച ‘സ്വാമി വിവേകാനന്ദനും കേരളവും’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. വീതസ്പൃഹാനന്ദജി മഹാരാജ് (ശ്രീരാമകൃഷ്ണമഠം, തിരുവനന്തപുരം) പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.

‘സ്വാമി വിവേകാനന്ദനും കേരളവും’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ വീതസ്പൃഹാനന്ദജി മഹാരാജിനു നല്‍കി നിര്‍വഹിച്ചപ്പോള്‍ . കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍ .തമ്പാന്‍, രാജീവ് ഇരിങ്ങാലക്കുട, മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍ , ഡോ.വി.ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സമീപം.

ആധ്യാത്മീകതയാണ് സമൂഹത്തെ നന്മയിലേക്ക് നയിക്കുവാനുള്ള ഏറ്റവും പ്രധാനമാര്‍ഗ്ഗമെന്നും അതിനു വഴിതെളിക്കുന്ന സന്ദേശമാണ് സ്വാമി വിവേകാനന്ദന്‍ സമൂഹത്തിനു നല്‍കിയതെന്നും ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പുസ്തക പ്രകാശനചടങ്ങില്‍ പറഞ്ഞു. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്‍ .തമ്പാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ചീഫ് സെക്രട്ടറി സി.പി.നായര്‍ മുഖ്യ പ്രഭാഷണം നടത്തി. വീതസ്പൃഹാനന്ദജി മഹാരാജ്, എന്‍ .ജയകൃഷ്ണന്‍ , ഡോ.വി.ആര്‍ പ്രബോധചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രന്ഥകര്‍ത്താവായ രാജീവ് ഇരിങ്ങാലക്കുട നന്ദി രേഖപ്പെടുത്തി.

ഭാരതത്തിന്റെ ആത്മീയ തേജസായ സ്വാമി വിവേകാനന്ദന്‍ കേരളീയ സമൂഹത്തിനു നല്‍കിയ ആധ്യാത്മിക സേവനങ്ങളും സ്വാമികളുടെ കേരള സന്ദര്‍ശനത്തെക്കുറിച്ചും വിശദമായി ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. കൂടാതെ ശ്രീരാമകൃഷ്ണ മഠത്തിന്റെയും ശ്രീശാരദാ മഠത്തിന്റെയും കേരളത്തിലെ വിവിധ കേന്ദ്രങ്ങളെക്കുറിച്ചും ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍