ദേവസ്വം ബോര്‍ഡ് വോട്ടവകാശം: വിവാദ വ്യവസ്ഥ ഒഴിവാക്കിയേക്കും

November 5, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ദൈവവിശ്വാസികളായ എംഎല്‍എമാര്‍ക്കു മാത്രമായി  ദേവസ്വം ബോര്‍ഡ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശംപരിമിതപ്പെടുത്തിയ വ്യവസ്ഥ ഒഴിവാക്കാന്‍ മന്ത്രിസഭയോട് ശിപാര്‍ശ ചെയ്യാന്‍ കോവളത്ത് ചേര്‍ന്ന  യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. യുഡിഎഫിലെ ചില കക്ഷികളും വ്യവസ്ഥ മാറ്റണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഇക്കാര്യത്തില്‍ പുനരാലോചന നടത്തിയതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.

ബോര്‍ഡ് അംഗത്തെ തെരഞ്ഞെടുക്കാന്‍ സഭയിലെ ഹിന്ദു എംഎല്‍എമാര്‍ക്കാണ് വോട്ടവകാശമുള്ളത്. ഇത് ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുകയോ ഈശ്വരവിശ്വാസമുണ്ടെന്ന് സത്യവാങ്മൂലം നല്‍കുകയോ ചെയ്യുന്ന എംഎല്‍എമാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനായിരുന്നു ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇതാണ് എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്തത്. ജനാധിപത്യവ്യവസ്ഥകളുടെ ലംഘനമാണിതെന്ന് ആരോപിച്ച പ്രതിപക്ഷം വ്യവസ്ഥയ്ക്കെതിരേ ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കിയിരുന്നു. ബോര്‍ഡിലെ രണ്ട് അംഗങ്ങളെ മന്ത്രിസഭ നിര്‍ദേശിക്കുകയും ഒരാളെ ഹിന്ദു എംഎല്‍എമാര്‍ വോട്ടു ചെയ്ത് തെരഞ്ഞെടുക്കുകയും ചെയ്യാനാണ് യുഡിഎഫിന്റെ പുതിയ ശിപാര്‍ശ. ഈ സംവിധാനത്തിലും രണ്ടുപേര്‍ സര്‍ക്കാരിന്റെ താല്‍പര്യമനുസരിച്ചുള്ളവര്‍ ആയിരിക്കുമെന്ന് തങ്കച്ചന്‍ പറഞ്ഞു.

ഇപ്പോഴത്തെ നിലയനുസരിച്ച് എല്‍ഡിഎഫിലാണ് ഹിന്ദു എംഎല്‍എമാര്‍ അധികം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം