വേദാന്തകാവ്യം

November 6, 2012 സനാതനം

തിരുമാന്ധാംകുന്ന് ശിവ കേശാദിപാദം  (ഭാഗം-3)

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍

വേദാന്തകാവ്യം

സത്യാനന്ദസുധാ വ്യാഖ്യാനം : ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍

ഈ ശിവകേശാദി പാദവര്‍ണ്ണന ഭക്തികാവ്യമെന്നപോലെ വേദാന്തകാവ്യവുമാണ്. ഇതില്‍ വര്‍ണ്ണിതമായിരിക്കുന്ന ശിവസ്വരൂപം മറനീക്കിക്കാട്ടുന്നത് ഉപനിഷത് സാരസര്‍വസ്വത്തെയാണ്. നിര്‍ഗുണവും നിരാകാരവുമായ പരമാത്മതത്ത്വമാണ് സഗുണവും സാകാരവുമായി ശിവസ്വരൂപമായി ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നത്. അതിനാല്‍ പ്രഥമദൃഷ്ടിയ്ക്കു ബാഹ്യ സ്വരൂപവര്‍ണ്ണനയെന്നു തോന്നാവുന്ന ഈ കാവ്യം സൂക്ഷ്മതമമായ പരമാത്മാ സ്വരൂപവര്‍ണ്ണനയാണെന്നു മനസ്സിലാക്കിക്കൊള്ളണം. ഭാരതീയമായ സ്‌തോത്രകാവ്യങ്ങള്‍ക്കു പൊതുവിലുള്ള സ്വഭാവമാണിത്. അവയെല്ലാം പ്രതീകാത്മകമായ അര്‍ത്ഥതലങ്ങളുള്‍ക്കൊള്ളുന്നു. അക്കാര്യത്തില്‍ യോഗശാസ്ത്രത്തിന്റെയും തന്ത്രശാസ്ത്രത്തിന്റെയും തത്ത്വങ്ങള്‍ ഭക്തിയുടെ ആചാര്യന്മാര്‍ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്കുള്ള ആദ്ധ്യാത്മികയാത്രയെ ത്വരിതപ്പെടുത്തുവാന്‍ അതു ഉതകുന്നു.

പരമാത്മാവ് അത്യന്തസൂക്ഷ്മമാണ്. അതിനെ എങ്ങനെ അറിയുവാനാകും? മനസ്സുകൊണ്ടു ചിന്തിക്കാന്‍ കഴിയുന്ന തലമല്ല അത്. സാധകന്‍ അവിടെ എത്തുന്നതിനുമുമ്പുതന്നെ മനസ്സുകൊഴിഞ്ഞുപോകും. ബുദ്ധിയും അതേവിധം അവിടെ എത്തുന്നില്ല. അതിനാല്‍ അതിനും ആത്മാവിനെ വ്യവച്ഛേദിച്ചു കാണിക്കുവാനാവുകയില്ല.

‘യന്മനസാ നമനുതേ യേനാഹുര്‍മനോമതം
തദേവ ബ്രഹ്മ ത്വം വിദ്ധിനേദം യദിദമുപാസതേ’

യാതൊന്നിനെയാണോ മനസ്സുകൊണ്ടു ചിന്തിക്കാന്‍ കഴിയാത്തത്, യാതൊന്നിന്റെ അനുഗ്രഹത്താലാണോ മനസ്സിനു ചിന്തിക്കാന്‍ സാധിക്കുന്നത് അതാണു ബ്രഹ്മമെന്ന് നീ അറിഞ്ഞുകൊള്ളൂ. അതല്ലാതെ ഇതെന്നുപറഞ്ഞ് ഉപാസിക്കുന്നതൊന്നുമല്ല ബ്രഹ്മം.

എന്നു ഉപനിഷത്ത് പരമാത്മാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നു. ആ നിലയ്ക്ക് വാക്കുകള്‍ക്കുവിധേയമല്ലാത്ത നിര്‍ഗ്ഗുണ നിരാകാരത്തെ എങ്ങനെ വാക്കുകളാല്‍ വര്‍ണ്ണിക്കും? സ്‌തോത്രങ്ങളാല്‍ പ്രകീര്‍ത്തിക്കും? അതിനു ഒരു മാര്‍ഗ്ഗമേയുള്ളൂ. നിര്‍ഗ്ഗുണനിരാകാരത്തെ സഗുണസാകാരമായിക്കണ്ട് മനസ്സിനും ബുദ്ധിക്കും വാക്കിനും വിധേയമാക്കുക. ഇവിടെ നിര്‍ഗ്ഗുണനിരാകാരം പരമജ്യോതിസ്വരൂപവും സഗുണസാകാരം അതിന്റെതന്നെ ധ്യാനഗമ്യമായ ആകൃതിയുമാകുന്നു. നിരാകാരനായ പരമാത്മാവിന്റെ അത്യന്തസൂക്ഷ്മമായ ആകാരമാണ് ശിവസ്വരൂപം. അതിനാല്‍ ശിവന്റെ കേശംമുതല്‍ പാദംവരെയുള്ള ഓരോ അംഗവും പ്രകാശിപ്പിക്കുന്നത് പരമാത്മതത്വത്തെയാണ്. പാശ്ചാത്യ ചിന്താപദ്ധതികളുടെ തിരത്തല്ലല്‍മൂലം ഇന്നുപലരും തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നതുപോലെ മനുഷ്യന്റെ രൂപത്തില്‍ ഈശ്വരനെ കല്പിച്ചതല്ല; മറിച്ച് ഈശ്വരന്‍ അര്‍ത്ഥപൂര്‍ണ്ണമായ മാനവാകാരം കൈക്കൊണ്ടിരിക്കുന്നതാണത്. അതിനാല്‍ ഒരേസമയം ഈശ്വരന്‍ സഗുണനും നിര്‍ഗ്ഗുണനുമാണ്. സാകാരനും നിരാകാരനുമാണ്. നിര്‍ഗ്ഗുണനിരാകാരമെന്ന നിലയില്‍ അതു ചലിക്കുന്നില്ല. എന്നാല്‍ സഗുണസാകാരമെന്നനിലയില്‍ അതു ചലിക്കുന്നു. ഈ രഹസ്യം മനസ്സിലാക്കിയവര്‍ക്ക് അതു അടുത്താണ്. അല്ലാത്തവര്‍ക്ക് അതു ഏറ്റവും അകലെയുമാകുന്നു.

‘തദേ ജതി തന്നൈ ജതി
തദ്ദൂരേ തദ്വന്തികേ,
തദന്തരസ്യ സര്‍വസ്യ
തദുസര്‍വസ്യാസ്യ ബാഹ്യതഃ

അതു ചലിക്കുന്നു. അതു ചലിക്കുന്നില്ല. അതു ദൂരെയാണ്. അത് അടുത്താണ്. അതു ഇക്കാണായതെല്ലാറ്റിന്റെയും ഉളളിലാണ്. അത് ഇതിന്റെ എല്ലാറ്റിന്റെയും പുറത്തുമാണ്.

എന്ന് ഈശാവാസ്യോപനിഷത് ഇക്കാര്യം സ്പഷ്ടീകരിച്ചിരിക്കുന്നു. ആ നിലയ്ക്ക് ഈ സ്‌തോത്രത്തില്‍ കാണുന്ന ഭഗവത്സ്വരൂപം പരമാത്മപ്രതീകമല്ല; അതിലുപരി പരമാത്മാവുതന്നെയാണ്. അതിനാല്‍ ഈ സ്‌തോത്രം ശ്രദ്ധാലുവിനെകൊണ്ടെത്തിക്കുന്നത് ഉപനിഷത്തിലാണെന്നറിയണം.

സ്‌തോത്രപ്രയോജനം

സാധകന് ഭക്തിയും ജ്ഞാനവും പകരാന്‍ പ്രയോജനപ്പെടുന്ന ഉപായമാണ് സ്‌തോത്രമെന്ന് എളുപത്തില്‍ പറഞ്ഞുവയ്ക്കാം. ജ്ഞാനവും ഭക്തിയും പരസ്പരപോഷകമാകയാല്‍ സ്‌തോത്രങ്ങള്‍ ചെയ്യുന്ന സേവനം വളരെ വലുതാണ്. ശിവകേശാദിപാദസ്‌തോത്രം വായിക്കുന്നവരുടെയും ആലപിക്കുന്നവരുടെയും കേള്‍ക്കുന്നവരുടെയും ഹൃദയത്തില്‍ ഭഗവദ്രൂപത്തെ ഉറപ്പിക്കുന്നു. ഭഗവത്കഥകളെ ഹൃദയത്തില്‍ അനുരണനം ചെയ്യിക്കുന്നു. ഭഗവാന്റെ മഹിമാനം ഹൃദയത്തില്‍ പ്രകാശിപ്പിക്കുന്നു. ഭഗവത്പാദങ്ങളില്‍ മനസ്സുറപ്പിക്കാന്‍ ഇതിലും കരുത്തുറ്റ മാര്‍ഗ്ഗം വേറൊന്നില്ല. അനായസമായി ഭഗവത്സാന്നിദ്ധ്യമനുഭവിച്ച് ആത്മനിര്‍വൃതിയിലാറാടാന്‍ അതു വഴിയൊരുക്കുന്നു. യാഗാദികളുടെ കാര്യത്തിലെന്നപോലെ സമ്പത്തും സംഘടനാപാടവവും ഇതിനുവേണ്ട. രാജയോഗത്തിനെന്നപോലെ കഠിനമായ മനോദാര്‍ഢ്യവും അഭ്യാസവും തീവ്രനിഷ്ഠയും ഇതിനുവേണ്ട. ജ്ഞാനയോഗത്തിന്റെ കാര്യത്തിലെന്നപോലെ സുവിസൃതമായ ഗ്രന്ഥവിശകലനവും ഇതിനാവശ്യമില്ല. അനുഷ്ഠാനത്തില്‍ പിഴവു പറ്റിപ്പോയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന ഭയവും വേണ്ട, കൈമുതലായി ആകെ വേണ്ടത് സ്വച്ഛമായ മനസ്സ്. എങ്കില്‍ ശിവസാക്ഷാല്‍ക്കാരം എത്തിപ്പിടിക്കാവുന്ന ദൂരത്തുമാത്രം.

ഊരിന്നുവേണ്ട ചില ഭാരങ്ങള്‍ വേണ്ട ബത
നീരിന്നുവേണ്ട നിജഭാരങ്ങള്‍ വേണ്ടതിനു
നാരായണാച്യുതഹരേ എന്നതിന്നൊരുവര്‍
നാവൊന്നെ വേണ്ടുഹരി നാരായണായനമ:

എന്ന് ഹരിനാമകീര്‍ത്തനത്തില്‍ എഴുത്തച്ഛന്‍ ഭഗവത് കീര്‍ത്തനമഹത്വം സ്പഷ്ടീകരിച്ചിരിക്കുന്നു. ഈ ശിവ കീര്‍ത്തനം ആര്‍ക്കുവേണമെങ്കിലും ജപിക്കാം. എപ്പോള്‍ വേണമെങ്കിലും ജപിക്കാം. യഥാര്‍ത്ഥ ഭക്തിയുള്ളവര്‍ ആരായാലും ഇതു പഠിക്കാന്‍ അധികാരിയാണെന്ന് സ്വാമിജി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

അദ്വൈതിയുടെ സ്‌തോത്രം

ശ്രീശങ്കരാചാര്യ സ്വാമികള്‍ വിരചിച്ച സ്‌തോത്രരത്‌നങ്ങള്‍ അദ്ദേഹത്തിന്റേതല്ലെന്നു സ്ഥാപിക്കാന്‍ ചിലര്‍ ശ്രമിച്ചുകണ്ടിട്ടുണ്ട്. അദ്വൈതിക്ക് സ്‌തോത്രമെഴുതാനാവുകയില്ലന്നൊരു വാദമാണ് അവര്‍ ഉന്നയിക്കുന്നത്. ദ്വൈതത്തിലും വിശിഷ്ടാദ്വൈതത്തിലുമല്ലേ സ്‌തോത്രത്തിനു പ്രസക്തിയുള്ളൂ. പണ്ഡിതമ്മന്യന്മാരായ അക്കൂട്ടര്‍ക്കു സ്വാമിജി നല്‍കുന്ന ചുട്ട മറുപടികൂടിയാണ് ഈ സ്‌തോത്രം. ഇത് അദ്വൈതി രചിച്ച സ്‌തോത്രമാകുന്നു.

മുകളിലെത്താന്‍ ഉപയോഗിച്ച ഗോവണി മറ്റാര്‍ക്കും പ്രയോജനപ്പെടാതിരിക്കാനായി തട്ടിക്കളയുന്നവരല്ല നമ്മുടെ ഋഷിമാരെന്ന സത്യം മേല്പറഞ്ഞ പണ്ഡിതന്മാര്‍ മറന്നുപോയിരിക്കുന്നു. മുകളിലെത്താന്‍ അവസരംപാര്‍ത്ത് അനേകം ആളുകള്‍ ചുവട്ടില്‍ കാത്തു നില്പുണ്ടെന്ന് ഋഷിമാര്‍ക്കറിയാം. സാധകര്‍ക്കുവേണ്ടുന്ന വഴി ഒരുക്കിക്കൊടുക്കാന്‍ എക്കാലവും ബദ്ധശ്രദ്ധരായിരിക്കുന്നു ഇന്നാട്ടിലെ സിദ്ധപുരുഷന്മാര്‍. അതാണ് ഋഷിമാരുടെ കാരുണ്യം. അദ്വയാനുഭൂതിയ്ക്കായി അവസരം പാര്‍ത്തു നില്‍ക്കുന്നവരെല്ലാം താന്‍ തന്നെയാണെന്ന പ്രത്യക്ഷാനുഭവമാണ് ആ കാരുണ്യത്തിന്റെ കരുത്ത്. അദ്വൈതാനു ഭൂതിയില്‍ പലതില്ലെങ്കിലും അവിടെ എത്തുന്നതിനുമുമ്പ് നാനാത്വമുണ്ട്. അതിനാല്‍ ദ്വൈതത്തെയും വിശിഷ്ടാദ്വൈതത്തെയും അദൈ്വതാചാര്യന്മാര്‍ അംഗീകരിക്കുന്നു. അതിനുതെളിവ് ആചാര്യസ്വാമികള്‍ രചിച്ച ഭാഷ്യങ്ങള്‍ തന്നെയാണ്. അദ്വൈതം അനുഭൂതിയാണ്. അവിടെ പലതില്ലായ്കയാല്‍ ഭാഷ്യവുമില്ല. ഭാഷ്യരചനയും സാദ്ധ്യമല്ല. ഭാഷ്യം രചിച്ചു എന്നതുതന്നെ ദ്വൈതത്തിന്റെ അംഗീകാരമാണ്. മാനവരാശി മുഴുവന്‍ ദ്വൈതത്തിലാണു നില്‍ക്കുന്നത്. അവിടെനിന്നാണു സാധന ആരംഭിക്കേണ്ടത്. ദൈ്വതത്തില്‍നിന്നു വിശിഷ്ടാദ്വൈതത്തിലേക്കും അവിടെനിന്ന് അദ്വൈതത്തിലേക്കും സാധകന്‍ പുരോഗമിക്കണം. അതിനാല്‍ അദ്വൈതാചാര്യന്മാര്‍ സ്‌തോത്രങ്ങള്‍ രചിക്കുകയും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ശ്രീ ശങ്കരാചാര്യസ്വാമികള്‍ ഭാരതഖണ്ഡത്തിലെ നാലുകോണുകളിലായി മഠങ്ങള്‍ സ്ഥാപിച്ചത് അതുകൊണ്ടാണ്. ആത്മാരാമനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ ശ്രീരാമസീതാ ആഞ്ജനേയ പ്രതിഷ്ഠ നടത്തിയതും ശ്രീനാരായണഗുരുദേവന്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതുമെല്ലാം ഇങ്ങനെ ലോകകല്യാണാര്‍ത്ഥമാണ്. അവരെല്ലാം അദ്വൈതികളായ സിദ്ധപുരുഷന്മാരായിരുന്നു എന്ന സത്യവും മറക്കാതിരിക്കുക. ഗുരുപാദം ശുശ്രൂഷിച്ച് ആത്മജ്ഞാനം നേടിയ ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ സ്‌തോത്രം രചിച്ചതും ലോകഹിതത്തിനാണെന്നറിഞ്ഞുകൊള്ളണം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം