വിവാദ പരാമര്‍ശം: ഗഡ്കരി ഖേദം പ്രകടിപ്പിച്ചു

November 6, 2012 ദേശീയം

ന്യൂഡല്‍ഹി: സ്വാമി വിവേകാനന്ദനും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും ഒരേ ബൗദ്ധികനിലവാരമുള്ളവരെന്ന അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് ബി.ജെ.പി. അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ഖേദം പ്രകടിപ്പിച്ചുകൊണ്ട് പ്രസ്താവനയിറക്കി. സ്വാമി വിവേകാനന്ദനെ താന്‍ ഒരിക്കലും ആരുമായും താരതമ്യപ്പെടുത്തിയിട്ടില്ലെന്നും തന്റെ പരാമര്‍ശം പൊതുവികാരത്തെ ഏതെങ്കിലും തരത്തില്‍ വ്രണപ്പെടുത്തിയെങ്കില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്നും ഗഡ്കരി പ്രസ്താവനയില്‍ പറയുന്നു.

ഞായറാഴ്ച ഭോപ്പാലിലെ ചടങ്ങില്‍ ഗഡ്കരിയുടെ പ്രസംഗത്തില്‍ വിവാദപരാമര്‍ശമുണ്ടായത്. ‘സ്വാമി വിവേകാനന്ദന്റെയും ദാവൂദ് ഇബ്രാഹിമിന്റെയും ബുദ്ധിനിലവാരം താരതമ്യപ്പെടുത്തുകയാണെങ്കില്‍ അത് ഏറെക്കുറെ തുല്യരായിരിക്കും. പക്ഷേ, ഇരുവരുടെയും ജീവിതഗതി തീര്‍ത്തും വിഭിന്നമാണ്. രാഷ്ട്രനിര്‍മാണം, സാഹോദര്യം, ആത്മീയത എന്നിവയ്ക്കുവേണ്ടി വിവേകാനന്ദന്‍ ബുദ്ധിശക്തി ഉപയോഗിച്ചപ്പോള്‍, ദാവൂദ് അത് ഉപയോഗിച്ചത് നാശോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കാണ്’.എന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഗഡ്കരിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തുവന്നു. ഇതേത്തുടര്‍ന്നാണ് ഖേദം പ്രകടിപ്പിക്കാന്‍ അദ്ദേഹം തയ്യാറായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം