ഒബാമ വീണ്ടും അമേരിക്കന്‍ പ്രസിഡന്റ്

November 7, 2012 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: ബാറക്ക് ഹുസൈന്‍ ഒബാമ വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 303 ഇലക്ട്രല്‍ വോട്ടുകള്‍ നേടി വൈറ്റ് ഹൗസില്‍ അടുത്ത നാല് വര്‍ഷത്തേക്കു കൂടി ഒബാമ അധികാരം ഉറപ്പിച്ചത്. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ഥി മിറ്റ് റോംനി 203 ഇലക്ട്രല്‍ വോട്ടുകള്‍ മാത്രമാണ് നേടിയത്. 270 ഇലക്ട്രല്‍ വോട്ടുകളായിരുന്നു വിജയിക്കാന്‍ വേണ്ടത്. 26 സംസ്ഥാനങ്ങള്‍ ഒബാമയെ പിന്തുണച്ചപ്പോള്‍ 24 സംസ്ഥാനങ്ങള്‍ മാത്രമാണ് റോംനിക്കൊപ്പം നിന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വൈറ്റ് ഹൌസില്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും എത്തുന്ന രണ്ടാമത്തെ ഡെമോക്രാറ്റിക് പ്രതിനിധിയാണ് ഒബാമ.

മസാച്യുസെറ്റ്‌സിലെ മുന്‍ ഗവര്‍ണറായിരുന്നു റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥിയായ മിറ്റ് റോംനി. വൈസ് പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനും തെരഞ്ഞെടുക്കപ്പെട്ടു. പോള്‍ റിയാനായിരുന്നു റിപ്പബ്‌ളിക്കന്‍ പക്ഷത്തെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. വിജയം ഉറപ്പിച്ചശേഷം സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ട്വിറ്ററിലൂടെയായിരുന്നു ഒബാമ ആദ്യ പ്രതികരണം നടത്തിയത്.

‘നാല് വര്‍ഷം കൂടി’ യെന്നായിരുന്നു ഒബാമയുടെ ആദ്യ വാക്കുകള്‍. ‘നിങ്ങള്‍ മൂലമാണിത് സംഭവിച്ചത്, നന്ദി’ ഒബാമ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. മിഷേല്‍ ഒബാമയും ട്വിറ്ററിലൂടെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. ഫലമറിഞ്ഞ ശേഷം ബോസ്‌റണിലെ ക്യാമ്പില്‍ നടത്തിയ പ്രസംഗത്തില്‍ റോംനി തോല്‍വി സമ്മതിച്ചു. വികാരപരമായിരുന്നു റോംനിയുടെ പ്രസംഗം. അമേരിക്കയിലും അമേരിക്കന്‍ ജനതയിലും താന്‍ ഇപ്പോഴും വിശ്വസിക്കുന്നതായുമുള്ള റോംനിയുടെ പരാമര്‍ശം വന്‍ കൈയ്യടിയോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. താന്‍ മറ്റൊരു ദിശയില്‍ രാജ്യത്തെ നയിക്കണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ രാജ്യം മറ്റൊരാളെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് റോംനി പറഞ്ഞു. തിങ്ങിക്കൂടിയ അനുയായികള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് റോംനി തുടങ്ങിയത്. ഒബാമയെ അഭിനന്ദിക്കുന്നതായിരുന്നു രണ്ടാമത്തെ വാചകം. വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ രാജ്യത്തെ വിജയകരമായി നയിക്കാന്‍ ഒബായ്ക്ക് ആകട്ടെയെന്ന് റോംനി ആശംസിച്ചു. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ റോംനിയുടെ പിന്തുണ അഭ്യര്‍ഥിക്കുന്നതായി ബറാക്ക് ഒബാമ. രണ്ടാമതും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഷിക്കാഗോയില്‍ അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഒബാമ. അമേരിക്കയ്ക്ക് നല്ലകാലം വരാനിരുക്കുന്നതേയുള്ളുവെന്ന് ഒബാമ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശക്തമായിരുന്നെന്ന് സമ്മതിച്ച ഒബാമ റോംനിയെ അഭിനന്ദിക്കാനും മറന്നില്ല. വന്‍ കരഘോഷത്തോടെയാണ് ഒബാമയുടെ ഓരോ വാക്കുകളും ജനക്കൂട്ടം സ്വീകരിച്ചത്. കാലിഫോര്‍ണിയ (55 ഇലക്ട്രല്‍ വോട്ടുകള്‍), ന്യൂയോര്‍ക്ക് (29), ഇല്ലിനോയിസ് (20), പെന്‍സില്‍വാനിയ(20) ന്യൂജേഴ്‌സി (14), ഒഹിയോ (18), മിഷിഗണ്‍(16), മസാച്യുസെറ്റ്‌സ്(11), മിനേസോട്ട(10), കൊളോറാഡോ(9), കണക്ടിക്യൂട്ട്(7), വാഷിംഗ്ടണ്‍ (12), വെര്‍ജീനിയ (13), വിസ്‌കന്‍സിന്‍ (10) തുടങ്ങിയ സംസ്ഥാനങ്ങളാണ് ഒബാമയുടെ വിജയത്തില്‍ നിര്‍ണായകമായത്. ടെക്‌സാസ് (38), ജോര്‍ജിയ (16), ടെന്നസീ(11), ഇന്ത്യാന(11), ലൂസിയാന (8), മിസൌരി (10), നോര്‍ത്ത് കരോളിന(15), സൌത്ത് കരോളിന (9) തുടങ്ങിയവ റോംനിയെ തുണച്ചു. കണക്കനുസരിച്ച് 55,114,576 വോട്ടുകള്‍ ഒബാമയും 54,007,181 വോട്ടുകള്‍ റോംനിയും നേടി. ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ വോട്ടുകളുള്ള കാലിഫോര്‍ണിയയില്‍ 57 ശതമാനം വോട്ടുകളാണ് ഒബാമ നേടിയത്. ഫ്‌ളോറിഡയില്‍ ഒബാമയും റോംനിയും ഏകദേശം ഒപ്പത്തിനൊപ്പമായിരുന്നു.

29 ഇലക്ട്രല്‍ വോട്ടുകളുള്ള ന്യൂയോര്‍ക്കില്‍ 62 ശതമാനം പേര്‍ ഒബാമയെ പിന്തുണച്ചു. റോംനിക്ക് വേനല്‍ക്കാല വസതിയുള്ള ന്യൂ ഹാംപ്‌ഷെയറിലെയും റിപ്പബ്‌ളിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ പോള്‍ റിയാന്റെ സ്വന്തം നാടായ വിസ്‌കന്‍സിനിലെയും പരാജയമാണ് റിപ്പബ്‌ളിക്കന്‍ പക്ഷത്തെ കൂടുതല്‍ ഞെട്ടിക്കുന്നത്. പരമ്പരാഗതമായി ആദ്യം വോട്ടെടുപ്പ് നടക്കുകയും ഫലം പുറത്തുവരികയും ചെയ്യുന്ന ന്യൂഹാംഷെയറിലെ വടക്കുകിഴന്‍ മേഖലയിലെ വിദൂരപ്രദേശമായ ഡിക്‌സ്വില്‍ നോച്ചില്‍ ആകെയുള്ള 10 വോട്ടുകളില്‍ അഞ്ചുവീതം ഒബാമയ്ക്കും റോംനിക്കും ലഭിച്ചു. 1960 മുതല്‍ ഇവിടെയാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. ഓരോ സംസ്ഥാനത്തുനിന്നും ജയിക്കുന്ന ഇലക്ടര്‍മാര്‍ ഡിസംബറിലെ രണ്ടാം ബുധനാഴ്ചയ്ക്കുശേഷം വരുന്ന തിങ്കളാഴ്ച അതതു സംസ്ഥാന തലസ്ഥാനങ്ങളില്‍ സമ്മേളിച്ചു പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും വോട്ടുചെയ്തു തെരഞ്ഞെടുക്കും. ജനുവരി ആദ്യം പുതിയ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ നിലവിലുള്ള പ്രസിഡന്റ് സെനറ്റിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഇലക്ടറല്‍ കോളജ് വോട്ടെണ്ണലിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍