ശ്രീപത്മനാഭസ്വാമിക്ഷേത്രം: സുപ്രീംകോടതി പരാമര്‍ശം ഗൗരവകരം

November 7, 2012 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ സംബന്ധിച്ച് അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി നടത്തിയ പരാമര്‍ശം ഗൗരവകരവും ഭക്തജനങ്ങളെ ഏറെ വേദനിപ്പിക്കുന്നതുമാണ്. ഒരു വിഷ്ണുക്ഷേത്രത്തിനുവേണ്ട ആചാരവിശുദ്ധി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ പാലിക്കുന്നില്ലെന്നാണ് അമിക്കസ്‌ക്യൂറി സുപ്രീംകോടതിയില്‍ അറിയിച്ചത്. ഇത് വേദനാജനകമെന്നാണ് ഭാരതത്തിലെ പരമോന്നത നീതിപീഠം അഭിപ്രായപ്പെട്ടത്. നൂറുപേജോളം വരുന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ക്ഷേത്രാചാരവിരുദ്ധമായ കാര്യങ്ങള്‍ അക്കമിട്ടാണ് നിരത്തിയിട്ടുള്ളത്. ക്ഷേത്രത്തിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ആളില്ലെന്നതാണ് പ്രധാനപ്രശ്‌നമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തിമാക്കിയിട്ടുള്ളത്. നിര്‍മ്മാല്യസമയംമുതല്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നാണ് ആചാരം. എന്നാല്‍ ഇക്കാര്യത്തില്‍ കടുത്ത വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്. ഭഗവാനെ പള്ളിയുണര്‍ത്താന്‍ ശംഖുവിളിപോലും ഇല്ലാ എന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

സാളഗ്രാമംകൊണ്ടുള്ള ശയിക്കുന്ന വിഷ്ണുവിഗ്രഹത്തില്‍ അറ്റകുറ്റപ്പണി നടത്തണമെന്നുള്ള റിപ്പോര്‍ട്ടിലെ പരാമര്‍ശം അതീവ ഗൗരവകരമാണ്. ഒരു ക്ഷേത്രത്തിലെ വളരെപ്രാധാന്യമര്‍ഹിക്കുന്ന കൊടിമരം വൃത്തിയാക്കണമെന്ന് അമിക്കസ്‌ക്യൂറി ചൂണ്ടിക്കാട്ടേണ്ടിവന്ന സാഹചര്യമാണ് ക്ഷേത്രത്തില്‍ നിലനില്‍ക്കുന്നത്. ഇതില്‍നിന്നുതന്നെ വര്‍ഷങ്ങളായി ആചാരലംഘനം നടന്നുവരുന്നതായാണ് അനുമാനിക്കേണ്ടത്.

ഭഗവാനെ നിവേദ്യമൊരുക്കേണ്ട തിടപ്പള്ളിയെ സംബന്ധിച്ചും പരാമര്‍ശമുണ്ട്. നരസിംഹമൂര്‍ത്തിക്കുള്ള പാനകം വൃത്തിയോടെയല്ല ഉണ്ടാക്കുന്നത്. ഗോശാല ക്ഷേത്രത്തിലില്ലാത്തതിനാല്‍ പത്മനാഭസ്വാമിക്കുള്ള പാല് പുറത്തുനിന്നാണ് കൊണ്ടുവരുന്നത്. തീര്‍ത്ഥക്കുളം വൃത്തിയായല്ല സൂക്ഷിച്ചിട്ടുള്ളത്. ക്ഷേത്രവും പരിസരവും ജീവനക്കാര്‍ തുപ്പിവൃത്തികേടാക്കുന്നു. ക്ഷേത്രത്തിലെ പൂജാരിമാര്‍ക്കും മറ്റും ശമ്പളവും മറ്റാനുകൂല്യങ്ങളും കുറവാണ്. ഇതുമൂലം പൂജ മുടങ്ങുന്നു. ക്ഷേത്രത്തിലേക്കാവശ്യമുള്ള തുളസിയിലകള്‍ക്കായി തോട്ടംവേണം. വില്വമംഗലംസ്വാമിക്കുള്ള പൂജ നടക്കുന്നില്ല. പത്മനാഭസ്വാമിക്ക് ചാര്‍ത്തുന്ന പൂമാലകള്‍ അലക്ഷ്യമായി ചവറ്റുകുട്ടയിലുംമറ്റും വലിച്ചെറിയുന്നു. വിനോദസഞ്ചാരികള്‍ വരുന്നതിനാല്‍ ക്ഷേത്രപരിസരം മലിനമാകുന്നു. ഉപപ്രതിഷ്ഠകളായ ഹനുമാന്‍, ഗരുഡന്‍, അഗ്രശാലഗണപതി, അയ്യപ്പന്‍ എന്നിവര്‍ക്കുള്ള പൂജകളും ശരിയായരീതിയിലല്ല നടക്കുന്നത്. പുറത്തുനിന്നുകൊണ്ടുവരുന്ന ഭക്ഷണം ഉപയോഗിച്ചാണ് അന്നദാനം നടത്തുന്നത്. അപ്പവും അരവണയുംപോലും പുറത്തുനിന്നുകൊണ്ടുവന്നു ഭക്തജനങ്ങള്‍ക്ക് നല്‍കുന്നു തുടങ്ങിയകാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ശീവേലി നടത്തുമ്പോള്‍ വിഗ്രഹം കിടത്താനുപുയോഗിക്കുന്ന പട്ടുമെത്ത കീറിയതാണെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടിലൂടെ പത്മനാഭസ്വാമിക്ഷേത്രത്തില്‍ എത്ര ലാഘവത്തോടെയും അലംഭാവത്തോടെയുമാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് വ്യക്തമാണ്.

അനന്തപുരിവാസികളുടെ ആത്മാവിന്റെ ഭാഗമാണ് പത്മനാഭസ്വാമി. അമൂല്യമായ സ്വത്ത് ക്ഷേത്രത്തിലുണ്ടെന്ന് വെളിപ്പെട്ടതോടെയാണ് കാര്യങ്ങള്‍ സുപ്രീംകോടതിവരെ എത്തിയത്. ഇതൊരു നിമിത്തമാവാനാണ് സാദ്ധ്യത. അങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ പതിറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നടന്നുവരുന്ന ആചാരലംഘനവും മറ്റും പുറംലോകം അറിയില്ലായിരുന്നു.

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധീനതയിലാണ് ഇന്ന് ശ്രീപത്മനാഭസ്വാമിക്ഷേത്രം. പത്മനാഭദാസന്മാരാണ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍. തൃപ്പടിദാനത്തിലൂടെ രാജ്യം പത്മനാഭന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചിട്ടാണ് അവര്‍ രാജ്യം ഭരിച്ചത്. ആ പാരമ്പര്യത്തിന് ഉടമകളായ രാജകുടുംബം ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ അണുവിട തെറ്റാതെ നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബാദ്ധ്യസ്ഥരായിരുന്നു. എല്ലാം ഒരു എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതലയില്‍ വച്ചിട്ട് മാറിനിന്നാകാം ഇതിനുകാരണം.

രാജകുടുംബത്തില്‍നിന്നുള്ള ആരെയെങ്കിലും ക്ഷേത്രത്തിന്റെ ചുമതല ഏല്‍പ്പിക്കണണെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജകുടുംബത്തിന്റെ പ്രതിനിധിയുടെ കീഴില്‍ പ്രവര്‍ത്തിക്കണമെന്നുമാണ് അമിക്കസ്‌ക്യൂറി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ക്ഷേത്രാചാരങ്ങളെ സംബന്ധിച്ച് വ്യക്തമായി പഠിക്കുകയും അവിടത്തെ വീഴ്ചകളെല്ലാം കണ്ടെത്തി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്ത അമിക്കസ്‌ക്യൂറി ഗോപാല്‍സുബ്രഹ്മണ്യം ശ്രീപത്മനാഭന്റെ അനുഗ്രഹത്തിന് പാത്രമാകുമെന്നതില്‍ സംശയമില്ല. ഇക്കാര്യത്തില്‍ ഭക്തജനങ്ങളും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

ക്ഷേത്രത്തിന്റെ നടത്തിപ്പ് ഭരണസമിതിയില്‍ നിക്ഷിപ്തമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ആചാര ലംഘനങ്ങള്‍ പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടി കൈക്കൊള്ളാന്‍ തിരുവിതാംകൂര്‍ രാജകുടുംബം ഒട്ടുംവൈകരുത്.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍