ബസ് യാത്രാനിരക്ക് കൂട്ടി: മിനിമം ബസ് ചാര്‍ജ്ജ് 6 രൂപ

November 7, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു. മിനിമം ബസ് ചാര്‍ജ്ജ് 6 രൂപയാക്കി. വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയാക്കി. ഫാസ്റ്റ് പാസഞ്ചറിന്റെത് 7 രൂപയില്‍ നിന്ന് 8 രൂപയായി. സൂപ്പര്‍ ഫാസ്റ്റ് 12 രൂപയും സൂപ്പര്‍ എക്‌സ്പ്രസ് 17രൂപയും സൂപ്പര്‍ ഡീലക്‌സ് 25 രൂപയും ലക്ഷ്വറി ഹൈടെക് വോള്‍വോ ബസ്‌കള്‍ക്ക് 35 രൂപയുമാണ് പുതുക്കിയ മിനിമം ചാര്‍ജ്.

ഓര്‍ഡിനറിക്ക് 58 പൈസയും ഫാസ്റ്റ് പാസഞ്ചറിന് 62 പൈസയും സൂപ്പര്‍ ഫാസ്റ്റിന് 65 പൈസയും സൂപ്പര്‍ എക്‌സ്പ്രസിന് 70 പൈസയും സൂപ്പര്‍ ഡീലക്‌സിന് 80 പൈസയും ലക്ഷ്വറി ഹൈടെക് ബസിന് ഒരു രൂപയും വോള്‍വോ ബസുകള്‍ക്ക് ഒരു രൂപ 20 പൈസയുമാണ് കിലോമീറ്റര്‍ നിരക്ക്.

സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ അധ്യക്ഷനായ നിരക്കു നിര്‍ണയ സമിതിയുടെ ശുപാര്‍ശകളാണ് നടപ്പിലാക്കിയത്. എന്നാല്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ ബസ്ചാര്‍ജിന്റെ 25 ശതമാനമാക്കണം എന്ന രാമചന്ദ്രന്‍ കമ്മിഷന്റെ ശുപാര്‍ശ മന്ത്രിസഭ തളളി. വര്‍ധിപ്പിച്ച നിരക്കുകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ഓട്ടോടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് തീരുമാനമായില്ല. ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം