ഗുരുപാദര്‍

November 8, 2012 ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

‘ഗുരുദേവന്‍’ എന്നെഴുതുന്നതിന് പകരം ഗുരുപാദരെന്നെഴുതുവാനുപദേശിച്ച ഗുരുനാഥന്റെ അറിവിന്റെ ആഴമറിയുവാന്‍ ആര്‍ക്കുംതന്നെ കഴിഞ്ഞിരുന്നില്ല. ആത്മസ്വരൂപവും പ്രണവസ്വരൂപവും ഒന്നുതന്നെയാണ്. അതുതന്നെയാണ് പാദം. എല്ലാറ്റിനേയും താങ്ങിനിര്‍ത്തുന്നത്- എല്ലാറ്റിനും ആധാരമായിട്ടുള്ളത്-എന്ന് ശങ്കാരഹിതമായി പറയാന്‍ കഴിയുന്ന അവസ്ഥ സ്വാമിജിയെപ്പോലുള്ള ഒരു മഹാത്മാവിനു സാധാരണം മാത്രമാണ്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രണവധ്വനി മുഴങ്ങിക്കൊണ്ടിരുന്ന സ്വാമിജിയെന്ന ബ്രഹ്മസങ്കല്പം അഹന്തയറ്റ ജീവിതത്തിന്റെ അനാര്‍ഭാട സന്ദേശമായിരുന്നുവെന്ന് അറിയുന്നവര്‍ വളരെ കുറവാണ്. സര്‍വവേദങ്ങളുടെ സ്വരൂപവും സ്വഭാവവും ആ ജീവിതത്തില്‍ അന്തര്‍ലീനമായിരുന്നു.

”………ഏകാന്തേ പരമാത്മജ്ഞാനതല്പരനായി
വൈദിക കര്‍മങ്ങളുമാത്മനി സമര്‍പ്പിച്ചാല്‍
ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും
മാനസേ വികല്പങ്ങളേതുമേയുണ്ടാകൊലാ” എന്ന അധ്യാത്മരാമായണത്തിലെ പ്രസ്താവം വൈദികമന്ത്രങ്ങളുടെ മുറവിളിയേക്കാള്‍ അവ കൊണ്ടുദ്ദേശിക്കുന്ന തത്ത്വങ്ങളുടെ ആത്മസമര്‍പ്പണമാണ് ജ്ഞാനത്തെ ഉറപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നു. അധ്യാത്മരാമായണത്തിലാരംഭിച്ച് ശ്രീരാമോപാസനയിലൂടെ ആത്മരാമനായിമാറിയ സ്വാമിജി നിവത്തിക്കും നിര്‍വൃതിക്കും ഏകസിദ്ധാന്തമാക്കിയത് ”രാമനാമാമൃതവും രാമപദധ്യാന” വുമായിരുന്നു. മഹാമനീഷിയായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ രാമന്റെ വാങ്മയശരീരമായ രാമായണസ്വരൂപംതന്നെയായിരുന്നു. രാമന്റെ തിരുവവതാരംകൊണ്ട് ഉദ്ദേശിക്കപ്പെട്ട കര്‍മനിര്‍വഹണം ധര്‍മത്തിലും ത്യാഗത്തിലും അധിഷ്ഠിതമായിരുന്നു. സര്‍വവും ഉപേക്ഷിക്കുന്നതില്‍ രാമന്‍കാണിച്ചതാല്പര്യവും നിഷ്‌കാമത്വവും ഉപാസനാകാലം മുതല്‍ അവസാനം വരെയും ഗുരുനാഥന്റെ സാമാന്യസ്വഭാവമായിരുന്നു. ഉപാസകനും ഉപാസ്യവും തമ്മിലുള്ളബന്ധം താദാത്മ്യംപ്രാപിച്ച് പരമപദവിയിലെത്തുന്ന അവസ്ഥയായിരുന്നു സ്വാമിജിയുടെ മഹാമനീഷിത്വം പ്രകടമാക്കിയത്.

കുലഗുരുക്കന്മാര്‍

രാമായണത്തിലെ കുടുംബബന്ധങ്ങളെ വിലയിരുത്തി രാമന്റെ തിരു അവതാരവും രാമായണത്തിന്റെ മഹത്വവും ചര്‍ച്ചചെയ്യുമ്പോള്‍ വസിഷ്ഠന്‍തുടങ്ങിയ മഹാമുനിമാരുടെ പുരോഹിതകര്‍മംപോലും ശ്രേഷ്ഠമായിരുന്നുവെന്നാണ് പ്രതിപാദിച്ചിട്ടുള്ളത്. ജീവിതത്തിന്റെ വിവിധതുറകളില്‍ വ്യാപരിക്കുന്ന ധര്‍മോന്മുഖമായ മഹനീയമാതൃക മഹാത്മാക്കള്‍ എങ്ങനെ അംഗീകരിച്ചിരുന്നുവെന്ന് രാമായണത്തിലെ കുലഗുരുക്കന്മാരും മറ്റ് സന്ന്യാസിശ്രേഷ്ഠന്മാരും വ്യക്തമാക്കുന്നു. സന്ന്യാസത്തിന് ലക്ഷ്യസ്ഥാനം ഒന്നേയുള്ളുവെങ്കിലും മാര്‍നിര്‍ണയും ചെയ്യുമ്പോള്‍ വ്യത്യസ്തഭാവങ്ങള്‍ രേഖപ്പെടുത്തിക്കാണുന്നുണ്ട്. കുടൂചകന്‍,ബഹൂദകന്‍,ഹംസന്‍,പരമഹംസന്‍,തുര്യന്‍,തുര്യതീതന്‍,അവധൂതന്‍,അതിവര്‍ണാശ്രമിയെന്നിങ്ങനെ അനുഷ്ഠിക്കപ്പെടുന്ന കര്‍മങ്ങളനുസരിച്ച് സന്ന്യാസത്തെ സ്വഭാവനിര്‍ണയം ചെയ്തിട്ടുണ്ട്. ”കുടീചകബഹുദകയോര്‍ ദേവാര്‍ച്ചനം” എന്നു രേഖപ്പെടുത്തിക്കാണുന്നു. മനസ്സും ശരീരവും അര്‍ച്ചനയിലൂടെ പരിപക്വമായിത്തീരുന്നു. ഉപാസ്യവൈവിധ്യത്തെ ആസ്പദമാക്കി വിരുദ്ധങ്ങളായ അഭിപ്രായങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. എന്നാല്‍ ഏതുമാര്‍ഗ്ഗം സ്വീകരിക്കുന്നവനും കൈവരിക്കാനുള്ള ലക്ഷ്യം പലതായി കാണുന്നില്ല. ആത്മജ്ഞാനത്തിനര്‍ഹമായ വിധേയത്വം സന്യാസത്തിനു വിധിച്ചിട്ടുണ്ടെങ്കില്‍ മാര്‍ഗവ്യത്യാസം കൊണ്ട്,വിരുദ്ധാഭിപ്രായങ്ങള്‍ ,സൃഷ്ടിക്കുന്നതില്‍ അര്‍ത്ഥമില്ല.

ഭാരതത്തിലെ സാമൂഹ്യവ്യവസ്ഥയില്‍ വേദങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതക്രമം നിലനിന്നിരുന്നു. മറ്റുമാര്‍ഗങ്ങളും ഇല്ലാതിരുന്നില്ല. എങ്കിലും ധര്‍മാര്‍ത്ഥകാമമോക്ഷങ്ങളെന്നു പ്രസിദ്ധമായ പുരുഷാര്‍ത്ഥസിദ്ധാന്തം ജീവിതത്തെ ക്രമപ്പെടുതിതിയിരുന്ന കാലധട്ടത്തില്‍ കുലഗുരുവിനും കുടുംബങ്ങള്‍ക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. വ്യക്തിജീവിതം നിയന്ത്രിക്കപ്പെടുന്നതോടൊപ്പം കുടുംബജീവിതത്തെ ക്രമീകരിക്കുന്നതിനും പുരുഷാര്‍ത്ഥങ്ങള്‍ക്ക് യോജിച്ചവണ്ണം പരിപക്വമാക്കുന്നതിനും കുലഗുരുവിന് ഉത്തരവാദിത്വമുണ്ടായിരുന്നു.

ധര്‍മിയും ധര്‍മവും തമ്മിലുള്ള ബന്ധത്തില്‍ ധര്‍മിയെ നിരാകരിച്ച് ധര്‍മം നിലനിര്‍ത്താനുള്ള ശ്രമം അഗ്നിയില്‍ നിന്ന് ചൂട് മാറ്റി നിര്‍ത്താനുള്ള ശ്രമം പോലെ വിഫലമാണ്. ഉപാധിയും ഉപാധേയവും തമ്മിലുള്ള താദാത്മ്യപ്രാപ്തി ക്രമാനുസൃതമായ കുടുംബജീവിതത്തിലും വിധിക്കപ്പെട്ടിരുന്നു. ധര്‍മത്തില്‍നിന്ന് വ്യതിചലിച്ച് സമ്പത്തുനേടുന്നതിനെ കുലഗുരുക്കന്മാര്‍ അംഗീകരിച്ചിരുന്നില്ല. ധര്‍മത്തെ അടിസ്ഥാനമാക്കിയുള്ള സാധാരണജീവിതം സുസ്ഥാപിതമാക്കുന്നതിന് ചതുരാശ്രമധര്‍മങ്ങള്‍ വിധിച്ചിരുന്നു. ഇതിനുവേണ്ടി പഠനസൗകര്യാര്‍ത്ഥം വേദഗ്രന്ഥങ്ങളെത്തന്നെ നാലായിപകുത്തിട്ടുണ്ട്. അവ യഥാക്രമം സംഹിത,ബ്രാഹ്മണം,ആരണ്യകം,ഉപനിഷത്ത് എന്നിങ്ങനെയാണ്. സമൂഹത്തിലെ എല്ലാകുടുംബങ്ങളിലും ഓരോ വ്യക്തിയും ഇത് പാലിക്കണമെന്ന നിബന്ധന ഭരണാധികാരികളും സമൂഹവും അംഗീകരിച്ചിരുന്നു. ഭരണാധികാരികള്‍ ശിക്ഷാക്രമങ്ങളും അതിലൂടെ രക്ഷാവിധിനിഷേധങ്ങളും പരിപാലിച്ചിരുന്നു. അതിനുവേണ്ടി പ്രസിദ്ധമായ മാര്‍ഗങ്ങളാണ് സാമം,ദാനം,ഭേദം,ദണ്ഡമെന്നിങ്ങനെ പ്രസിദ്ധമായ ചതുരുപായങ്ങള്‍. സമൂഹത്തില്‍ പുരുഷാര്‍ത്ഥങ്ങള്‍ നിജപ്പെടുത്തുന്നതിന് ഇവ പ്രയോജനപ്പെടുത്തിയിരുന്നു. ഇപ്രകാരമുള്ള ഒരു സാമൂഹ്യസ്ഥിതിയില്‍ കുലഗുരുവിനുള്ള സ്ഥാനം സാമൂഹ്യനീതിക്കും നിയന്ത്രണത്തിനും എത്രകണ്ടാവശ്യമാണെന്ന് പറയേണ്ടതില്ലല്ലോ.

”നിന്ദ്യമായുള്ളതു ചെയ്താലൊടുക്കത്തു
നന്നായ് വരികിലതും പിഴയല്ലല്ലോ”

എന്ന് കുലഗുരുവായ വസിഷ്ഠന്‍ അവതാരപുരുഷനായ ശ്രീരാമചന്ദ്രനോട് പറയുന്നരംഗം ശ്രദ്ധേയമാണ്. ആത്മജ്ഞാനിയായ വസിഷ്ഠനോ ധര്‍മാര്‍ത്ഥമവതരിച്ച ഭഗവാന്‍ ശ്രീരാമചന്ദ്രനോ അറിയാത്തതോ വിശദമാക്കേണ്ടതോ ആയ വിഷയമല്ല ഇവിടെ പ്രതിപാദിച്ചത്. മറിച്ച് സമൂഹത്തിലെ ഓരോവ്യക്തിയും അറിഞ്ഞാദരിക്കേണ്ട ഒരു തത്ത്വമായിട്ടാണ് ഇക്കാര്യമവതരിപ്പിക്കുന്നത്.
ധര്‍മത്തെ നിലനിറുത്തുന്നതിനുവേണ്ടിയുള്ള മറ്റുമാര്‍ഗങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ ധര്‍മസംരക്ഷണാര്‍ത്ഥം സ്വീകരിക്കേണ്ടിവരുന്ന മാര്‍ഗങ്ങള്‍ അല്പം നിന്ദ്യമായാല്‍കൂടി ലക്ഷ്യതച്തിന്റെ പവിത്രകൊണ്ട് ആനിന്ദ്യത നിഷ്പ്രഭമാകുന്നു എന്നതാണ് ധരിക്കേണ്ടത്. ധര്‍മം നിലനിര്‍ത്തുന്നതിന് എന്തുക്ലേശവും ഏറ്റെടുക്കേണ്ടതാവശ്യമാണെന്ന ഗുരുനിര്‍ദ്ദേശമാണ് നമുക്കിതില്‍നിന്ന് ലഭിക്കുന്നത്. സമൂഹത്തിന്റെ നിലനില്‍പ്പില്‍ വിരുദ്ധഭാവങ്ങള്‍ ധാരാളമുണ്ടാകാറുണ്ട്. എന്നാല്‍ അവയൊന്നുംതന്നെ ധര്‍മനിരാകരണമോ നിഷേധമോ ആകരുതെന്ന നിര്‍ബന്ധമാണ് നിന്ദ്യമായ മാര്‍ഗത്തെപ്പോലും സാധൂകരിക്കുന്നത്.

സമൂഹത്തില്‍ ധര്‍മബോധം നിലനിര്‍ത്തുന്നതിന് ഈശ്വരീയസങ്കല്പത്തിന് അതീവപ്രാധാന്യം കല്പിച്ചിരുന്നു. അതിനടിസ്ഥാനമായ അധിഷ്ഠാനസങ്കല്പങ്ങളും ആചാരങ്ങളും കുലമഹിമയെ നിലനിര്‍ത്തുന്ന ഉപാസനാരീതികളും കുടുംബങ്ങളിലൂടെയാണ് വ്യക്തികളേയും സമൂഹത്തേയും തയ്യാറാക്കിയിരുന്നത്. ദേവാര്‍ച്ചനയും പൂജാദികളും കര്‍മശുദ്ധി, മനഃശുദ്ധി, അന്തരീക്ഷശുദ്ധി എന്നിങ്ങനെ ആത്മശുദ്ധിവരെയെത്തുന്നതിന് പ്രയോജനപ്പെടുന്ന ഉപദേശങ്ങളായിരുന്നു. ഇങ്ങനെ ധര്‍മസംസ്ഥാപനാര്‍ത്ഥമുള്ള അതിമഹത്തായൊരുസേവനമാണ് കുലഗുരുക്കന്മാരായ സന്യാസിനാര്‍ അനുഷ്ഠിച്ചിരുന്നത്. ഭഗവാന്‍ ശ്രീരാമചന്ദ്രനെപ്പോലുള്ള മഹാത്മാക്കളുടെ അവതാരവരിഷ്ഠതകൊണ്ട് ധന്യതയാര്‍ജിച്ച കുടുംബങ്ങളില്‍ സേവനമര്‍പ്പിക്കുന്നത് ശ്രേഷ്ഠമായിട്ടാണ് വസിഷ്ഠന്‍ കരുതിയത്. സന്യാസിക്ക് പൗരോഹിത്യം (പുരോഹിതവൃത്തി) നിഷിദ്ധമെന്നാണ് സങ്കല്പം. എന്നാല്‍ ഭഗവാനെ സേവിക്കുന്നതും ധര്‍മാര്‍ത്ഥമുള്ള പ്രവൃത്തികളില്‍ മുന്നിട്ടുനില്‍ക്കുന്നതും പുരോഹിതനെന്ന അപവാദത്തിന് വിപരീതവും ശ്രേയസ്‌കരവുമാണെന്ന് വസിഷ്ഠന്‍ വിധികല്പിക്കുന്നു. അനേകങ്ങളെ പരമ്പരയായി ധര്‍മാധിഷ്ഠിതമാക്കുന്ന ശ്രേഷ്ഠമായ ജോലി, പൗരോഹിത്യമെന്ന സങ്കല്പംകൊണ്ട് അപ്രധാനമായി തള്ളേണ്ടതല്ല. മിഥിലരാജ്യത്തിലെ കുലഗുരുവായ ശതാനന്ദനും രാമരാവണയുദ്ധത്തില്‍ രാമന്റെ തേര്‍ത്തട്ടിലിറങ്ങിനിന്ന് ധര്‍മാര്‍ത്ഥം മാര്‍ഗസന്യാസം സ്വീകരിച്ച വിശ്വാമിത്രനുമെല്ലാംമംഗീകരിച്ച ധര്‍മ്മമീമാംസ സമൂഹത്തിന്റെ പരമ്പരാഗതവും ശാശ്വതവുമായ ജീവിതത്തിനും മനുഷ്യസമൂഹത്തിന്റെ നിര്‍വാണത്തിനും ഉപയുക്തമായിത്തീരുകയാണ് ചെയ്തിട്ടുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം