ഗുരുദേവനെ ദൈവമായി കാണുന്നതില്‍ തെറ്റില്ല: വെള്ളാപ്പള്ളി

November 8, 2012 കേരളം

കൊല്ലം: ശ്രീനാരായണഗുരുദേവനെ ദൈവമായി കാണുന്നതില്‍ തെറ്റില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അജ്ഞത കൊണ്ടാണു ഗുരു ദൈവമല്ലെന്നു പറയുന്നത്. ചരിത്രം പഠിച്ചവര്‍ ഗുരു ദൈവമല്ലെന്നു പറയില്ല. വിശ്വാസത്തിനെതിരെ വിരല്‍ ചൂണ്ടുന്നതു ശരിയല്ല. ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ജനപ്രതിനിധികള്‍ ദൈവങ്ങളുടേയോ ദൈവങ്ങളായി കരുതുന്നവരുടേയോ പേരു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്യുന്നത് ഉചിതമല്ലെന്ന സുപ്രീംകോടതി പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുന്‍എംഎല്‍എ ഉമേഷ് ചള്ളിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ശ്രീനാരായണ ഗുരുവിനെ ദൈവമായി കണക്കാക്കാന്‍ കഴിയുമോയെന്നും കോടതി ആരാഞ്ഞിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം