ജഗദ്ഗുരു ഹനുമാന്‍

November 10, 2012 സനാതനം

സ്വാമിപരമേശ്വരാനന്ദ

സമുദ്രത്തിനു ഉപമ സമുദ്രം തന്നെ അതുപോലെ ഹനുമാനുതുല്യമായി ഹനുമാന്‍മാത്രം. ഹനുമാന്റെ ദിവ്യ ചരിതം ത്രേതായുഗത്തില്‍ ആരംഭിക്കുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കന്മാരായ അഞ്ജനയുടെയും കേസരിയുടെയും ചരിത്രമാകട്ടെ കൃതയുഗത്തോളം പിന്നിലോട്ടുപോകുന്നുണ്ട്. ഒരു പുത്രനുവേണ്ടി സഹസ്ര വര്‍ഷങ്ങള്‍തന്നെ തപസ്സുചെയ്തിരുന്നു അഞ്ജനയും കേസരിയും. അങ്ങനെ ഭൂജാതനായ ഹനുമാന്‍ ജഗദ്ഗുരുവായത് സ്വാഭാവികംമാത്രം.

ശൈശവത്തില്‍ത്തന്നെ വായുവേഗത്തില്‍ ആദിത്യഗോളത്തെ ലക്ഷ്യമാക്കി പറക്കുകയും ദേവേന്ദ്രനെപ്പോലും പരിഭ്രമിപ്പിക്കുകയും ചെയ്ത ശ്രീഹനുമാന്റെ അമാനുഷശക്തിയും തേജോബലവും സര്‍വ്വവിദിതവുമാണ്.

ഉത്തമഗുണങ്ങള്‍

മത്സ്യകൂര്‍മ്മാദി അവതാരങ്ങള്‍ സ്വീകരിച്ച് ഭഗവാന് വാനരാകൃതിയില്‍ വന്നുകൂടെന്നില്ല. അഥവാ ഭൗതികവാദികളോടൊപ്പം ഹനുമാന്‍ ഒരു കുരങ്ങനാണെന്ന്പറഞ്ഞ് പരിഹാസച്ചിരി ചിരിച്ചാലും ശ്രീഹനുമാന് ഒരുകുറവും ഉണ്ടാകാന്‍പോകുന്നില്ല. ത്രേതായുഗത്തിലെ ആ വാനരശ്രേഷ്ഠന്റെ മുമ്പില്‍ എങ്ങനെയായാലും കലിയുഗമനുഷ്യന്റെ തലതാഴുകതന്നെചെയ്യും. ഉത്തമ ഭാവത്തില്‍ അല്ലെങ്കില്‍ അധര്‍മ്മഭാവത്തില്‍. ഉത്തമഭാവം ഊര്‍ദ്ധ്വഗതിയിലേക്കും അധമഭാവം അധോഗതിയിലേക്കും നയിക്കുകയും ചെയ്യും. ഉജ്ജ്വലമായ ബ്രഹ്മചര്യം, സത്യനിഷ്ഠ ഇത്യാദി ഹനുമദ്ഗുണങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഭക്തിക്കും അവിശ്വാസലജ്ജക്കും കാരണമാകാം. കിഷ്‌കിന്തയില്‍ സുഗ്രീവന്റെ മന്ത്രിയായിരിക്കുമ്പോഴാണ് ശ്രീ ഹനുമാന്‍ ആദ്യമായി രാമലക്ഷ്മണന്‍മാരെകാണുന്നത്. അവരെ അടുപ്പിക്കുന്ന സൂക്ഷ്മങ്ങളും ജന്മാന്തരങ്ങളുമായ കാരണങ്ങള്‍ പലതാണ്. അത്രത്തോളമൊന്നും അറിയാനാവാത്ത സുഗ്രീവന്‍ തന്റെ മന്ത്രിയെ നവാതിഥികള്‍ക്ക് പരിചയപ്പെടുത്തുന്നകൂട്ടത്തില്‍ പറയുന്നു. ജലം, ഭൂമി, ആകാശം, മറ്റ് അന്തരീക്ഷങ്ങള്‍ എവിടെയായാലും വേഗഗതിയെ തടുക്കാന്‍ ആരെക്കൊണ്ടുമാവില്ല. ദിവ്യവും അത്ഭുതകരവുമായ പരാക്രമശക്തിയുടെ ഉടമയാണ് ഹനുമാന്‍.

രാമദാസോഹം’

ഭഗവാനും ഭക്തനും യോജിക്കുവാന്‍ ‘രാമദാസോഹം’ രാമദാസോഹം!! ജയ് ജയ് ശ്രീരാം!! താരകമന്ത്രം അന്തരീക്ഷമെങ്ങും മുഴങ്ങി ബ്രഹ്മനാദത്തില്‍ ലയിച്ചുകൊണ്ടിരുന്നു.

വീര്യപരാക്രമങ്ങളിലെന്നപോലെ വാക്‌വൈഭവത്തിലും ഹനുമാന്‍തന്നെ അഗ്രഗണ്യന്‍. ഹനുമാനുമായി ദീര്‍ഘനേരം സംഭാഷണം നടത്തിയ ശ്രീരാമചന്ദ്രന്‍ ലക്ഷ്മണനോട് പറഞ്ഞു. നോക്കൂ ലക്ഷ്മണാ ഈ ഹനുമാന്‍ വ്യാകരണ ശാസ്ത്രങ്ങളുടെ സമ്പൂര്‍ണ്ണ ജ്ഞാതാവാകുന്നു. ഈ നീണ്ട സംഭാഷണത്തിനടയ്ക്ക് ഒരപശബ്ദംപോലും കേള്‍ക്കാന്‍ സാധിച്ചില്ല’.

ന്യൂനം വ്യാകരണം കൃത്സ്‌ന
മനേന ബഹുധാശ്രൂതം
ബഹു വ്യാഹരതാനേന
ന കിഞ്ചിദപശബ്ദിതം.
ലങ്കയിലെ അശോകവനത്തിലിരിക്കുന്ന സീതാദേവി കേള്‍ക്കത്തക്കവിധം വൃക്ഷലതാദികളുടെ ഇടയില്‍ മറഞ്ഞിരുന്നുകൊണ്ട് രാമകഥ ചൊല്ലുകയാണ് ശ്രീഹനുമാന്‍. അന്നുവരെ അപരിചിതമെങ്കിലും അമൃതായമാനമായ ആ വാക്കുകളെ സീതാദേവീ ഇങ്ങനെ സ്മരിക്കുന്നു.

യേനമേ കര്‍ണ്ണപീയൂഷം
വചനം സമുദീരിതം
സദൃശ്യതാം മഹാഭാഗഃ
പ്രിയവാദീ മമാഗ്രതഃ
ഇത്തരം നിരവധി ദൃഷ്ടാന്തങ്ങളാല്‍, ദേവതകള്‍ക്കുപോലും പ്രത്യാഭിജ്ഞാനശക്തി അല്ലെങ്കില്‍ (തിരിച്ചറിയുന്നതിനുള്ള സൂക്ഷ്മശക്തി) ഹനുമാന് ജന്മസിദ്ധമായിരുന്നു എന്ന് വ്യക്തിമാകുന്നു.

ത്രിമൂര്‍ത്തികളില്‍പ്പെട്ട ദേവതകളെല്ലാം നൃത്തംചെയ്യുന്ന ഒരു മണ്ഡലത്തില്‍ നാരദാദി ഋഷികള്‍ പങ്കെടുത്തു. ഗാനാലാപനം ചെയ്യുന്നു. ശിവസങ്കല്പത്താല്‍ ആ ദേവീരംഗത്ത് പ്രത്യക്ഷനായ ഹനുമാന്റെ സംഗീതധോരണിയില്‍ എല്ലാപേരും മുക്തരായെന്നു മറ്റൊരു പുരാണകഥയില്‍ പറയുന്നു. ചിലഭാഗങ്ങളില്‍ പ്രണവനാഥസ്വരൂപനായും ശ്രീഹനുമാനെ വര്‍ണ്ണിച്ചിട്ടുണ്ട്. പത്മാസാനസ്ഥനായി താരകമന്ത്രം ജപിച്ച് സിദ്ധിവരുത്തുന്ന സാധകനെയും ബ്രഹ്മജ്ഞാനം ഉപദേശിക്കുന്ന ജഗദ്ഗുരുവിനെയും ശ്രീഹനുമാനില്‍ക്കാണം. സേവാധര്‍മ്മത്തില്‍ ഉള്‍ക്കൊള്ളുന്ന സേവകസേവ്യഭാവത്തിന്റെ മാര്‍ഗ്ഗം ഈ യുഗത്തിലേക്ക് ഏറ്റവും യോജിച്ച ഭക്തിമാര്‍ഗ്ഗമാകുന്നു. അതിന്റെ ആദിമാചാര്യനാണ് ശ്രീഹനുമാന്‍. വിനയവും വിശ്വാസവും മാത്രമാണ് ദാസ്യഭാവത്തിലെ മുതല്‍മുടക്ക്. ഈശ്വര ‘ദാസ്വാഹം’ ഭാവന ആദ്യമുണ്ടായാല്‍ മാത്രമേ അന്തഃകരണം സംശുദ്ധമാകൂ. അന്തഃകരണം അങ്ങനെവേണ്ടവിധം ശുദ്ധമായാല്‍ മാത്രമേ ശിവോഹം ഭാവന പ്രകാശിക്കൂ. തന്റെ ഇഷ്ടമൂര്‍ത്തിയായ ശ്രീരാമരൂപത്തിലും ഭാവത്തിലും എല്ലാത്തിലും കാണുക എന്ന ഹനുമാന്റെ ശാഠ്യം ഭക്തനെ സംബന്ധിച്ചും ഒരു പരിധിവരെ ആവശ്യമാണ്. സാധകനും സാധ്യവും ഐക്യപ്പെട്ടുകഴിഞ്ഞാല്‍പ്പിന്നെ ശേഷിക്കുന്നത് അദൈ്വതംമാത്രം. എങ്കിലും മനുഷ്യരുടെ അഹങ്കാരാദി വികലതകളും വികടതകളും മാറ്റി ഉജ്ജിവിപ്പിക്കുവാനായി തന്നെ എല്ലായ്‌പ്പോഴും രാമദാസനായി പരിചയപ്പെടുത്താനാണ് ശ്രീഹനുമാന്‍ ഇഷ്ടപ്പെടുക.

ദുഃഖശാന്തിക്ക്

ശ്രീരാമ – ഹനുമല്‍ തിരുനാമങ്ങള്‍ പര്യായശബ്ദമെന്നവണ്ണം അത്രത്തോളം ഐക്യപ്പെട്ടിരിക്കുന്നു. ശ്രദ്ധാ – ഭക്തിപൂര്‍വ്വം രാമായണപാരായണം നടക്കുന്നിടത്ത് ശ്രീഹനുമാന്റെ ദിവ്യസാന്നിദ്ധ്യം ഉണ്ടായിരിക്കുമെന്നത് കേവലം വിശ്വാസം മാത്രമല്ല. ഭക്തന്മാരുടെ അനുഭവവുമതാണ്. അതുപോലെ ശ്രീരാമോപസാനം ചെയ്യുന്നിടത്ത് ശ്രീരാമചന്ദ്രന്റെയും ദിവ്യസാന്നിദ്ധ്യം ഉണ്ടായിരിക്കും. അഭീഷ്ടപ്രദനനുമായ ശ്രീഹനുമാന്‍ സര്‍വ്വത്ര ആരാധിക്കപ്പെടുന്നു. സമര്‍ദ്ധ രാമദാസസ്വാമിയും, ഗുരുഗോവിന്ദസിംഹനും മറ്റനേകം വൈഷ്ണവാചാര്യന്മാരും പ്രത്യക്ഷദൈവതമായ ശ്രീഹനുമാനെ ജഗദ്ഗുരുവായും ആരാധിക്കുന്നു. ഇന്നാകട്ടെ ഭാരതത്തില്‍ വിദൂരപൂര്‍വ്വദേശങ്ങളിലും ശ്രീ ഹനുമദുപാസനം ബാഹ്യാന്തരദുഃഖങ്ങള്‍ക്ക് കൈക്കൊണ്ട ഔഷധമായി കരുതുന്നുണ്ട്. അങ്ങനെ ലോകത്തിന്റെ എല്ലാ ദിക്കുകളിലും ചെറുതുംവലുതമായ ആഞ്ജനേയാരാധനാ നികേതങ്ങള്‍കാണാം.

യത്രയത്ര രഘുനാഥകീര്‍ത്തനം
തത്രതത്രകൃതമസ്ത കാഞ്ജലീം
ബാഷ്പവാരി പരിപൂര്‍ണ്ണലോചനം
മാരുതീംനമത രാക്ഷസാന്തകം

ബുദ്ധീര്‍ബലം യശോധൈര്യം
നിര്‍ഭയത്വമരോഗത
സുദാര്‍ഢ്യം വാക്‌സ്ഫുരത്വം ച
ഹനുമല്‍സ്മരണാത്ഭവേത്

 

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം