ടി.പി. വധം: കട കത്തിച്ച നാലുപേര്‍ അറസ്റ്റില്‍

November 8, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

വടകര: ടി.പി ചന്ദ്രശേഖരന്‍റെ കൊലയുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്ന  പൂക്കട കത്തിച്ചകേസില്‍ നാലുപേര്‍ അറസ്റ്റില്‍. ആര്‍.എം.പി പ്രവര്‍ത്തകരും ഓര്‍ക്കാട്ടേരി സ്വദേശികളുമായ  മനോജ്, സതീഷ്, ജിതിന്‍, ജിജിന്‍ എന്നിവരെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.   ടി.പി വധക്കേസ് പ്രതിയും  സി.പി.എം. ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ പടയങ്കണ്ടി രവീന്ദ്രന്റെ കടയ്ക്കാണ് തീവച്ചത്.

ഒക്ടോബര്‍ 21 ന്  രാത്രി 10.30ഓടെ പൂക്കടയും മില്‍മ ബൂത്തും ഉള്‍പ്പെടുന്ന പടയങ്കണ്ടി സ്‌റ്റോഴ്‌സിന് തീ പിടിച്ചത്.  ടി.പിയെ വധിക്കാന്‍ സി.പി.എം. നേതാക്കള്‍ ഗൂഡാലോചന നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്ന പൂക്കടയാണിത്.  ഓര്‍ക്കാട്ടേരിയിലെ പമ്പില്‍നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങിയ പ്രതികള്‍ രാത്രി പത്തരയോടെ കടയുടെ വെന്റിലേറ്റര്‍വഴി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വടകര ഡിവൈഎസ്പി: ജോസി ചെറിയാന്‍ നാലു പേരെയും നേരത്തെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മൊഴികളിലെ വൈരുദ്ധ്യം പൊലീസ് ചോദ്യം ചെയ്തതോടെയാണു പ്രതികള്‍ കുറ്റംസമ്മതിച്ചത്.

ഇവര്‍ സഞ്ചരിച്ച ബൈക്കും പെട്രോള്‍ വാങ്ങാന്‍ ഉപയോഗിച്ച കുപ്പിയും പിടിച്ചെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം