വല്ലാര്‍പാടം: സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് ആന്‍റണി

November 10, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ സുരക്ഷാ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും  ചെയ്യാനാകില്ലെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി വ്യക്തമാക്കി. കണ്ടെയ്നര്‍ ടെര്‍മിനലില്‍ വരുന്ന എല്ലാ കണ്ടെയ്‌നറും പരിശോധിക്കുമെന്നും  പുതിയ കാര്യമല്ലെന്നും  കരാറുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി കബോട്ടാഷ് നിയമം ഇളവുചെയ്യുന്നതിന് കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തുവെങ്കിലും പ്രതിരോധവകുപ്പിന്റെ നിബന്ധനകള്‍ പാലിച്ചാല്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കാര്യക്ഷമമായും വേഗത്തിലും പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ടെര്‍മിനലിലെത്തുന്ന എല്ലാ ഇറക്കുമതി കണ്ടെയ്‌നറുകളും ‘സ്‌കാനിങ്’ നടത്തണമെന്ന നിബന്ധനയാണ് പ്രതിരോധവകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.  അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊന്നും മുഴുവന്‍ ഇറക്കുമതി കണ്ടെയ്‌നറുകളും സ്‌കാന്‍ചെയ്യാറില്ല. മൊത്തം കണ്ടെയ്‌നറുകളുടെ അഞ്ചുശതമാനത്തില്‍ താഴെ മാത്രമാണ് സ്‌കാന്‍ചെയ്തു പരിശോധിക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍