ഗുരുവായൂര്‍ ദേവസ്വം മാസ്റര്‍ പ്ളാനിന് അംഗീകാരമായി

November 11, 2012 കേരളം

ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം തയാറാക്കിയ കരട് മാസ്റര്‍ പ്ളാന്‍ ദേവസ്വം മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അംഗീകരിച്ചു. ഇന്നര്‍ റിംഗ് റോഡ് ഉള്‍പ്പെടെയുള്ള ദേവസ്വം റോഡുകളുടെ വീതി കൂട്ടും. ദേവസ്വം ഏറ്റെടുത്തിട്ടുള്ള സ്ഥലങ്ങളില്‍ ക്യൂ കോംപ്ളക്സ്, മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സിസ്റം എന്നിവ നടപ്പാക്കും. സത്രം ഈസ്റ് ബ്ളോക്ക് പൊളിച്ച് അവിടെ ആധുനിക രീതിയിലുള്ള ഷോപ്പിംഗ് കോംപ്ളക്സും നിര്‍മിക്കും. തിരുത്തിക്കാട്ട് പറമ്പിലെ ദേവസ്വം സ്ഥലത്ത് ഭക്തജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ താമസിക്കുന്നതിനുള്ള ലോഡ്ജുകള്‍ നിര്‍മിക്കും. ആയുര്‍വേദ ആശുപത്രിയും ഇവിടെ സ്ഥാപിക്കും. നിലവില്‍ ആയുര്‍വേദ ആശുപത്രി നില്‍ക്കുന്ന സ്ഥലത്ത് ഭക്തജനങ്ങള്‍ക്കുള്ള താമസസൌകര്യം ഒരുക്കും.

33 കെ.വി സബ് സ്റേഷന്‍ സ്ഥാപിക്കും. പാഞ്ചജന്യത്തോട് ചേര്‍ന്നുള്ള ദേവസ്വം ക്വാര്‍ട്ടേഴ്സ് അവിടെനിന്ന് മാറ്റി പടിഞ്ഞാറെനടയില്‍ അഡ്മിനിസ്ട്രേറ്ററുടെ വസതിയോട് ചേര്‍ന്ന് ഫ്ളാറ്റ് സിസ്റത്തിലുള്ള ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കും. അഡ്മിനിസ്ട്രേറ്ററുടെ വസതിയും അവിടേക്ക് മാറ്റും. തുടങ്ങിയ നിരവധി നിര്‍ദേശങ്ങളാണ് മാസ്റര്‍ പ്ളാനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പടിഞ്ഞാറെനടയുടെ വികസനവും റെയില്‍വേ സ്റേഷനില്‍നിന്ന് ക്ഷേത്രഭാഗത്തേക്ക് സബ്വേ നിര്‍മിക്കുന്ന പദ്ധതിയും മാസ്റര്‍ പ്ളാനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിനുപുറമേ ക്ഷേത്രസുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തരമായി സ്കാനര്‍ പോലുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനും ക്ഷേത്രചുറ്റുമതിലിന് മുകളിലായി സുരക്ഷാ വേലിപോലുള്ള സുരക്ഷാ കവച്ചം ഒരുക്കുന്നതിനും ക്ഷേത്രക്കുളത്തില്‍നിന്ന് നീന്തി ക്ഷേത്രത്തിനുള്ളിലേക്ക് ആളുകള്‍ കടക്കാത്തവിധം അവിടെയും സുരക്ഷാകവച്ചം ഒരുക്കും. ഇന്നലെ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഭരണസമിതി അംഗങ്ങളായ എന്‍. രാജു, കെ. ശിവശങ്കരന്‍, അഡ്വ. ജി. മധുസൂദനന്‍പിള്ള, അഡ്വ. എം. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം