ചാവക്കാട് മൂന്ന് ലക്ഷത്തിന്റെ ചന്ദനമുട്ടികളുമായി മൂന്നുപേര്‍ പിടിയില്‍

November 12, 2012 കേരളം

ചാവക്കാട്: മൂന്ന് ലക്ഷം രൂപ വിലവരുന്ന ചന്ദനമരത്തിന്റെ ഏഴ് കഷ്ണങ്ങളുമായി ചന്ദനമാഫിയാസംഘത്തിലെ മൂന്നുപേര്‍ പിടിയിലായി. ഇന്ന് രാവിലെ ചാവക്കാട് തെക്കേ ബൈപ്പാസില്‍നിന്നാണ് ചാവക്കാട് സിഐ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ ഇവരെ അറസ്റ് ചെയ്തത്. വടക്കാഞ്ചേരി കുറാഞ്ചേരി മിണാലൂര്‍ ഗ്രൌണ്ടിനു സമീപം അമ്പലത്തു വീട്ടില്‍ ഹംസമൌലവി (ഉസ്താദ് – 49), ഇടുക്കി മറയൂര്‍ പത്തിരിപ്പാലം ലക്ഷ്മി വിലാസത്തില്‍ വിജയകുമാര്‍ (വിജി- 29), ഭാര്യാ സഹോദരന്‍ ഇടുക്കി മറയൂര്‍ പത്തിരിപ്പാലം ലക്ഷ്മി വിലാസത്തില്‍ പ്രഭു (25) എന്നിവരാണ് അറസ്റിലായത്. ഐജി ഗോപിനാഥനും എസ്പി അഷറഫിനും ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സംഘം പിടിയിലായതെന്ന് സി ഐ പറഞ്ഞു. തൃശൂര്‍ ജില്ല കേന്ദ്രമായി ചന്ദനം വിതരണം ചെയ്യുന്നതായാണ് വിവരം ലഭിച്ചത്. ചന്ദനമരക്കഷ്ണങ്ങള്‍ വിതരണം ചെയ്യുന്ന മുഖ്യ ഏജന്റാണ് ഹംസ മൌലവി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ രഹസ്യമായി ചന്ദനമെത്തിക്കുന്നത് മൌലവിയാണ്. കുഴല്‍പ്പണവിതരണക്കാരന്‍ കൂടിയായ മൌലവി നേരത്തെ പാവറട്ടി പോലീസ് സ്റേഷനിലെ കളവു കേസില്‍ പ്രതിയായിട്ടുണ്െടന്ന് പോലീസ് പറഞ്ഞു. അനിയന്‍മാരും അടുത്ത ബന്ധുക്കളുമായ വിജിയും പ്രഭുവും കാട്ടില്‍ കയറി ചന്ദനം മുറിക്കുന്നവരാണ്. മറയൂര്‍ വനത്തില്‍നിന്ന് ചന്ദനം മുറിച്ച് രഹസ്യമായി സൂക്ഷിച്ചശേഷം മൌലവി ആവശ്യപ്പെടുന്നതനുസരിച്ച് എത്തിച്ചു കൊടുക്കും. പത്തു വര്‍ഷത്തോളമായി ചന്ദനമാഫിയ സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. ചന്ദനമരം മുറിച്ചതുമായി ബന്ധപ്പെട്ട് വിജിയുടെ പേരില്‍ അഞ്ചു കേസുണ്ട്. മറയൂര്‍ പോലീസും വനപാലകരുമാണ് കേസെടുത്തിള്ളത്. ഒരുവര്‍ഷം ഇയാള്‍ ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മൌലവി ചന്ദനവിതരണത്തിനു മാത്രമായി ഉപയോഗിക്കുന്ന രഹസ്യ മൊബൈല്‍ നമ്പര്‍ പോലീസിന് ലഭിച്ചതാണ് ഇവരെ വലയിലാക്കാന്‍ സഹായിച്ചത്. ഈ നമ്പറില്‍ വിളിച്ച് ചന്ദനമരം ആവശ്യമുണ്െടന്ന് അറിയിച്ചു. കോയമ്പത്തൂര്‍ സ്വദേശിയും സമ്പന്നനുമായ മൂര്‍ത്തിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്താന്‍ 85 കിലോ ചന്ദനം വേണമെന്നാണ് പോലീസ് മൌലവിയോട് ഫോണില്‍ പറഞ്ഞത്. ഒന്നിച്ചു തരാന്‍ കഴിയില്ലെന്നു പറഞ്ഞതിനെ തുടര്‍ന്ന് കിട്ടാവുന്നത് എത്തിക്കാനും ബാക്കി പിന്നീട് എത്തിക്കാനും പോലീസ് നിര്‍ദേശം നല്കി. മൂര്‍ത്തിയുടെ ഏജന്റാണെന്ന് ധരിച്ച് 30 കിലോ ചന്ദനവുമായി മൌലവിയും വിജിയും പ്രഭുവും കാറില്‍ എത്തി. തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ബാഗിലായാണ് ചന്ദനമരം സൂക്ഷിച്ചിരുന്നത്. പൊതു മാര്‍ക്കറ്റില്‍ കിലോയ്ക്ക് പതിനായിരം രൂപ വിലയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം