തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എം.പി. ഗോവിന്ദന്‍നായര്‍ ചുമതലയേറ്റു

November 12, 2012 കേരളം

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍മന്ത്രി എം.പി. ഗോവിന്ദന്‍നായരും ബോര്‍ഡംഗമായി വി. സുഭാഷും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ നന്തന്‍കോട്ടുള്ള ദേവസ്വം ആസ്ഥാനത്തായിരുന്നു സത്യപ്രതിജ്ഞ. പൊതുവിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളായാണ് ഇരുവരും ബോര്‍ഡില്‍ എത്തുന്നത്. കോട്ടയം ബാറിലെ അഭിഭാഷകനായ എം.പി. ഗോവിന്ദന്‍നായര്‍ 1962 മുതല്‍ ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു. കെപിസിസി അംഗം, എന്‍എസ്എസ് പ്രതിനിധി സഭാംഗം, ഹിന്ദു സേവാസമിതി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പ്രസിഡന്റാണ് വി. സുഭാഷ്. ഇവരെ നിയമിച്ചുകൊണ്ടുളള മന്ത്രിസഭാ ശിപാര്‍ശയില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ് ഒപ്പുവച്ചിരുന്നു. ഗവര്‍ണര്‍ ഒപ്പുവച്ച ശിപാര്‍ശ ബാംഗളൂരില്‍ നിന്ന് പ്രത്യേക ദൂതന്‍വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. ഒരംഗം കൂടി ബോര്‍ഡില്‍ വരേണ്ടതുണ്ട്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള അംഗമാണ് വരേണ്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം