ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് സര്‍ക്കാരെന്ന് പിണറായി

November 12, 2012 കേരളം

തിരുവനന്തപുരം: ഭൂരിപക്ഷം നഷ്ടപ്പെടുമോയെന്ന ആശങ്കയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കരയില്‍ ആര്‍. ശെല്‍വരാജിന്റെ മാറ്റത്തിന് ശേഷം പിറകേ അഞ്ചു പേര്‍ കൂടി വരുമെന്നായിരുന്നു യുഡിഎഫ് അവകാശപ്പെട്ടിരുന്നത്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. എല്‍ഡിഎഫില്‍ നിന്ന് ആരും പോയില്ലെന്ന് മാത്രമല്ല സ്വന്തം നിലനില്‍പിനെക്കുറിച്ച് വല്ലാതെ ഭയപ്പെടുന്ന അവസ്ഥയിലേക്ക് യുഡിഎഫ് എത്തിയതായി പിണറായി പറഞ്ഞു.

ചെന്നിത്തല മന്ത്രിസഭയില്‍ ചേരണമെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായം ശ്രദ്ധയില്‍പെടുത്തയപ്പോള്‍ അത് അവര്‍ നേരത്തെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണെന്നും കോണ്‍ഗ്രസാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നുമായിരുന്നു പിണറായിയുടെ മറുപടി. കോവളം കൊട്ടാരം പാട്ടത്തിന് കൊടുക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ പിണറായി കൊട്ടാരവും സ്ഥലവും സര്‍ക്കാരിന്റേതാണെന്ന അഭിപ്രായമാണ് സിപിഎമ്മിന്റേതെന്നും കൂട്ടിച്ചേര്‍ത്തു. ബാക്കി കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന നിലപാടാണ് സിപിഎമ്മിന്റേത്. സര്‍ക്കാര്‍ നിലപാട് വന്ന ശേഷം ഇതിനോട് പ്രതികരിക്കും. തീരുമാനം വരുന്നതിനിപ്പുറം അങ്ങോട്ടു കയറി നിലപാട് വ്യക്തമാക്കാന്‍ സിപിഎം ഇല്ലെന്നും പിണറായി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം