ഭക്തിമാതാവും പുത്രന്മാരും

November 15, 2012 സനാതനം

ഹരിപ്രിയ
യമുനാതീരത്ത് നാരദന്‍കണ്ട ആ യുവതി നമ്മുടെയെല്ലാം ബന്ധുവായ ഭക്തിമാതാവാണ്. ഭക്തിയെ വളരെ ആദരിക്കുന്ന ഭഗവാന്‍ ജ്ഞാനത്തെയും വൈരാഗ്യത്തെയും ഭക്തിയുടെ പുത്രന്മാരാക്കി. മുക്തിയെ ഭക്തിയ്ക്ക് ദാസിയായും നല്‍കി. മുക്തി വൈകുണ്ഠത്തില്‍ വസിക്കും. ഭക്തി വിളിക്കുമ്പോള്‍ മാത്രം മുക്തി ഭൂമിയില്‍ വരും.

തന്നെ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഭക്തി നാരദനോട് പറഞ്ഞു. ‘ മഹര്‍ഷേ, ദ്രാവിഡദേശത്താണ് ഞാന്‍ ജനിച്ചത്. കര്‍ണ്ണാടകത്തില്‍ യൗവ്വനത്തെ പ്രാപിച്ചു. മഹാരാഷ്ട്രയില്‍ കുറേശ്ശെയായി ക്ഷയിച്ചു. ഗുര്‍ജ്ജുരദേശത്ത് വച്ച് തികച്ചും ജീര്‍ണ്ണിച്ചു. കലി ബാധിച്ച നാസ്തികര്‍ എന്നെ ഉപദ്രവിച്ചു. അങ്ങനെ വൃദ്ധയായ ഞാന്‍ മക്കളൊത്ത് ശരണംതേടി പലയിടത്തും അലഞ്ഞു. ഒടുവില്‍ വൃന്ദാവനത്തിലെത്തി. അപ്പോള്‍ എന്റെ ശരീരം യൗവ്വനം പ്രാപിച്ചു. പക്ഷെ എന്റെ ഉണ്ണികള്‍ – ജ്ഞാനവും – വൈരാഗ്യവും – വാര്‍ദ്ധക്യത്താല്‍ തളര്‍ന്നു കിടക്കുന്നു. അങ്ങ് ഇതിന്റെ കാരണം പറഞ്ഞുതരൂ.’

നാരദന്‍ പറഞ്ഞു ‘ ഹേ ദേവീ, ഇതു ഭയങ്കര കലിയുഗമാണ്. സദാചാരം ലോപിച്ചു. തപപസ്സും യോഗവും ക്ഷയിച്ചു. ഭൂമി വര്‍ഷംതോറും തൊടാന്‍ കൊള്ളാത്തതായി തീരുന്നു. നിങ്ങളെ ആര്‍ക്കും വേണ്ട വൃന്ദാവനം പുണ്യസ്ഥലമാണ്. ഇവിടെ ഭക്തി നൃത്തം വയ്ക്കുന്നു. എന്നാല്‍ ഇവരെ സ്വീകരിപ്പാന്‍ ഇവിടെയും ആളില്ല. ദേവി വിഷമിക്കാതെ ശ്രീകൃഷ്ണപാദം ധ്യാനിക്കൂ. ഭഗവതിയെയും പുത്രന്മാരെയും ഉത്സവാഘോഷത്തോടെ ഓരോ ഗൃഹത്തിലും എത്തിച്ചില്ലെങ്കില്‍ ഞാന്‍ ശ്രീകൃഷ്ണദാസനല്ല’.

ഇങ്ങനെ പ്രതിജ്ഞചെയ്ത് പ്രഹഌദനും ധ്രൂവനും ഗുരുവായ നാരദന്‍ ആ വൃദ്ധകുട്ടികളുടെ അടുത്തെത്തി. തൃക്കരത്താല്‍ തലോടി. ചെവിയില്‍ വേദം, വേദാംഗം, ഉപനിഷത്ത്, ഗീത തുടങ്ങിയതൊക്കെ ഉപദേശിച്ചു. ജ്ഞാനവും വൈരാഗ്യവും കണ്ണുതുറന്നു ഒന്നു നോക്കി. വീണ്ടും കോട്ടുവായിട്ട് കിടന്നു. ഉറക്കമാണവര്‍ക്ക് സുഖം.

മഹാജ്ഞാനിയായ നാരദന്‍ ജ്ഞാനവൈരാഗ്യങ്ങളെ പുഷ്ടിപ്പെടുത്താനാവാതെ ദുഃഖിച്ച് ഭഗവത് ചിന്ത ചെയ്തു. ‘ ദേവര്‍ഷേ സത്ഫലം ഉണ്ടാകും. സജ്ജനങ്ങളോട് ചോദിച്ച് ഒരു സത്കര്‍മ്മം ചെയ്യൂ. എന്നശരീരി മുഴങ്ങി.

നാരദന്‍ വീണയും മീട്ടി യാത്രയായി. മഹര്‍ഷീശ്വരന്മാരെ പലരേയും കണ്ടു നാരദന്‍ ശ്രമിച്ചിട്ട് സാധിക്കാത്തത് ഞങ്ങള്‍ക്ക് എങ്ങനെ സാധിക്കും  എന്ന് ഓരോ ആശ്രമത്തിലെയും സ്വാമിജിമാര്‍ പറഞ്ഞു. ദുഃഖിച്ച് നാരദന്‍ ബദരിയിലെത്തി. അവിടെ കോടിതുല്യം തേജസ്സുള്ള സനകാദികളെ കണ്ടു. വന്ദിച്ചു സ്തുതിച്ചു.

‘ബ്രഹ്മാവിന്റെ പ്രഥമപുത്രന്മാരെ, നിങ്ങള്‍ സര്‍വ്വജ്ഞരാണ്. എന്നും അഞ്ചു വയസ്സിന്റെ നിഷ്‌കളങ്കതയുള്ളവര്‍. സദാ ‘ഹരിശരണം’ എന്നുച്ചരിക്കുന്നവര്‍. നിങ്ങള്‍ എനിക്ക് അശരീരിയില്‍കേട്ട സത്കര്‍മ്മം എന്തെന്ന് പറഞ്ഞുതരണം’. പരദുഃഖം തീര്‍ക്കാനുള്ള നാരദന്റെ ക്ലേശംകണ്ട് സനകാദികള്‍ സസ്‌നേഹം പറഞ്ഞു. ‘ദേവര്‍ഷേ, സന്തോഷമായിരിക്കൂ. കാര്യം എളുപ്പമാണ്. അങ്ങ് ധന്യനാണ്. ഭക്തശിരോമണിയാണ്. യോഗികളില്‍ സൂര്യനാണ്. ഇവിടെ ചെയ്യേണ്ട സത്കര്‍മ്മം ജ്ഞാനയജ്ഞമാണ്. ശ്രീമത് ഭഗവത്കീര്‍ത്തനം സപ്താഹയജ്ഞം നാരദനതു സമ്മതമായില്ല.’ വേദം ഫലിക്കാത്തിടത്ത് ഭാഗവതമോ? ഭാഗവതം വേദസാരം മാത്രമാണ്.’

സാരത്തിന് ഫലം കൂടുമെന്നും സനകാദികള്‍. പാലിന്റെ സത്തയായ നെയ്യ് പാലിനെക്കാള്‍ ഉപകാരമുള്ളതാണ്. കരിമ്പിന്റെ സാരമെങ്കിലും ശര്‍ക്കരയ്ക്ക് കരിമ്പിനേക്കാള്‍ സ്വാദും ഗുണവുമുണ്ട്. ഇതുപോലെ ഭാഗവതംകൊണ്ട് ജ്ഞാനവൈരാഗ്യങ്ങള്‍ ഉണരും. വേദവും ഗീതയും ഹൃദിസ്ഥമാക്കിയ വ്യാസന് അജ്ഞാനം ബാധിച്ചപ്പോള്‍ അങ്ങല്ലേ ഭാഗവതം ഉപദേശിച്ച് വ്യാസന്റെ ജ്ഞാനം ഉണര്‍ത്തിയത്.

നാരദന് ആശ്വാസമായി. സനകാദികളെതന്നെ ഗുരുക്കന്മാരായി വരിച്ചു. ‘ആദിശേഷന്‍ ആയിരംനാവുകൊണ്ട് പാടുന്നതായ ഭഗവത് മഹത്വം സമ്പൂര്‍ണ്ണം ഗ്രഹിച്ചവരായ നിങ്ങള്‍തന്നെ ഈ യജ്ഞം നടത്തി ഭക്തിയുടെ ദുഃഖം തീര്‍ക്കണം. ഭാഗ്യംകൊണ്ടും, അനവധി ജന്മങ്ങളിലെ പുണ്യംകൊണ്ടും മാത്രമേ സത്‌സംഗം ലഭിക്കുകയുള്ളൂ. അങ്ങനെ സജ്ജനങ്ങളെ ദര്‍ശിച്ചാല്‍ അജ്ഞാനംകൊണ്ടുള്ളമോഹം മതം അന്ധകാരങ്ങള്‍ നശിക്കുകയും വിവേകം ഉദിക്കുകയും ചെയ്യും. ഇങ്ങനെ പറഞ്ഞ് നാരദന്‍ മടങ്ങി. ഇനി സത്‌സംഗമഹത്വം വിസ്തരിക്കുന്ന ഭാഗവത സപ്താഹം ആരംഭിക്കുകയായി.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം