ബാല്‍ താക്കറെയുടെ നില ഗുരുതരമായി തുടരുന്നു

November 15, 2012 പ്രധാന വാര്‍ത്തകള്‍

മുംബൈ: ശിവസേന നേതാവ് ബാല്‍ താക്കറെയുടെ നില ഗുരുതരമായി തുടരുന്നു. മരുന്നുകളോട് അനുകൂലമായി അദ്ദേഹം പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. 86 കാരനായ താക്കറെയെ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു നിരീക്ഷിക്കുന്നതിനായി ഡോക്ടര്‍മാരുടെ ഒരു സംഘം വസതിയായ മാതോശ്രീയിലുണ്ട്. ഓക്സിജന്‍ നല്കിയാണു ജീവന്‍ നിലനിര്‍ത്തുന്നത്. പ്രതീക്ഷ കൈവിട്ടിട്ടില്ല.  വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം താക്കറെയുടെ ജീവന്‍ രക്ഷിക്കാനുളള ശ്രമം തുടരുന്നു. എന്നാല്‍ കടുത്ത വെല്ലുവിളിയാണു നേരിടുന്നത്. അതിജീവിക്കാനാകുമെന്നാണു കരുതുന്നത്- ശിവസേനയുടെ എക്സിക്യൂട്ടീവ് പ്രസിഡന്റും ബാല്‍ താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെ അറിയിച്ചു. നിരവധി നേതാക്കള്‍ ബാന്ദ്രയിലെ വസതിയായ മാതോശ്രീയിലെത്തിയിട്ടുണ്ട്.

ബോളിവുഡ് സിനിമാതാരം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും രാത്രി വൈകി താക്കറെയെ സന്ദര്‍ശിച്ചിരുന്നു. വസതിക്കുപുറത്തെ തിക്കിലും തിരക്കിലുംപെട്ട് ഇവര്‍ക്കു പരിക്കേറ്റു. തുടര്‍ന്ന് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. താക്കറെ ജീവന്‍ നിലനിര്‍ത്താനുളള കടുത്ത പോരാട്ടത്തിലാണെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. താക്കറെയുടെ മകളുടെ ഭര്‍ത്താവും മഹാരാഷ്ട്ര നവനിര്‍മാണ്‍സേന നേതാവുമായ രാജ് താക്കറെയും ബാന്ദ്രയിലെ വസതിയിലെത്തിയിട്ടുണ്ട്. ശാന്തരായിരിക്കുക. സമാധാനം നിലനിര്‍ത്താന്‍ സഹായിക്കുക- താക്കറെയുടെ ആരോഗ്യനില വഷളായെന്ന വാര്‍ത്ത പരന്നതോടെ വസതിയായ മാതോശ്രീയ്ക്കു മുന്നില്‍ കൂടിയ ജനങ്ങളോട് ഉദ്ധവ് പറഞ്ഞു. 5000ല്‍പ്പരം ശിവസേനാപ്രവര്‍ത്തകര്‍ താക്കറെയുടെ ആരോഗ്യനിലയെക്കുറിച്ച് പുതിയ വിവരങ്ങളറിയാന്‍ വസതിക്കു പുറത്ത് ഇപ്പോഴും കാത്തുനില്ക്കുകയാണ്. കൂടുതല്‍ പ്രവര്‍ത്തകരെത്തുന്നുണ്ടെങ്കിലും വസതിയുടെ പരിസരത്തേക്ക് ഇപ്പോള്‍ ആളുകളെ കടത്തിവിടു ന്നില്ല. മാതോശ്രീക്കു പുറത്തുമാത്രം സുരക്ഷയ്ക്കായി 350 പോലീസുകാരാണുള്ളത്.

രാഷ്ട്രപതിയുടെ മഹാരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കി ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ രണ്ടു ദിവസത്തെ മഹാരാഷ്ട്ര സന്ദര്‍ശനം റദ്ദാക്കി. രാഷ്ട്രപതി ഭവന്‍ വാര്‍ത്താ ക്കു റിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശനം റദ്ദാക്കിയതിന്റെ കാ രണം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന തിനാലാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍