”അണയുന്നതുവരെ വായിച്ചേക്ക്”

November 15, 2012 ഗുരുവാരം

ഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെ സംബന്ധിച്ച് രാമായണത്തിന്റെ ഓരോവരിയും തന്റെ അധ്യാത്മജീവിതത്തിന്റെ ഊടും പാവും നെയ്യുന്നതിന് പ്രയോജനപ്പെടുത്തിയിരുന്നു. ”കുടീചക ബഹൂദകയോര്‍ ദേവാര്‍ച്ചനം- ‘കുടീചകനും ബഹൂദകനും ദേവാര്‍ച്ചനം ചെയ്യണം” – എന്ന് വിധിയെഴുതുമ്പോള്‍ പരമഹംസപദത്തില്‍നിന്ന് താഴേക്കുനോക്കേണ്ടുന്ന അപക്വതയൊന്നും ആ ജീവിതത്തിനില്ല എന്ന് ധരിക്കേണ്ടതാണ്. വെളുപ്പാന്‍കാലത്ത് ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കുളി കഴിഞ്ഞ് രാമായണപാരായണത്തിനുശേഷം അന്നദാനം നടത്തുക സ്വാമിജിയുടെ നിത്യജീവിതത്തിലെ ത്യാഗപൂര്‍ണമായ പൂജാസങ്കല്പത്തില്‍പ്പെടുന്നു. ‘അന്നം ബഹു കുര്‍വീത” ”അന്നം ന നിന്ദ്യാത്” എന്നുള്ള വേദവചനങ്ങളും ”അന്നാദ് ഭവന്തി ഭൂതാനി” എന്ന ഗീതാവചനവും അന്നത്തിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുന്നു. ‘യാതൊരന്നം താന്‍ ഭുജിക്കുന്നതുമതു സാദരം നല്‍കു പിതൃക്കള്‍ക്കുമെന്നല്ലോ വേദശാസ്ത്രങ്ങള്‍ വിധിച്ചത്” – എന്ന് രാമായണത്തില്‍ അന്നത്തിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുന്ന രംഗം ജീവിതത്തില്‍ അന്നദാനത്തിന്റെ മാഹാത്മ്യം പ്രകടമാക്കുന്നു.

ദിവസേനയുള്ള പൂജ, രാമായണപാരായണം, അന്നദാനം, ഇവ നടത്തുന്നതിന് തന്റെ ഭൗതികസമ്പത്തു മുഴുവന്‍ സ്വാമിജി ഉപയോഗപ്പെടുത്തിയിരുന്നു. അങ്ങനെ ഒരുദിവസം ഭഗവദര്‍ച്ചനയ്ക്ക് ഭദ്രദീപം കൊളുത്തുവാന്‍ പോലും നിവൃത്തിയില്ലാത്ത ഘട്ടത്തിലെത്തിച്ചേര്‍ന്നു. സ്വാമിജി തന്റെ ധര്‍മബോധത്തിന് തെല്ലും ലോപംവരാതെ കര്‍മങ്ങളാചരിച്ചുകൊണ്ടേയിരുന്നു. മിച്ചമുണ്ടായിരുന്ന ഏകസമ്പത്ത് ഒരു കൊച്ചുതുവര്‍ത്ത് മാത്രമായിരുന്നു. അതുംകൂടി അല്പം എണ്ണയ്ക്ക് വേണ്ടി ഉപേക്ഷിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. അടുത്തുള്ള ധനാഢ്യനായ ഒരു കച്ചവടക്കാരനെ സമീപിച്ചു. ”തുവര്‍ത്തിന് എണ്ണയില്ല” എന്നായിരുന്നു മറുപടി. മനഃസ്ഥൈര്യത്തിനും ധൈര്യത്തിനും അല്പവും കുറവുവരാതെ അന്നും സ്വാമിജി പൂജയ്‌ക്കെത്തി. നേരത്തെ ഗ്രന്ഥത്തില്‍ സൂചിപ്പിച്ച ജാംബവാന്‍ ”ഇന്നത്തേയ്‌ക്കെണ്ണയില്ലല്ലോ-” എന്നിങ്ങനെ പറഞ്ഞു. ”ഇനി ഞങ്ങടെ കയ്യിലൊന്നുമില്ല ജാംബവാന്‍; ഇതാ ഈ തിരിയണയുന്നതുവരെ വായിച്ചേക്ക്, പിന്നെയില്ലെങ്കില്‍ വേണ്ട” എന്നു പറഞ്ഞ് എണ്ണയിരുന്ന പാത്രത്തിനകത്ത് ഒരു തിരശ്ശീല തുടച്ചെടുത്ത് ഇറ്റുവീഴാന്‍ ഒരുതുള്ളി എണ്ണപോലുമില്ലാത്ത തിരിയുടെ അവസ്ഥയില്‍ അതുകത്തിച്ച് ഭദ്രദീപമായി അര്‍പ്പിച്ചു. ”ഈ തിരിയണയുന്നതുവരെ വായിച്ചേക്ക്” എന്ന് സ്വാമിജികല്പിച്ചത് ജാംബവാനെ അല്പമൊന്നു ചിന്തിപ്പിച്ചു.

തന്റെ അഭിപ്രായങ്ങള്‍ക്ക് പ്രാബല്യമുണ്ടെന്നുകണ്ടാല്‍ ആ അവസരങ്ങള്‍, ഔചിത്യമില്ലെങ്കില്‍കൂടി ഉപയോഗിക്കാന്‍ നോക്കുക ജാംബവാന്റെ സ്വഭാവമായിരുന്നു. അദ്ദേഹം സ്വാമിജിയോടുള്ള സ്വതന്ത്ര്യം കൊണ്ടും മുഴുവനുംനനയാതെകത്തുന്ന തിരിയുടെ അവസ്ഥ കൊണ്ടും അല്പം ചൊടിപ്പോടെ പറഞ്ഞു. ”അല്ലേ, ഇത് അഞ്ചുമിനിറ്റിനെങ്കിലും വരുമോ?     രണ്ടു വരിയെങ്കിലും വായിക്കാന്‍ വരുമോ? രണ്ടു വരിയെങ്കിലും വായിക്കണ്ടെ” സ്വാമിജി പ്രതിവചിച്ചു. ”അത് എത്ര നേരമോ ആയിക്കോട്ടെ- അത് അണയുന്നതുവരെ വായിച്ചേക്ക്” ജാംബവാന്‍ വായന ആരംഭിച്ചു. സ്വാമിജി പതിവുപോലെ മണ്ഡപത്തില്‍ നിന്ന് തന്റെ ശയനസ്ഥാനത്തേക്കു കയറി. ആശ്രമത്തില്‍ വളരെ വിരളമായിട്ടേ ആളുകളെ കിടത്താറുണ്ടായിരുന്നുള്ളു. ജാംബവാനെ വായനയില്‍സഹായിക്കുന്നതിന് ചുറ്റുപാടും മറ്റാരുംതന്നെയുണ്ടായിരുന്നില്ല. കത്തിക്കൊണ്ടിരുന്ന തിരി അല്പംപോലും താഴത്തേയ്ക്ക് കത്തിയില്ല. ദീപം അണയാതെ ജ്വലിച്ചുകൊണ്ടിരുന്നു. മിനിറ്റുകളെ പ്രതീക്ഷിച്ച് ജാംബവാന് മണിക്കൂറുകള്‍ ചെലവഴിക്കേണ്ടിവന്നു. ദീപം തെല്ലും മങ്ങലില്ലാതെ ജ്വലിച്ചു. ജാംബവാന് കൈകാലുകളും നട്ടെല്ലും തരിച്ചുതുടങ്ങി.

ഇടയ്ക്കിടെ ‘സ്വാമിയേ’ എന്നു വിളിക്കാനും തുടങ്ങി. അണയുന്നതുവരെ വായിക്കണമെന്നുള്ള നിര്‍ദ്ദേശത്തിന്റെ ഗൗരവം ജാംബവാന്റെ മസ്തിഷ്‌കത്തില്‍ അലയടിച്ചു. ദീപം ഒന്നണഞ്ഞെങ്കില്‍ എന്നു ചിന്തിക്കുകപോലും ചെയ്തു. നോട്ടം സ്വാമിജി ആരാധനയ്ക്ക് വരുന്ന ഭാഗത്തേയ്ക്കു പതിഞ്ഞുകൊണ്ടിരുന്നു. നട്ടെല്ലുവേദന സഹിക്കാതെ പുസ്തകവുമായി അല്പനേരം എണീറ്റുനിന്ന് വായിച്ചുതുടങ്ങി.
വെളുപ്പാന്‍കാലമായി. സ്വാമിജി പതിവുപോലെ കുളികഴിഞ്ഞ് കൗപീനധാരിയായി ഉഷഃപൂജയ്‌ക്കെത്തി. യാതൊരു ഭാവഭേദവുമില്ലാതെയും ജാംബവാനെ ഒന്നു തിരിഞ്ഞുനോക്കുകകൂടി ചെയ്യാതെ പ്രതിഷ്ഠാപീഠത്തിലേയ്ക്ക് പ്രവേശിച്ച സ്വാമിജി നിര്‍മാല്യം കഴിഞ്ഞ പതിവുപോലെ കര്‍പ്പൂരാരാധനയില്‍ മുഴുകി. തപ്തകനകസമാനമായ തന്റെ ആരാധ്യദേവന്റെ സ്വരൂപവും സ്വാമിജിയുടെ സങ്കല്പവും താദാത്മ്യം പ്രാപിച്ചു. അഗ്നിക്ക് തന്റെ ശ്മശ്രുക്കളിലൊന്നിനെപ്പോലും എരിക്കാന്‍ കഴിയത്തവണ്ണം ഭൂതജയം സിദ്ധിച്ചിരുന്ന സ്വാമിജിയുടെ സമൃദ്ധമായ അഴിഞ്ഞുലഞ്ഞ ജടകള്‍ക്കുള്ളിലും പ്രവേശിച്ചകര്‍പ്പൂരദീപം അനുസരണയുള്ള ഒരു സേവകനെപ്പോലെ രാമപൂജാരതനായ സ്വാമിജിയെ ആ സങ്കല്പത്തില്‍നിന്ന് വേര്‍തിരിക്കാനിടയാകത്തക്കവണ്ണം ആശ്രയിച്ചുനിന്നു. ആരാധനയ്ക്കുശേഷം രാമായണപാരായണസ്ഥലത്തേക്കു നോക്കി-‘അയ്യോ ജാംബവാന്‍ ഇതുവരെ വായന മതിയാക്കിയില്ലേ? ” – ജാംബവാന്‍ അല്പം സങ്കടവും പാരുഷ്യവും കലര്‍ന്ന മട്ടില്‍ ”അതിന് ഇതൊന്ന് അണഞ്ഞാലല്ലേ മതിയാക്കാനാകൂ. അണയുന്നതുവരെ വായിക്കാന്‍പറഞ്ഞിട്ട് ഇതൊന്ന് താഴേക്ക് കത്തിയിട്ട് പോലുമില്ല. ഇത് കുറച്ച് കടുത്തുപോയി സ്വാമി.” ”ആങ്! എങ്കില്‍ ജാംബവാന്‍ മതിയാക്ക്.” ജാംബവാന്‍ സാഷ്ടാംഗം നമസ്‌കരിച്ച് പുസ്തകം സ്വാമിജിയുടെ പാദങ്ങളിലര്‍പ്പിച്ച് സാവധാനത്തിലെണീറ്റ് കൈകള്‍ രണ്ടും നട്ടെല്ലിന് സഹായമായി ഇരുഭാഗത്തുമന്നി നിവര്‍ന്ന് ഞെളിഞ്ഞ് ”ഓ! ഇനിയൊന്നുറങ്ങണ” മെന്നു പറഞ്ഞ് സ്ഥലം വിട്ടു.

ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ അഭിഷേകപടംവച്ച് നിത്യേന പൂജയും ആരാധനയും നടത്തിയിരുന്ന സ്വാമിജി, എണ്ണയില്ലാതെ കൊളുത്തിവച്ച തിരിയെ ഒരു നെല്ലിടപോലും എരിക്കുന്നതിന് കഴിയാതെയും ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്ന രാമായണപാരായണത്തെ തടസ്സപ്പെടുത്തുന്നതിന് തെല്ലും ശക്തിയില്ലാതെയും സ്വാമിജിയുടെ തപോബലത്തെ അനുസരണാപൂര്‍വം അഗ്നിദേവന് സ്വീകരിക്കേണ്ടിവന്നു. ബിംബാരാധനയും ദേവാര്‍ച്ചനയുംകൊണ്ട് നേടിയ ശക്തിയെ അതിലംഘിക്കുന്നതിന് അഗ്നിദേവന് കഴിയാതിരിക്കുമ്പോള്‍ നിരൂപണഗര്‍വവും പണ്ഡിതന്റെ പാമരത്വവും എത്രകണ്ട് ശുഷ്‌കമാണെന്ന് അറിയേണ്ടതല്ലേ? മാത്രവുമല്ല, കുടീചകവൃത്തിയെന്ന് മറ്റുള്ളവര്‍ നിരൂപണം നടത്തിയ ദേവാര്‍ച്ചനത്തിന്റെ മഹിമ, തന്നെസമീപിച്ച അനേകങ്ങളുടെ ആശ്വാസത്തിന് പ്രയോജനപ്പെട്ടതും ചിന്താവിഷയമാണ്. ഈശ്വരാരാധനയ്ക്കുവേണ്ടി തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏതായാലും അതിലര്‍പ്പിക്കുന്ന ശുഷ്‌കാന്തിയും ഏകാഗ്രതയുമാണ് ലക്ഷ്യപ്രാപ്തിക്കുള്ള മാനഡണ്ഡം. സ്വാമിജിയുടെ ജീവിതം ആശ്രമത്തില്‍ നിത്യേന നടത്തിവരാറുള്ള പൂജാദികളും പാരായണവും ഭജനയും കഴിഞ്ഞാല്‍, അന്നദാനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയിരുന്നു. കുടീചകസന്യാസിക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങളെവിട്ട്, എന്നാല്‍ കുടൂചകവൃത്തിയില്‍ അനുഷ്ഠിക്കേണ്ട ധര്‍മകര്‍മങ്ങളെ ഏറ്റെടുത്ത് നടത്തിയുള്ള സ്വാമിജിയുടെ നിത്യജീവിതം കുടീചികസന്യാസമാണെന്ന് ബാഹ്യവൃത്തിയില്‍ തോന്നുപ്പോകും.

കൂടുതല്‍ വാര്‍ത്തകള്‍ - ഗുരുവാരം