ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷം; 30 മരണം

November 17, 2012 രാഷ്ട്രാന്തരീയം

ഗാസാസിറ്റി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഉയര്‍ത്തി ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായി. സാമ്പത്തിക കേന്ദ്രമായ ടെല്‍ അവീവിനു നേരെ ഹമാസ് ആക്രമണം നടത്തിയതേത്തുടര്‍ന്ന് ഇസ്രയേല്‍ ശക്തമായാണ് തിരിച്ചടിക്കുന്നത്. ഇടവേളകളില്ലാതെ ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ഗാസാ മുനമ്പിലെ ഹമാസിന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തുകയാണ്. ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഗാസാ മുനമ്പില്‍ ആറു പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ബുധനാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 30 ആയി. 250ലധികം പേര്‍ക്ക് പരിക്കേറ്റതായി ഗാസാ ആരോഗ്യമന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖദ്ര അറിയിച്ചു. എന്നാല്‍ കുട്ടികളും ഗര്‍ഭിണിയും ഉള്‍പ്പെടെ 36 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ മഗാസി മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മറ്റൊരു മുതിര്‍ന്ന നേതാവ് അഹമ്മദ് അബു ജലാല്‍ കൊല്ലപ്പെട്ടു. ഹമാസ് സായുധ സേനയുടെ ഫീല്‍ഡ് കമാന്‍ഡര്‍ ആയിരുന്നു ജലാല്‍. ഗാസയില്‍ ഭരണം നടത്തുന്ന ഹമാസിന്റെ സൈനിക മേധാവി അഹമ്മദ് ജബാരി ബുധനാഴ്ച ഇസ്രേലി മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചത്. ഇതേസമയം, തെക്കന്‍ ഇസ്രയേല്‍ മേഖലകളില്‍ ഹമാസ് കനത്ത റോക്കറ്റ് ആക്രമണമാണ് തുടരുന്നത്. ഹമാസിന്റെ റോക്കറ്റ് ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയിരിക്കുന്നതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ആള്‍ബലത്തിലും ആയുധബലത്തിലും ശക്തിപ്രാപിച്ച ഹമാസിന്റെ പക്കല്‍ 12,000ലധികം റോക്കറ്റുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ടെല്‍ അവീവിനു പുറമെ, വിശുദ്ധനഗരമായ ജറുസലേം ലക്ഷ്യമാക്കിയും ഹമാസ് റോക്കറ്റ് ആക്രമണം തുടങ്ങിയതായി ഇസ്രേലി പോലീസ് പറഞ്ഞു. ജറുലേമിലേയ്ക്കു അയച്ച റോക്കറ്റ് ഇസ്രേലി സെറ്റില്‍മെന്റ് മേഖലയായ ഗുഷ് ഇസിയോണിനു സമീപമാണ് പതിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ ഇസ്രയേലിന്റെ ഒരു യുദ്ധവിമാനം ഗാസാ മുനമ്പില്‍ വെടിവച്ചുവീഴ്ത്തിയതായി ഹമാസ് അവകാശപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം