ബ്രഹ്മപദപ്രാപ്തിക്കുള്ള ഉപായങ്ങള്‍

November 17, 2012 സനാതനം

സവ്യസാചി

ധര്‍മയുദ്ധമെന്നറിയപ്പെടുന്ന കുരുക്ഷേത്രയുദ്ധഭൂമിയില്‍ ഉത്തരായനം പ്രതീക്ഷിച്ച് ഭീഷ്മര്‍ ശരയ്യയില്‍ കിടക്കുകയാണ്. ഈ സമയം കൂടെയുണ്ടായിരുന്ന യുധിഷ്ഠരന്‍ നിരവധി സംശയങ്ങള്‍ ഭീഷ്മരോട് ഉന്നയിക്കുകയും അതിനെല്ലാം കൃത്യമായ രീതിയില്‍ മറുപടി നല്‍കുകയും ചെയ്തു. നിരവധി ചോദ്യങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ യുധിഷ്ഠിരന്‍ ഭീഷ്മപിതാമഹനോട് ബ്രഹ്മപദപ്രാപ്തിക്കുള്ള ഉപായങ്ങള്‍ എന്തൊക്കെയാണെന്നു ചോദിക്കുകയുണ്ടായി. അതിനുമറുപടിയായി മിതഭോജിയും ജിതേന്ദ്രിയനുമായി മോക്ഷസാധകമായ ധര്‍മ്മങ്ങള്‍ പാലിക്കുന്നതില്‍ മുഴുകി ജീവിക്കുന്നവന്‍ അനശ്വരമായ ബ്രഹ്മപദത്തെ പ്രാപിക്കുന്നു എന്നുപറഞ്ഞു. തുടര്‍ന്ന് ജൈഗീഷവ്യമുനിയും അസിതദേവലനും തമ്മിലുണ്ടായ സംവാദം യുധിഷ്ഠരനു പറഞ്ഞുകൊടുക്കുകയുണ്ടായി.

ജൈഗീഷവ്യമുനി മഹാജ്ഞാനിയും ധര്‍മ്മജ്ഞനുമായിരുന്നു. അങ്ങനെയുള്ള ആ മുനിശ്രേഷ്ഠനോട് അസിതദേവലന്‍ ചോദിച്ചു ‘മുനീന്ദ്രാ അങ്ങയെ പ്രണമിക്കുന്നവരോട് അങ്ങ് കൂടുതല്‍ പ്രീതികാട്ടുകയോ, നിന്ദിക്കുന്നവരോട് കോപിക്കുകയോ ചെയ്യുന്നില്ല. ഇതെന്തു മാനസികാവസ്ഥയാണ്? ഇതെങ്ങനെ നേടി, ഇതുകൊണ്ടുള്ള പ്രയോജനമെന്താണ്?

ഇതിന് ജൈഗീഷവ്യന്‍ ഇപ്രകാരം മറുപടി പറഞ്ഞു. ‘മഹര്‍ഷേ, പുണ്യകര്‍മ്മം ചെയ്യുന്നവര്‍ക്ക് ഉത്തമഗതിയും പരമശാന്തിയും നേടുന്നതിനുള്ള യുക്തി ഞാന്‍ പറഞ്ഞുതരാം. മഹാന്മാരെ ആരെങ്കിലും പ്രശംസിക്കുകയോ നിന്ദിക്കുകയോ, അവരുടെ സത്കര്‍മ്മങ്ങളെ മറച്ചുവയ്ക്കുകയോ ചെയ്താലും അവര്‍ക്ക് ഒന്നുപോലെയാണ്. അവരോട് കൊള്ളിവാക്കുപറഞ്ഞാല്‍ അവര്‍ തിരിച്ചടിക്കുന്നില്ല. സ്വയം അടിയേറ്റാലും അങ്ങനെതന്നെ. കഴിഞ്ഞകാര്യങ്ങളെക്കുറിച്ച് ദുഃഖിക്കുകയോ ഭാവികാര്യങ്ങളെക്കുറിച്ച് ആശങ്കിക്കുകയോ ചെയ്യുന്നില്ല. ക്രോധത്തെ ജയിച്ചടക്കിയ ജിതേന്ദ്രി മനസാവാചാ കര്‍മണാ അവര്‍ ആരോടും തെറ്റുചെയ്യുന്നില്ല. ശാന്തചിത്തരായ മഹാന്മാര്‍ സകലജീവകളുടെയും ഹിതത്തില്‍ തത്പരരാകുന്നു. ഹൃദയത്തിലെ അജ്ഞാനത്തിന്റെ കുരുക്കുകള്‍ അഴിച്ചുകളഞ്ഞ് ആനന്ദചിത്തരാകുന്നു. അവര്‍ക്ക് ശത്രുക്കളില്ല. അവര്‍ ആരുടെയും ശത്രുക്കളുമല്ല. ധര്‍മാനുസാരമായി ജീവിക്കുന്ന ധര്‍മജ്ഞര്‍ക്ക് എന്നെന്നും സുഖവും ധര്‍മമാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുന്നവര്‍ക്ക് ദുഃഖവും ഉണ്ടാകുന്നു. ധര്‍മമാര്‍ഗത്തില്‍ ജീവിക്കുന്നിതനാല്‍ ഞാനെന്തിനുകോപിക്കണം? ദുഃഖിക്കണം? നിന്ദിക്കുന്നതുകേട്ടാല്‍ എനിക്കു നഷ്ടമോ പ്രശംസിച്ചാല്‍ ലാഭമോ ഇല്ല.’

അപമാനത്തെ അമൃതുതുല്യം സ്വീകരിക്കണമെന്നും പ്രശംസയെ വിഷതുല്യം തിരസ്‌കരിക്കണമെന്നും തത്വജ്ഞാനികള്‍ പറയുന്നു. നിര്‍ദോഷികളെ അപമാനിക്കുന്നവര്‍ സ്വന്തം തെറ്റുകള്‍കൊണ്ടുതന്നെ വധിക്കപ്പെടുന്നു. ഉത്തമഗതിനേടാന്‍ ആഗ്രഹിക്കുന്ന മഹാന്മാര്‍ ഈ വ്രതമനുഷ്ഠിച്ച് സുഖിക്കുകയും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചുനിറുത്തി അനശ്വരമായ ബ്രഹ്മപദത്തെ പ്രാപിക്കുകയും ചെയ്യുന്നു. ദേവന്മാര്‍ക്കോ, ഗന്ധര്‍വ്വന്മാര്‍ക്കോ, രാക്ഷസന്മാര്‍ക്കോ ദുര്‍ലഭമായ പരമഗതി ധര്‍മാനുസാരികള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു’.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം