താക്കറെയ്ക് ജനലക്ഷങ്ങളുടെ അന്ത്യാഞ്ജലി

November 18, 2012 പ്രധാന വാര്‍ത്തകള്‍

മുംബൈ: ശനിയാഴ്ച അന്തരിച്ച ശിവസേനാ തലവന്‍ ബാല്‍ താക്കറെയ്ക് ജനലക്ഷങ്ങളാണ്  അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. വൈകിട്ട് 6.15ഓടെ ശിവാജി പാര്‍ക്കില്‍ പൂ‌ര്‍ണ സംസ്ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം. മകന്‍ ഉദ്ധവ് താക്കറെ ചിതയ്ക്ക് തീകൊളുത്തി. സഹോദര പുത്രന്‍ രാജ് താക്കറെ വിലാപയാത്രയയ്ക്കൊപ്പം വരാതെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ പ്രവര്‍ത്തകര്‍ക്കൊപ്പം വിലാപയാത്രയായാണ് ശിവാജി പാര്‍ക്കിലെത്തിയത്.

രാവിലെ ഏഴു മണിയോടെ താക്കറെയുടെ വസതിയായ മാതോശ്രീയില്‍ നിന്ന് വിലാപയാത്ര ആയി മൃതദേഹം ശിവാജി പാര്‍ക്കിലെത്തിച്ചു. ഇരുപതു ലക്ഷത്തോളം അനുയായികളാണ്‌ വഴിയരികില്‍ കാത്തുനിന്നിരുന്നത്‌. സുരക്ഷയുടെ ഭാഗമായി മുംബൈയില്‍ 20,000ത്തോളം പോലീസുകാരെയാണ്‌ വിന്യസിച്ചിരുന്നത്‌. അലങ്കരിച്ച വാഹനത്തില്‍ കൊണ്ടു പോയ മൃതദേഹത്തില്‍ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ശിവജി പാര്‍ക്കില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ കേന്ദ്രമന്ത്രി ശരത്‌ പവാര്‍, ബിജെപി പ്രസിഡന്റ്‌ നിതിന്‍ ഗഡ്കരി, മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ്‌, പ്രകാശ്‌ ജാവേദ്കര്‍, ബിജെപി മഹിളാ മോര്‍ച്ചാ നേതാവ്‌ സ്മൃതി ഇറാനി, ബിജെപി വക്താവ്‌ ഷഹ്നാവാസ്‌ ഹുസൈന്‍, കോണ്‍ഗ്രസ്‌ നേതാവ്‌ രാജീവ്‌ ശുക്ല, ബോളിവുഡ്‌ താരം അമിതാഭ്‌ ബച്ചന്‍, ഗായിക ലതാ മങ്കേഷ്കര്‍, എഡിഎജി അധ്യക്ഷന്‍ അനില്‍ അംബാനി, ബിജെപി എംപി മേനകാ ഗാന്ധി, എന്‍സിപി നേതാവ്‌ ഛഗന്‍ ഭുജ്പാല്‍, ബോളിവുഡ്‌ സംവിധായകന്‍ മാധുര്‍ ഭണ്ടാര്‍ക്കര്‍, നടനും സംവിധായകനുമായ മഹേഷ്‌ മഞ്ജരേക്കര്‍, റിതേഷ്‌ ദേശ്മുഖ്‌, നാനാ പടേകര്‍ തുടങ്ങിയ പ്രമുഖരടക്കം ഒട്ടേറെപ്പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ പതിനായിരക്കണക്കിനു അനുയായികളാണ്‌ ശിവജി പാര്‍ക്കിലേയ്ക്കു ഒഴുകിയെത്തിയത്‌. താക്കറെയുടെ മരുമകനും എംഎന്‍എസ്‌ നേതാവുമായ രാജ്‌ താക്കറെ ശിവജി പാര്‍ക്കിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. താക്കറെയോടുള്ള ആദരസൂചകമായി ശിവസേന ബന്താചരിക്കുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍