തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക്‌ മികച്ച വിജയം

October 28, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ബിജെപി മികച്ച വിജയം നേടി. ആറു സീറ്റുകളില്‍ വിജയിക്കുകയും ഒന്‍പതിടങ്ങളില്‍ രണ്ടാമതെത്തുകയും ചെയ്ത ബിജെപി 18 വാര്‍ഡുകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 88ല്‍ ഹിന്ദുമുന്നണിയുടെ പിന്തുണയോടെ ആറ്‌ സീറ്റുകളില്‍ വിജയിച്ചതാണ്‌ ബിജെപി മുമ്പ്‌ നേടിയ വലിയ വിജയം. കഴിഞ്ഞ നഗരസഭയില്‍ ബിജെപി പിന്തുണയോടെ ഒരു സ്വതന്ത്രന്‍ വിജയിച്ചുവെങ്കിലും പിന്നീട്‌ കോണ്‍ഗ്രസ്സിലേക്ക്‌ മാറുകയായിരുന്നു.
നെട്ടയം, പൊന്നുമംഗലം, ശ്രീകണ്ഠേശ്വരം, പാല്‍ക്കുളങ്ങര, കുര്യാത്തി, ജഗതി വാര്‍ഡുകളിലാണ്‌ ബിജെപി ചരിത്രവിജയം കുറിച്ചത്‌. വലിയവിള, ഫോര്‍ട്ട്‌, കരിക്കകം, വെങ്ങാനൂര്‍, തിരുമല, വെള്ളാര്‍, ചാല, തൃക്കണ്ണാപുരം, കടകംപള്ളി വാര്‍ഡുകളിലാണ്‌ ബിജെപി രണ്ടാമതെത്തിയത്‌.
നെട്ടയത്ത്‌ എം.ആര്‍.രാജീവും പൊന്നുമംഗലത്ത്‌ എം.ആര്‍.ഗോപനും ശ്രീകണ്ഠേശ്വരത്ത്‌ രാജേന്ദ്രന്‍നായരും പാല്‍ക്കുളങ്ങരയില്‍ പി.അശോക്‌ കുമാറും, കുര്യാത്തിയില്‍ ബി.മോഹനന്‍നായരും ജഗതിയില്‍ ഷീജാ മധുവുമാണ്‌ താമര വിരിയിച്ചത്‌.

വട്ടിയൂര്‍ക്കാവ്‌ പഞ്ചായത്തിന്റെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ രൂപീകരിച്ച നെട്ടയം വാര്‍ഡില്‍ മുന്‍ പഞ്ചായത്ത്‌ മെമ്പറും ബിജെപി വട്ടിയൂര്‍ക്കാവ്‌ മണ്ഡലം സെക്രട്ടറിയുമായ രാജീവ്‌ 816 വോട്ടുകള്‍ക്കാണ്‌ സിപിഎമ്മിന്റെ കെ.സി.വിക്രമനെ അടിയറവ്‌ പറയിപ്പിച്ചത്‌. മുന്‍ കൗണ്‍സിലര്‍ കൂടിയായിരുന്ന കെ.സി.വിക്രമന്‍ വിജയിച്ചിരുന്നുവെങ്കില്‍ ഡെപ്യൂട്ടി മേയറായി പരിഗണിക്കപ്പെടുമായിരുന്നു. മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയുമായ ഗണേശപിള്ള മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. എം.ആര്‍.രാജീവ്‌ 2222 വോട്ട്‌ നേടിയപ്പോള്‍ കെ.സി.വിക്രമനും 1406 ഉം ഗണേശപിള്ള 942 വോട്ടും നേടി.

പൊന്നുമംഗലത്ത്‌ മുന്‍കൗണ്‍സിലറും ബിജെപി നേമം മണ്ഡലം പ്രസിഡന്റുമായ എം.ആര്‍.ഗോപന്‍ 390 വോട്ടുകള്‍ക്ക്‌ സിപിഎമ്മിന്റെ പ്രദീപ്‌ കുമാറിനെ പരാജയപ്പെടുത്തി. എം.ആര്‍.ഗോപന്‍ 2096 വോട്ടുകള്‍ നേടിയപ്പോള്‍ പ്രദീപ്കുമാര്‍1706 വോട്ടുകള്‍ നേടി. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി ഒ.എസ്‌.ഗിരീഷിന്‌ 268 വോട്ടുകള്‍ മാത്രമാണ്‌ കിട്ടിയത്‌.

പാല്‍ക്കുളങ്ങരയില്‍ പി.അശോക്‌ കുമാറിന്റെ മൂന്നാം വിജയമാണിത്‌. ബിജെപി സംസ്ഥാനസമിതിയംഗമായ പി.അശോക്‌ കുമാര്‍ 230 വോട്ടുകള്‍ക്ക്‌ കോണ്‍ഗ്രസ്സിന്റെ കേശവന്‍കുട്ടിനായരെ പരാജയപ്പെടുത്തുകയായിരുന്നു. എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി സതീഷ്കുമാര്‍ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. പാല്‍ക്കുളങ്ങരയില്‍ അശോക്‌ കുമാര്‍ 1413 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ കേശവന്‍കുട്ടി നായര്‍ 1183 വോട്ടുകള്‍ നേടി. സതീഷ്‌ കുമാറിന്‌ 969 വോട്ടുകള്‍മാത്രമാണ്‌ കിട്ടിയത്‌. ശ്രീകണ്ഠേശ്വരത്ത്‌ പി.രാജേന്ദ്രന്‍നായര്‍ 280 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ സിപിഎം സ്ഥാനാര്‍ത്ഥി പ്രൊഫ. വാസുദേവന്‍നായരെ പരാജയപ്പെടുത്തിയത്‌. രാജേന്ദ്രന്‍ നായര്‍ 1215 വോട്ടുകള്‍ നേടിയപ്പോള്‍ വാസുദേവന്‍ നായര്‍ക്ക്‌ 935 വോട്ടുകള്‍ കിട്ടി. മുന്‍ കൗണ്‍സിലറും യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുമായ വഞ്ചിയൂര്‍ മോഹനന്‍ 930 വോട്ടോടെ മൂന്നാമതായി. കുര്യാത്തിയില്‍ ബി.മോഹനന്‍നായര്‍ 145 വോട്ടുകള്‍ക്കാണ്‌ വിജയമുറപ്പിച്ചത്‌. ഡിസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുമായ മണക്കാട്‌ സുരേഷിനെയാണ്‌ മോഹനന്‍നായര്‍ കെട്ടുകെട്ടിച്ചത്‌. മോഹനന്‍ നായര്‍ 1445 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ മണക്കാട്‌ സുരേഷിന്‌ 1300 വോട്ടുകള്‍ കിട്ടി. ട്രേഡ്‌ യൂണിയന്‍ രംഗത്തെ സിപിഎം നേതാവ്‌ സുന്ദരംപിള്ള 1147 വോട്ടുകള്‍നേടി മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.
ജഗതിയില്‍ ബിജെപി അട്ടിമറി വിജയമാണ്‌ നേടിയത്‌. ബിജെപിയിലെ ഷീജാമധു 114 വോട്ടുകള്‍ക്കാണ്‌ കോണ്‍ഗ്രസ്സിന്റെ അജിതാ റാണിയെ പിന്തള്ളിയത്‌. ഷീജാ മധു 1241 വോട്ടുകള്‍ നേടിയപ്പോള്‍ അജിതാ റാണി 1127 വോട്ടുകള്‍ സ്വന്തമാക്കി. എല്‍ഡിഎഫിന്റെ സിന്ധുവിന്‌ 1053 വോട്ടുകളാണ്‌ കിട്ടിയത്‌.
വലിയവിളയില്‍ 96 വോട്ടുകള്‍ക്കാണ്‌ ബിജെപിയുടെ ആര്‍.ബിന്ദു എല്‍ഡിഎഫിന്റെ എന്‍.രാധയോട്‌ പരാജയപ്പെട്ടത്‌. വെങ്ങാനൂരില്‍ 103 വോട്ടുകള്‍ക്ക്‌ സര്‍വ്വശക്തിപുരം ഉഷ എല്‍ഡിഎഫിന്റെ എച്ച്‌.സുകുമാരിയോട്‌ പരാജയപ്പെടുകയായിരുന്നു. ഫോര്‍ട്ടില്‍ കല എസ്‌.കുമാര്‍ 111 വോട്ടുകള്‍ക്ക്‌ യുഡിഎഫ്‌ സ്വതന്ത്ര ഉദയലക്ഷ്മിയോട്‌ കീഴടങ്ങിയപ്പോള്‍ കരിക്കകത്ത്‌ 133 വോട്ടുകള്‍ക്ക്‌ ഡി.ജി.കുമാരന്‍ എല്‍ഡിഎഫിന്റെ സുരേഷ്‌ കുമാറിനോട്‌ തോല്‍വി സമ്മതിച്ചു.
തിരുമല കെ.അനില്‍കുമാര്‍ 205 വോട്ടുകള്‍ക്കാണ്‌ സിപിഎം സ്ഥാനാര്‍ത്ഥി പി.ആര്‍.രാജേഷിനോട്‌ പരാജയപ്പെട്ടത്‌. വെള്ളറടയില്‍ സിപിഎം യുഡിഎഫിന്‌ വോട്ട്‌ മറിച്ചതോടെ ബിജെപിയുടെ ശിവപ്രസാദ്‌ യുഡിഎഫിന്റെ നെടുമം മോഹനനില്‍നിന്നും 366 വോട്ടുകള്‍ക്ക്‌ പരാജയം ഏറ്റുവാങ്ങി. യുഡിഎഫിന്‌ 1686 വോട്ടും ബിജെപിക്ക്‌ 1320 വോട്ടും ലഭിച്ചപ്പോള്‍ സിപിഐയുടെ ഇടയാര്‍ സദാശിവന്‌ 456 വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌. ചെറുവയ്ക്കല്‍, ചെല്ലമംഗലം, പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, വലിയശാല, മേലാങ്കോട്‌, മണക്കാട്‌, മുട്ടത്തറ, ഇടവക്കോട്‌ വാര്‍ഡുകളില്‍ ബിജെപി ആയിരത്തിന്‌ മുകളില്‍ വോട്ടുകള്‍ നേടി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം