ശബരിമല മാസ്റര്‍ പ്ളാന്‍ ഫെബ്രുവരിയില്‍ ആരംഭിക്കും

November 20, 2012 കേരളം

ശബരിമല: 2013 ഫെബ്രുവരി മുതല്‍ ശബരിമല മാസ്റര്‍ പ്ളാന്‍ നടപ്പിലാക്കാനാരംഭിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം സുഭാഷ് വാസു പറഞ്ഞു. ശബരിമലയില്‍ ഇപ്പോള്‍ നിലവിലുള്ള സൌകര്യങ്ങള്‍ കുറവാണ്. 5000 പേര്‍ ഇവിടെ പല വിഭാഗങ്ങളിലായി ജോലിനോക്കുന്നുണ്ട്. ഇവര്‍ക്ക് മാന്യമായ താമസ സൌകര്യം നല്‍കാന്‍ പോലും ഇപ്പോള്‍ കഴിയുന്നില്ല. കൊട്ടിടങ്ങളെല്ലാം വളരെ പഴക്കം ചെന്നതായിരിക്കുന്നു.

ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്കും വേണ്ട സൌകര്യം ചെയ്തുകൊടുക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ നിര്‍ദിഷ്ട മാസ്റര്‍ പ്ളാന്‍ എത്രയും വേഗം തുടങ്ങേണ്ടിയിരിക്കുന്നു. വരുന്ന 21ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ഇതേകുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുമെന്നും ദേവസ്വം ബോര്‍ഡംഗം പറഞ്ഞു. ഇപ്പോള്‍ തന്നെ 20 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാനുള്ള സ്പോണ്‍സര്‍മാര്‍ തയാറായി വന്നിട്ടുണ്ട്. ഇനി 100 വര്‍ഷത്തെ ആവശ്യമെങ്കിലും മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനപ്രവര്‍ത്തനമായിരിക്കും രൂപം നല്‍കേണ്ടത്. ഇത്തരം കാര്യങ്ങളായിരിക്കും അടുത്ത ബോര്‍ഡ് യോഗം തീരുമാനിക്കുക. പദ്ധതികള്‍ വ്യക്തതയോടെയും കൃത്യതയോടെയും ദീര്‍ഘവീഷണത്തോടെയുമായിരിക്കും നടപ്പിലാക്കുകയെന്ന് സുഭാഷ് വാസു പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം