പി. ഗോവിന്ദപിള്ള അന്തരിച്ചു

November 23, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം:മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപിള്ള അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി 11 ഓടെയായിരുന്നു അന്ത്യം. സൈദ്ധാന്തിക രംഗത്തെ ഒരു ആചാര്യനെയാണ് പി.ജിയുടെ വിയോഗത്തോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നത്.

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മാര്‍ച്ച് 25 ന് പരമേശ്വരന്‍ പിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച പിജി യാഥാസ്ഥിതിക ചുറ്റുപാടിലായിരുന്നു ബാല്യകാലം ചെലവിട്ടത്. രാജ്യം സ്വാതന്ത്ര്യസമരത്തിന്റെ ആവേശത്തിലമര്‍ന്ന കാലത്തായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യു.സി കോളജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ന്നു. കോളജ് വിദ്യാഭ്യാസ കാലത്ത് ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസുമായി അദ്ദേഹം അടുത്തു. 1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു. പി.കെ വാസുദേവന്‍ നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരുമായുള്ള സൗഹൃദമാണ് ആശയങ്ങളുടെ ലോകത്ത് വേറിട്ടൊരു ചിന്തയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഇക്കാലയളവില്‍ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ പി. കൃഷ്ണപിളളയെ കാണാനിടയായതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കൃഷ്ണപിള്ളയെ കണ്ടതോടെ പി.ജി കമ്മ്യൂണിസം തന്റെ വഴിയായി തെരഞ്ഞെടുക്കുകയായിരുന്നു.

ഉപരിപഠനത്തിനായി മുംബൈയിലെ വിഖ്യാതമായ സെന്റ് സേവ്യേഴ്‌സ് കോളജിലേക്ക് പോയെങ്കിലും ഇക്കാലത്തും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. കമ്മ്യൂണിസ്റ്റ് സമരങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അദ്ദേഹം അറസ്റ്റിലായി. 16 മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പാര്‍ട്ടി നിര്‍ദേശപ്രകാരം ബിരുദപഠനം പൂര്‍ത്തിയാക്കാതെ കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം കര്‍ഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. 1952 ല്‍ പെരുമ്പാവൂരില്‍ നിന്ന് തിരു-കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ് ആദ്യ തെരഞ്ഞെടുപ്പ് വിജയം.

ഇരുപത്തിയഞ്ചാം വയസില്‍ സിപിഐ സംസ്ഥാന സമിതിയംഗമായ പിജിയെ 1954 ല്‍ പാര്‍ട്ടി ഡല്‍ഹിക്കയച്ചു. ഇവിടെ വെച്ചാണ് ഇഎംഎസ്, എകെജി തുടങ്ങിയവരുമായി അടുത്ത് സഹകരിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്. ഐക്യകേരളത്തില്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പില്‍ പിജി പെരുമ്പാവൂരില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു. വിമോചന സമരത്തെ തുടര്‍ന്ന് 59 ല്‍ നിയമസഭ പിരിച്ചുവിട്ടതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ കെ.എം ചാക്കോയോട് പരാജയപ്പെട്ടു. 60 കളുടെ തുടക്കത്തില്‍ വീണ്ടും ഡല്‍ഹിയിലേക്ക് പോയ പിജി പാര്‍ട്ടിക്കു കീഴിലുള്ള പീപ്പിള്‍സ് പബ്ലീഷിംഗ് ഹൗസില്‍ പ്രവര്‍ത്തിച്ചു.

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പിജി സിപിഎമ്മിനൊപ്പം നിലകൊണ്ടു. തുടര്‍ന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്ത അദ്ദേഹം 67 ല്‍ പെരുമ്പാവൂരില്‍ നിന്നു തന്നെ വീണ്ടും നിയമസഭയിലെത്തി. എന്നാല്‍ പിന്നീടുണ്ടായ ചില അപ്രതീക്ഷിത സംഭവങ്ങള്‍ പിജിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സിപിഎമ്മിനെ നിര്‍ബന്ധിതമാക്കി. സിപിഐ-എംഎല്‍ നേതാവായിരുന്ന കെ. വേണുവിന് അഭയം നല്‍കിയതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടിയുടെ നടപടി. ഇതേ തുടര്‍ന്ന് 1983 ല്‍ അദ്ദേഹം ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഒഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഇടവേളയുണ്ടായെങ്കിലും സാംസ്‌കാരികമേഖലയിലെ പിജിയുടെ നിറസാന്നിധ്യം പാര്‍ട്ടിക്ക് തള്ളിക്കളയാന്‍ കഴിഞ്ഞിരുന്നില്ല.

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം 1998 ല്‍ മുകുന്ദപുരത്ത് നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന പിജി 80 കളുടെ മധ്യത്തോടെ കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003 ല്‍ ഒരു മലയാളം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടിയെക്കുറിച്ചും ഇഎംഎസിനെക്കുറിച്ചും വിമര്‍ശനാത്മകമായ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പാര്‍ട്ടി അദ്ദേഹത്തെ പരസ്യമായി ശാസിക്കുകയും സംസ്ഥാന സമിതിയില്‍ നിന്നും തരംതാഴ്ത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ പ്രത്യക്ഷമായി സജീവമായിരുന്നില്ല.

നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. എം.ജെ രാജമ്മയാണ് ഭാര്യ, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ എം.ജി രാധാകൃഷ്ണന്‍, ആര്‍. പാര്‍വതി ദേവി എന്നിവരാണ് മക്കള്‍, വി. ശിവന്‍കുട്ടി മരുമകനാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം