ദണ്ഡനും ശിക്ഷയും

November 24, 2012 സനാതനം

പഴയന്നൂര്‍ മഹാദേവന്‍

ഭൂമിയില്‍ മനുവിന്റെ ഭരണം നടക്കുന്ന കാലം. ഒരു ദിവസം മകനായ ഇക്ഷ്വാകുവിനെ വിളിച്ചുപറഞ്ഞു. ‘ മകനെ ഞാന്‍ തപസ്സിനുപോകുന്നു നീ നീതിപൂര്‍വ്വം ഭരിക്കുക’. അങ്ങനെ ഇക്ഷ്വാകു ഭരണം തുടങ്ങി.

അദ്ദേഹത്തിന്റെ ഇളയമകനായ ദണ്ഡന് എഴുത്തും വായനയും അറിയുകയില്ല. ഇക്ഷ്വാകുവിന് അവനെപ്പറ്റിയായിരുന്നു ദുഃഖം. എത്ര ഉപദേശിച്ചിട്ടും ഒരു ഫലവും കാണുന്നില്ല. ഒരുദിവസം ദണ്ഡനെ വിളിച്ച് രാജാവ് പറഞ്ഞു.

‘ഞാന്‍ നഗരത്തിനുപുറത്തു കുറച്ചു സ്ഥലംതരാം. അവിടെ കൊട്ടാരം പണിത് രാജ്യഭാരം നടത്തിക്കൊള്ളുക ഇവിടം വിടണം’.  അത്പ്രകാരം ദണ്ഡന്‍ അവിടെ നഗരം പണിതുകഴിഞ്ഞപ്പോള്‍ ഒരു ദിവസം ശുക്രാചാര്യര്‍ അവിടെ എത്തി.

ദണ്ഡന്‍ വിനീതനായി ഇങ്ങനെ പറഞ്ഞു. ‘ എന്നെ ആരും സ്വീകരിക്കുന്നില്ല. താങ്കള്‍ എന്റെ പുരോഹിതനായി ഇരുന്നാലും’ ശുക്രാചാര്യന്‍ സ്വീകരിച്ചു. ഒരിക്കല്‍ നായാട്ടിനുപോയ ദണ്ഡന്‍ ക്ഷീണിതനായി ഒരാശ്രമ കവാടത്തിലെത്തി.

അത് ശുക്രാചാര്യരുടെ ആശ്രമമാണെന്നറിയാതെ ദണ്ഡന്‍ ഒരു ഹീനകൃത്യം ചെയ്തു.

ശുക്രാചാര്യരുടെ സുന്ദരിയായ മകളെകണ്ട് അനുരക്തനായ ദണ്ഡന്‍ അവളോട് വിവാഹാഭ്യര്‍ത്ഥന നല്‍കി. ക്രുധയായ പെണ്‍സിംഹത്തെപ്പോലെ അവള്‍ ദണ്ഡനോട് കയര്‍ത്ത് സംസാരിച്ചു.

അപ്പോള്‍ അവളെ ബന്ധിച്ചുകൊണ്ടുപോകാനായിരുന്നു ദണ്ഡന്റെ ആജ്ഞ. തത്സമയം എത്തിയ ശുക്രാചാര്യന്‍ ശപിച്ചു.

ധിക്കാരിയായ ദണ്ഡന്‍ വെല്ലുവിളിയുമായാണ് പോയത്.

അയാള്‍ രാജ്യത്ത് വിളംബരം ചെയ്തു. ഏഴുദിവസത്തിനകം ആരും തീകത്തിക്കരുത്. എല്ലാസ്ഥലത്തും വെള്ളമൊഴിക്കുക. ഒരുതരിപോലും ഉയരാന്‍പാടില്ല.

ആറുദിവസങ്ങള്‍കഴിഞ്ഞു. ഒന്നും സംഭവിച്ചില്ല. ഏഴാം ദിവസം ശുക്രാചാര്യരെക്കുറിച്ച് പരിഹാസപൂര്‍വ്വം സംസാരിച്ചുകൊണ്ട് മട്ടുപ്പാവില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഇടിത്തീ വീണു.

എങ്ങും തീ പടര്‍ന്നുപിടിച്ചു. പൊടിപലടങ്ങള്‍ പടര്‍ത്തിക്കൊണ്ട് കൊടുംങ്കാറ്റും അടിച്ചുതുടങ്ങി. എല്ലാം ഭസ്മമായി. പിന്നീട് അവിടെ ഒരു നിബിഡവനമായി. ആ വനം ദണ്ഡകാരുണ്യം എന്നറിയപ്പെട്ടു. സീതാപഹരണം നടന്നത് അവിടെവച്ചാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം