റെയില്‍വേയില്‍ സ്വകാര്യനിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി

November 23, 2012 ദേശീയം

ന്യൂഡല്‍ഹി: റെയില്‍വേയില്‍ സ്വകാര്യനിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. തുറമുഖങ്ങള്‍, ഖനി, വ്യവസായ മേഖലകള്‍ എന്നിവയെ ബന്ധപ്പെടുത്തി സ്വകാര്യ മേഖലയില്‍ റെയില്‍പാത നിര്‍മ്മിക്കാനാണ് അനുമതി. പാതയുടെ നിര്‍മ്മാണവും നടത്തിപ്പും സ്വകാര്യമേഖലയ്ക്കായിരിക്കും. ബി ഒ ടി അടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന റെയില്‍പാത 15 മുതല്‍ 20 വര്‍ഷം വരെ സ്വകാര്യമേഖലയ്ക്ക് നിയന്ത്രിക്കാം. നിക്ഷേപത്തിന് കൂടുതല്‍ വ്യക്തികള്‍ ഉണ്ടെങ്കില്‍ ലേലത്തിലൂടെയായിരുക്കും റെയില്‍പാത നിര്‍മ്മാണത്തിനുള്ള അവകാശം നല്‍കുക.

നിര്‍മ്മാണവും നടത്തിപ്പും പൂര്‍ണായി സ്വകാര്യമേഖലയ്ക്ക് കൈമാറണമെന്ന റെയില്‍വേ മന്ത്രാലയത്തിന്റെ ആവശ്യം തള്ളികൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പാതയുടെ നിര്‍മ്മാണത്തില്‍ ബിഒടി വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. പുതിയ നീക്കത്തിലൂടെ ചരക്കുഗതാഗതത്തിലെ ചിലവ് കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ നിഗമനം.

യാത്രാക്കൂലി വര്‍ധിപ്പിക്കണമെന്ന റെയില്‍വേയുടെ നിലപാടിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നാണ് അറിയുന്നത്. സ്വകാര്യനിക്ഷേപത്തോടെ റെയില്‍വേയിലെ സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. നേരത്തെ റെയില്‍വേയിലെ സ്വകാര്യനിക്ഷേപത്തിനെതിരെ ഉന്നതഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളും രംഗത്തെത്തിയിരുന്നു. റെയില്‍വെയിലെ അറ്റകുറ്റപണികള്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കുന്നതിനെതിരെയായിരുന്നു തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം