ശബരിമലയില്‍ രണ്ട് ലക്ഷം പായ്ക്കറ്റ് അപ്പം കത്തിച്ചു

November 23, 2012 കേരളം

ശബരിമല: ശബരിമലയില്‍ പൂപ്പല്‍ പിടിച്ച രണ്ട്‌ ലക്ഷം പായ്ക്കറ്റ്‌ അപ്പം കത്തിച്ചുകളഞ്ഞു. ഒരു പായ്ക്കില്‍ ഏഴ് അപ്പമാണുള്ളത്. തീര്‍ഥാടകര്‍ക്ക്‌ വിതരണം ചെയ്യാന്‍ വെച്ചിരുന്ന കരുതല്‍ ശേഖരത്തിലെ അപ്പമാണ്‌ കത്തിച്ചുകളഞ്ഞത്‌. മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ ഉണ്ടാക്കിയ അപ്പത്തിലാണ് പൂപ്പല്‍ബാധ കണ്ടെത്തിയത്. മണ്ഡലകാലം ആരംഭിച്ച ആദ്യദിനം മുതല്‍ തീര്‍ഥാടകര്‍ക്ക്‌ വിതരണം ചെയ്ത അപ്പത്തില്‍ പൂപ്പല്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ വിതരണത്തിന്‌ വച്ചിരുന്ന 34 പെട്ടി അപ്പം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചെങ്കിലും ഇന്നലെ വൈകിട്ട്‌ ആലുവയില്‍ നിന്നെത്തിയ ഒരു സംഘം തീര്‍ഥാടകര്‍ക്ക്‌ ലഭിച്ച അപ്പത്തില്‍ വീണ്ടും പൂപ്പല്‍ കണ്ടെത്തുകയായിരുന്നു.

നല്ല അപ്പവും പൂപ്പല്‍ കലര്‍ന്ന അപ്പവും ഇടകലര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന്‌ അപ്പത്തിന്റെ വിതരണത്തിന്‌ നിയന്ത്രണവും ഏര്‍പ്പെടുത്തി. ഒരാള്‍ക്ക്‌ രണ്ടു കവര്‍ അപ്പം മാത്രമായിരുന്നു വിതരണം ചെയ്തത്‌. പെട്ടന്നുണ്ടായ നിയന്ത്രണം അയ്യപ്പന്‍മാരില്‍ പ്രതിഷേധത്തിനും ഇടയാക്കി. തുടര്‍ന്ന്‌ പോലീസ്‌ ഇടപെട്ടാണ്‌ പ്രശ്നം പരിഹരിച്ചത്‌. ഇതിനു പിന്നാലെയാണ്‌ രാവിലെ പൂപ്പല്‍ കണ്ടെത്തിയ അപ്പം പായ്ക്കറ്റുകള്‍ കൂട്ടത്തോടെ പാണ്ടിത്താവളത്തിന്‌ സമീപമുള്ള ഇന്‍സിനറേറ്ററിലിട്ട്‌ കത്തിച്ചു കളഞ്ഞത്‌. സന്നിധാനത്തു നിന്നും ട്രാക്ടറിലായിരുന്നു അപ്പം പാണ്ടിത്താവളത്തിലേക്ക്‌ എത്തിച്ചത്‌.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം