ശബരിമല: വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ചാല്‍ ഒരു മണിക്കൂറിനകം ദര്‍ശനം

November 23, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി സംസ്ഥാന പോലീസ് ആവിഷ്‌ക്കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ചാല്‍ ഒരു മണിക്കൂറിലധികം ക്യൂവില്‍ നില്‍ക്കേണ്ടിവരില്ലെന്നു ഭരണവിഭാഗം എ.ഡി.ജി.പിയും ശബരിമല പോലീസ് കോ-ഓര്‍ഡിനേറ്ററുമായ പി. ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മികച്ച അഭിപ്രായമാണ് ഈ സംവിധാനത്തിനു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബുക്കിംഗിനായുള്ള www.sabarimalaq.com എന്ന വെബ്‌പോര്‍ട്ടലിലെ വ്യാഴാഴ്ച ഒരു ദിവസത്തെ ഹിറ്റ്‌സ് 5.84 ലക്ഷമാണ്. ഇപ്പോള്‍ തന്നെ 4.3 കോടി ഹിറ്റ്‌സ് കവിഞ്ഞു. കഴിഞ്ഞവര്‍ഷത്തെ ആകെ ഹിറ്റ്‌സ് 3.83 കോടിയായിരുന്നു. ഈ വര്‍ഷം നവംബര്‍ 22 വരെ 6,43,245 തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനായി ഈ സംവിധാനം വഴി ചെയ്തിരിക്കുന്നത്. ഈ വര്‍ഷം 20 ലക്ഷത്തിലധികം ബുക്കിംഗ് ഉണ്ടാവാന്‍ സാധ്യതയുള്ളതായി ഈ പ്രതികരണങ്ങളില്‍ നിന്നു മനസ്സിലാക്കാം.

കഴിഞ്ഞവര്‍ഷം കേരളാ പോലീസ് കമ്പ്യൂട്ടര്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത പദ്ധതി കെല്‍ട്രോണിന്റെ സഹകരണത്തോടെ ഇത്തവണ വിപുലീകരിച്ചിട്ടുണ്ട്. കേരളാ സ്റ്റേറ്റ് ഐ.റ്റി മിഷന്റെ സഹായത്തോടെയാണ് എസ്.എം.എസ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. രാവിലെ 4 മുതല്‍ ഉച്ചയ്്ക്ക് 12 വരെയും വൈകിട്ട് 4 മുതല്‍ 11 വരെയും ഓരോ മണിക്കൂര്‍ വീതമുള്ള 15 ടൈം സ്ലോട്ടുകളായി ഭക്തന്മാര്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

കേരളത്തില്‍നിന്നുള്ള ഭക്തന്മാര്‍ക്കു പുറമേ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ ഭക്തരാണ് ഈ സേവനം ഏറെ പ്രയോജനപ്പെടുത്തുന്നത്. വിദേശരാജ്യങ്ങളായ കാനഡ, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും ബുക്കിംഗ് ലഭിക്കുന്നുണ്ട്.

ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്ത് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായി പമ്പയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 10 കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പുല്‍മേട് വഴി വരുന്ന ഭക്തര്‍ക്കായി സന്നിധാനത്തും രണ്ട് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ കൗണ്ടറുകളില്‍ ബുക്കിംഗ് കൂപ്പണുകള്‍ പരിശോധിച്ചാണ് ദര്‍ശനത്തിന് കടത്തിവിടുന്നത്.

ദര്‍ശനത്തിനെത്തുന്ന ദിവസത്തിന് 6-8 ആഴ്ചമുന്‍പ് മുതല്‍ ബുക്കിംഗ് ചെയ്യാം. ദര്‍ശന തീയതി, സമയം, പേര്, വയസ്സ്, ഫോട്ടോ, അഡ്രസ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ ഈ വെബ്‌പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. ഓരോ മണിക്കൂറിലെയും ലഭ്യതയനുസരിച്ച് ബുക്കിംഗ് സാധ്യമാണ്. ബുക്കിംഗ് പൂര്‍ത്തിയായ ശേഷം വെര്‍ച്വല്‍ ക്യൂ കൂപ്പണുകള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഈ കൂപ്പണില്‍ തീര്‍ത്ഥാടകന്റെ പേര്, ഫോട്ടോ, ദര്‍ശന തീയതി, സമയം, ബാര്‍കോഡ് മുതലായവ ഉണ്ടായിരിക്കും. ഈ കൂപ്പണിന്റെ പ്രിന്റ് തീര്‍ത്ഥാടകന്‍ ദര്‍ശനത്തിന് വരുമ്പോള്‍ കൊണ്ടുവരേണ്ടതാണ്.  കൂപ്പണില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തുമാത്രം പമ്പയിലെ വെരിഫിക്കേഷന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. അവിടെ സജ്ജീകരിച്ചിരിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് വെരിഫിക്കേഷന്‍ കൗണ്ടറില്‍ ബാര്‍കോഡിന്റെ സഹായത്തോടെ കൂപ്പണിലെ ഫോട്ടോയും രജിസ്റ്റര്‍ചെയ്ത ഫോട്ടോയും റിപ്പോര്‍ട്ടിലെ സമയവും ഒത്തുനോക്കി ഉറപ്പുവരുത്തിയശേഷം വെരിഫിക്കേഷന്‍ സീല്‍ പതിപ്പിക്കും. ഈ വെരിഫിക്കേഷന്‍ സീല്‍ ഉള്ള കൂപ്പണ്‍ കൈവശമുള്ളവര്‍ക്കുമാത്രമേ വെല്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയുകയുള്ളു.

പമ്പാ മണപ്പുറത്തെ പി.സി. രാമമൂര്‍ത്തി മണ്ഡപത്തിലാണ് വെരിഫിക്കേഷന്‍ കൗണ്ടറുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ സംവിധാനം പൂര്‍ണ്ണമായും സൗജന്യമാണ്. ഈ സംവിധാനം ഉപയോഗപ്പെടുത്തുവാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മുന്‍കാലങ്ങളിലെപ്പോലെ ക്യൂ നിന്ന് ദര്‍ശനം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സേവനങ്ങള്‍ക്കായി പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പലൈന്‍ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0471-3243000, 3244000, 3245000.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍