പി.കെ വേണുക്കുട്ടന്‍ നായര്‍ അന്തരിച്ചു

November 26, 2012 കേരളം

തിരുവനന്തപുരം: നാടകാചാര്യന്‍ പി.കെ വേണുക്കുട്ടന്‍ നായര്‍(81) അന്തരിച്ചു. ഹീമോഫീലിയ രോഗവും കടുത്ത പ്രമേഹവും ബാധിച്ച്  ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം  തിങ്കളാഴ്ച രാവിലെ 8.15 ഓടെയാണ് അന്തരിച്ചത്.  തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

കേരള സംഗീതനാടക അക്കാദമി വൈസ് പ്രസിഡന്റ്, കേന്ദ്ര സംഗീതനാടക അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മികച്ച നാടകസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നാലുതവണ നേടിയിട്ടുണ്ട്. അന്നാ കരീനീന, ഒഥല്ലോ, കിങ് ലിയര്‍ തുടങ്ങി  95 നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെ സിനിമയിലുമെത്തിയ വേണുക്കുട്ടന്‍ നായര്‍, സ്വയംവരം, ഉള്‍ക്കടല്‍, സ്വപ്‌നാടനം, ചെറുപുഞ്ചിരി എന്നിവയുള്‍പ്പെടെ മുപ്പതിലധികം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

ആശാ സുവര്‍ണയാണ് ഭാര്യ.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം